‘കാക്ക’യൊരുക്കിയ ലൂക്ക

കുപ്പയില്‍ നിന്നും മാണിക്യം എന്ന ഒരു പഴഞ്ചൊല്ലുണ്ട് അത് പ്രാവര്‍ത്തികമാക്കുകയാണ് അനീസ് നാടോടിയും സംഘവും. ഒരു കലാകാരന് എപ്പോഴും ഉണ്ടാവേണ്ടത് തന്റെ ചുറ്റുപാടുകളോടുള്ള പ്രതിബദ്ധതയാണ്. ഇത് വാക്കുകളില്‍ മാത്രമൊതുങ്ങാതെ തന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുമ്പോള്‍ അനീസിന്റെ സൃഷ്ടികള്‍ക്ക് കലാമൂല്യത്തിനൊപ്പം സാമൂഹ്യ മൂല്യവുമുണ്ടാവുന്നു. ഒന്നും വലിച്ചെറിയാനുള്ളതല്ലെന്നും ഒരല്‍പ്പം വേറിട്ട് ചിന്തിച്ചാല്‍ കലാവിരുത് പ്രകടിപ്പിക്കുന്നതിനൊപ്പം പുനരുപയോഗസാധ്യത കൂടെ കണ്ടെത്താനാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് കാക്കയുടെ പിറവി. അനീസ് നാടോടിയെയും ‘കാക്ക’ കൂട്ടത്തേയും പരിചയപ്പെടുത്താന്‍ ഇത്രയൊന്നും മുഖവുരയുടെ ആവശ്യമേയില്ല, ലൂക്ക എന്ന ഒരൊറ്റ സിനിമ ധാരാളം. ചവറില്‍ നിന്നും കലാരൂപങ്ങളുണ്ടാക്കുന്ന ടൊവിനൊ അവതരിപ്പിച്ച ലൂക്കയുടെ ആശയം തന്നെയാണ് അനീസ് നാടോടിയുടെ ‘കാക്ക’ ടീം ചിത്രത്തിന്റെ കലാസംവിധാന മികവിനായി ഉപയോഗിച്ചത്. അതാകട്ടെ കേവലം കലയ്ക്ക് വേണ്ടിയല്ല തങ്ങള്‍ പിന്തുടരുന്ന പാത കൂടെയാണ് ഈ രീതിയെന്ന് കാക്കയെന്ന പേര് കൊണ്ട് തന്നെ സംഘം വിളിച്ചു പറയുകയാണ്. എല്ലാവരും കുടുംബപേരും ജാതിവാലും കൂടെ കൂട്ടുമ്പോള്‍ നാടോടി എന്ന പേര് അനീസ് കൂടെ ചേര്‍ത്തതും ജേര്‍ണലിസം അധ്യാപകനെന്ന ജോലി ഉപേക്ഷിച്ച് കലാസംവിധാന മേഖലയിലെത്തിയതുമൊന്നും യാദൃശ്ചികതയല്ല, നിശ്ചയിച്ചുറപ്പിച്ച വഴികളാണ്. ക്യാമ്പസ് ജീവിതത്തിലെ ചെറിയ പ്രൊജക്ടുകളില്‍ നിന്ന് തുടങ്ങി ഇന്ന് വലിയ സിനിമകളില്‍ വരെ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് അനീസ് നാടോടിയും കാക്കയും. വരത്തന്‍, തമാശ, സുഡാനി ഫ്രം നൈജീരിയ, ലൂക്ക എന്നീ നാല് ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ച അനീസ് നാടോടി കാക്കയെ കുറിച്ചും തന്റെ കലാപ്രവര്‍ത്തനങ്ങളെ കുറിച്ചും സെല്ലുലോയ്ഡിനോട് തുറന്നു പറയുന്നു…

 • നാല് സിനിമകള്‍ ചെയ്‌തെങ്കിലും ലൂക്കയാണ് ഏറ്റവും കൂടുതല്‍ അനീസിനെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. എങ്ങനെയുണ്ട് പ്രതികരണങ്ങള്‍?

ഇപ്പോള്‍ പറഞ്ഞത് കറക്ട് തന്നെയാണ്. ലൂക്കയിലാണ് നമ്മള്‍ ഇത്രയും അധികം വര്‍ക്ക് ചെയ്തത്. ലൂക്കയില്‍ ആര്‍ട്ട് കുറച്ച് കൂടി ലൗഡാണ്. അത് പ്രത്യക്ഷമാണ്. കാരണം അതില്‍ ആര്‍ട്ട് തന്നെ ഒരു ക്യാരക്ടര്‍ ആണ്. ബാക്കിയെല്ലാ സിനിമകളിലും അതിന്റെ അന്തരീക്ഷമൊരുക്കുന്നതിനും വസ്ത്രാലങ്കാരത്തിനുമപ്പുറത്തേക്ക് അത് പോകുന്നില്ല. ലൂക്ക ഒരു ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് ആ സിനിമയില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനും ഒരുപാട് സാധ്യതകളുണ്ട്. മാത്രമല്ല ഇയാളൊരു സ്‌ക്രാപ് ആര്‍ട്ടിസ്റ്റാണ് എന്നതൊരു ചലഞ്ചായിരുന്നു. ആ രീതിയില്‍ ലൂക്ക ഒരു നല്ല അനുഭവമായിരുന്നു. ഒരു തുടക്കക്കാരന്‍ എന്ന നിലയ്ക്ക് ഞാന്‍ ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്തു. ഒരു ആര്‍ട്ടിസ്റ്റ് ഗ്രൂപ്പിന് അതില്‍ നിന്നും പഠിക്കാനും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

 • ഒരു കലാകാരന്റെ മനസ്സ് വായിച്ച് പോകുന്ന രീതിയിലാണ് ലൂക്ക ഒരുക്കിയിരിക്കുന്നത്. അപ്പോള്‍ ഇതിലെ സംവിധായകനുമായുള്ള ഇടപെടല്‍ എങ്ങനെയായിരുന്നു..?

കോസ്റ്റിയൂം ഡിസൈനര്‍ രമ്യ വഴിയാണ് ഈ സിനിമയിലേക്കെത്തുന്നത്. അതിലെ ടെക്‌നീഷ്യന്‍സിനെയൊക്കെ തീരുമാനിച്ചിരുന്നു. ഒരു മാസം മുന്നെയാണ് ആര്‍ട്ട് ടീം ആരാണെന്ന്് തീരുമാനിക്കുന്നത്. ആദ്യമേ ഉണ്ടായിരുന്ന ഒരു ടീം മറ്റെന്തൊക്കെയോ സാങ്കേതിക പ്രശ്‌നങ്ങളാല്‍ പോവുകയായിരുന്നു. അതായത് ഇതില്‍ ഏറ്റവും പ്രാധാന്യമുള്ള ടീം ഒരു മാസം മുന്നെയാണ് നിശ്ചയിക്കപ്പെടുന്നത്. പക്ഷെ സ്‌ക്രാപ് എന്ന ഒരു ഘടകത്തിലേക്ക് ആ സിനിമയും ആര്‍ട്ടിസ്റ്റും എത്തിയതോടെ സത്യത്തില്‍ അത് സുരക്ഷിതമാവുകയായിരുന്നു. കാരണം അത് ഞങ്ങള്‍ കുറേ കാലമായി ചെയ്തുകൊണ്ടിരിക്കുകയാണ്, പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഒരു പ്ലാറ്റ്‌ഫോം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. നമ്മള്‍ കൊടുത്ത ചിത്രങ്ങളും, കൂടാതെ ഒരു സ്‌ക്രാപ് ആര്‍ട്ടിസ്റ്റ് എന്താണ്, അയാളുടെ ഫിലോസഫി എങ്ങനെയാണ്, ഇതെല്ലാം സംസാരിച്ചപ്പോള്‍ അരുണ്‍ ബോസ്, നിമീഷ്, മൃഥുല്‍ എന്നിവര്‍ക്കെല്ലാം ബോദ്ധ്യപ്പെട്ടു. പിന്നെ അതുമായി മുന്നോട്ട് പോവുകയായിരുന്നു. എല്ലാ കാര്യത്തിനും അവര്‍ വളരെ നല്ല സപ്പോര്‍ട്ടാണ് തന്നത്. ഇതിലെ നായകന്‍ ഒരു സ്‌ക്രാപ്റ്റ് ആര്‍ട്ടിസ്റ്റാവുന്നതോടെ അയാളുടെ ആവാസവ്യവസ്ഥയിലുള്ള എല്ലാ സാധനങ്ങളും അതുമായി ബന്ധപ്പെട്ടതാകണം. അത് ഒരു മാര്‍ക്കറ്റില്‍ നിന്നോ, അല്ലെങ്കില്‍ അത്തരം അലങ്കാരങ്ങള്‍ വാടകക്ക് കൊടുക്കുന്ന കടകളിലോ പോയി വാങ്ങാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെയുള്ള ഒരു വഴി കൊച്ചിയിലുള്ള ആക്രി കടകളില്‍ പോയി അത് തെരഞ്ഞെടുക്കുകയോ, അവിടെ നിന്ന് കണ്ടെത്തുകയോ ചെയ്ത് അതിന്റെ ഒരു സാധ്യത മനസ്സിലാക്കി ഇതിലേയ്ക്കാവശ്യമായ രീതിയിലേക്ക് മാറ്റുക എന്നുള്ളതാണ്. സ്‌ക്രിപ്റ്റിലുണ്ടായാലേ പ്രവര്‍ത്തനങ്ങളും തീരുമാനിക്കാനും പറ്റുകയുള്ളു. അത് കൊണ്ട് ആ ഒരു ആഴ്ച ഒരു ചെറിയ നെട്ടോട്ടമായിരുന്നു.

 • സ്‌ക്രാപ് ആര്‍ട്ട് തന്നെയാണോ ‘കാക്ക’യുടെയും വിഷയം.. ?

കാക്ക എന്ന നമ്മുടെ ഒരു ഗ്രൂപ്പിന്റെ മോട്ടോ തന്നെ ട്രാഷ് ടു ട്രെഷര്‍(കുപ്പയില്‍ നിന്നും മാണിക്യം) എന്ന ഒരു സീരീസാണ്. ഒരു പരീക്ഷണമെന്ന രീതിയില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേഷനുമൊക്കെയായിട്ട് ബന്ധപ്പെട്ട് കോഴിക്കോട് അതിന്റെ ഒരു ഉദാഹരണമായി കാണിക്കാനുള്ള പ്രൊജക്ട് വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കലും ഒരു സ്‌ക്രാപ് ആര്‍ട്ടിസ്റ്റ് ഒരു വര്‍ക്ക് തീരുമാനിച്ചതിന് ശേഷം സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന ആളല്ല. അയാളുടെ ചുറ്റിനുമുള്ള വസ്തുക്കള്‍ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന് മനസ്സിലാക്കുമ്പോഴാണ് അവിടെ അതിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുന്നത്. ഉദാഹരണത്തിന് ഇതൊരു ബാത്ത് ടബ്ബാണ്( തൊട്ടു പിറകിലുള്ള സോഫയെ ചൂണ്ടിക്കാണിക്കുന്നു), ഇത് ഒരു മണ്‍വെട്ടിയാണ് ( ഇരിക്കുന്ന കസേരയുടെ പിന്‍ഭാഗം ചുണ്ടിക്കാട്ടിക്കൊണ്ട്). കാരണം ഈ വസ്തു ഒരു ബാത്ത് ടബ്ബാണെങ്കില്‍ സ്വാഭാവികമായും എല്ലാ മനുഷ്യന്‍മാരും ഇത് കുളിക്കാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളു. അത് ഉപയോഗം കഴിഞ്ഞാല്‍ അത് മൂലയിലാവുകയും ചെയ്യും. ഇത് കട്ട് ചെയ്യുന്നതോടെ ഇതൊരു മെറ്റീരിയലാണ്, ഇതിന് അതിന്റേതായുള്ള സാധ്യതകളുണ്ടെന്ന് മനസ്സിലാക്കിയാല്‍ അത് പിന്നെയും നമ്മള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കാം. അത് തന്നെയാണ് കാക്കയുടെ ഒരു ലക്ഷ്യവും. അപ്പോള്‍ സ്വാഭാവികമായിട്ടും നമുക്ക് ഒരുപാടൊന്നും പഠിക്കേണ്ടി വന്നിട്ടില്ല. പിന്നെ ഒരു നിലയ്ക്കും നമ്മള്‍ കോംപ്രെമൈസ് ചെയ്യാന്‍ തയ്യാറല്ലാത്തതുകൊണ്ട് നമ്മള്‍ വര്‍ക്ക് ചെയ്തു കൊണ്ടിരുന്ന കോഴിക്കോട്ടെ സ്റ്റുഡിയോ കൊച്ചിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. കയ്യിലുണ്ടായിരുന്ന ലെഥര്‍ മെറ്റീരിയലും ആവശ്യമായ വസ്തുക്കളും ചിത്രങ്ങളും അതിന്റെ ടൂള്‍സും വര്‍ക്കുകളും ഫര്‍ണിച്ചറുമടക്കം എല്ലാം ഷിഫ്റ്റ് ചെയ്തു. അത് ചെയ്യേണ്ടിയിരുന്നു. കാരണം ഇനി കല ഇത്ര പ്രത്യക്ഷമായ ഒരു വേദി ചിലപ്പോള്‍ സംഭവിക്കണമെന്നില്ല.

 • ലൂക്കയുടെ ആരംഭത്തില്‍ അഹാന ഒരു കലയെ നോക്കി ഇതൊക്കെ വെയ്സ്റ്റല്ലേ എന്ന് പറയുന്ന ഒരു രംഗമുണ്ട്. ഇതില്‍ അത്തരത്തിലുള്ള പ്രേക്ഷകന്റെ ഒരു കാഴ്ച്ചപ്പാടിന് കൂടി പ്രാധാന്യമുണ്ടല്ലോ.. അങ്ങനെയുള്ള രംഗങ്ങള്‍ കൊണ്ട് വന്നത് അനീസിന്റെ ചിന്തയാണോ..? എങ്ങനെയാണ് ലൂക്കയുമായി ആര്‍ട്ട് ബന്ധിപ്പിക്കുന്നത്..?

സ്‌ക്രിപ്റ്റിലുണ്ടായിരുന്നത് ബിനാലെ നടക്കുമ്പോള്‍ ലൂക്ക എന്ന കഥാപാത്രത്തിന്റെ ഒരു എക്‌സിബിഷന്‍ നടക്കുമ്പോള്‍ അങ്ങോട്ട് നായിക വരുന്നതാണ്. ഒട്ടും ഇമ്പ്രസീവല്ലാത്ത ഒരു ആര്‍ട്ട് വര്‍ക്ക് കണ്ടിട്ട് നായിക ‘ബ്ലഡി ബ്രില്ല്യന്റ്’ എന്ന് പറയുന്നു. അതിന്റെ ആശയം വേറൊരു ആങ്കിളിലേക്ക് മാറി നില്‍ക്കുമ്പോഴാണ് അവര്‍ക്കത് കിട്ടുന്നത്. ഇത് മാത്രമായിരുന്നു സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. അപ്പോള്‍ നമ്മള്‍ നിഴല്‍ വെച്ച് ചെയ്യാവുന്ന കുറച്ച് ചിത്രങ്ങള്‍ ആദ്യം പരീക്ഷിച്ച് നോക്കി. കാരണം അത് ഒരു സമയം കൃത്യമായി വെളിച്ചവും നിഴലും വന്നാല്‍ മാത്രമേ ആസ്വദിക്കാന്‍ പറ്റൂ. പക്ഷെ അവിടെ അത്ര സാധ്യമല്ലായിരുന്നു. അത് കൊണ്ട് ഞങ്ങള്‍ മൂന്ന് നാല് റഫറന്‍സുകള്‍ കാണിക്കുകയും ഈ ഫീനിക്‌സ് പക്ഷിയുടെ ആശയം അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. പിന്നീട് കാക്കയിലെ തന്നെ ആര്‍ട്ടിസ്റ്റ് ഫെജിന്‍, ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി. അത് കൊച്ചിയില്‍ വെച്ച് പിന്നീട് കുറച്ച്‌പേര്‍ ചേര്‍ന്ന് ഉണ്ടാക്കി. ഒരിക്കല്‍ സ്വന്തമായി വെച്ചിരുന്ന പ്രോപ്പര്‍ട്ടികള്‍, അത് ബെഡ്‌റൂമിലായാലും കിച്ചണിലായാലും നമ്മുടെ ദേഹത്തായാലും നമ്മള്‍ അത്രയും ഇഷ്ടത്തോട ഒരു കാലത്ത് കൊണ്ടു നടന്നിരുന്ന പ്രോപ്പര്‍ട്ടികളാണ് അതില്‍ ഫിക്‌സ് ചെയ്തത്. ആളുകള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. കാരണം പിന്നീട് നമ്മളത് പുറത്തേക്കെറിയുകയാണ് പതിവ്. കാരണം അത് പ്രോഡക്ട് മാത്രമാണ്. അതിന് നമ്മള്‍ ഒരു ഫീനിക്‌സിന്റെ റിസറക്ഷന്‍ നല്‍കുകയാണ് എന്നാണ് ആ ശില്‍പ്പത്തിന്റെ ആശയം. ഫെജിന്‍ തന്നെയാണ് അത് സ്‌കെച്ച് ചെയ്തത്. എന്നെ സംബന്ധിച്ച് ലൂക്കയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വര്‍ക്കും അത് തന്നെയാണ്.

 • ലൂക്കയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്തായിരുന്നു…?

ലൂക്കയുടെ വീട് സെറ്റ് ചെയ്യുന്നത് തൊട്ട് പല ചലഞ്ചസും ഉണ്ടായിരുന്നു. അത് പോലെ ലൂക്കയില്‍ അക്ബര്‍ എന്ന ഒരു പോലീസുകാരന്റെ പോര്‍ഷന്‍. അതിലുള്ള അയാളുടെ വീടും ഒരു എന്റയര്‍ സെറ്റാണ്. അത് കംപ്ലീറ്റ് നമ്മളൊരു വീടിന്റെ മച്ച് ഭാഗമെടുത്തിട്ട് മാറ്റിയെടുത്തതാണ്. പക്ഷെ അത് പൊതുവേ മലയാള സിനിമയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അതിന്റെ വലിയൊരു സംഭവമാണ് ബാഹുബലി അല്ലെങ്കില്‍ മാമാങ്കം. അതിന്റെ വലിപ്പത്തിലാണ് മാറ്റം വരുന്നതെന്ന് മാത്രം. പക്ഷെ ലൂക്കയിലെത്തുമ്പോള്‍ ഒന്നും മേടിക്കാന്‍ കിട്ടില്ല, വാടകയ്ക്ക് കിട്ടില്ല. എല്ലാം നമ്മളുണ്ടാക്കണം. അത് പോലെ തന്നെ ഈ പക്ഷിയുടെ ഇന്‍സ്റ്റലേഷനും വലിയൊരു ചാലഞ്ചായിരുന്നു. കാരണം അത് വലിയ സൈസില്‍ വേണമായിരുന്നു. നൈറ്റും ഡേയൊക്കെ ഷിഫ്റ്റ് വെച്ചാണത് ചെയ്തത്. രാവിലെ പിള്ളേരൊക്കെ പോയി സ്‌ക്രാപ് കളക്ട് ചെയ്യും. രാത്രി വേറെ ആള്‍ക്കാര്‍ വന്നിട്ട് അത് ഫിക്‌സ് ചെയ്യും. അങ്ങനെയാണ് അത് നടന്നത്. പിന്നെ ബിനാലെ, ഒമ്പത് ദിവസമാണ് ആ സെറ്റ് ഉണ്ടാക്കാന്‍ കിട്ടിയ സമയം. ആ മതില്‍ കെട്ടുന്നതടക്കം, ഒരു എഴുപത് എഴുപത്തഞ്ച് സെന്റ് സ്ഥലമുണ്ടായിരുന്നു. അത് മതില്‍ കെട്ടിയുയര്‍ത്തി, പെയ്ന്റ് ചെയ്തു. അതിന്റെ മുകളില്‍ ചിത്രം വരച്ചു. കാരണം കാലങ്ങളായിട്ട് കിടക്കുന്ന ഒരു മതിലാണല്ലോ. പിന്നീടതിന്റെ അകത്ത് ഞങ്ങള്‍ ഏകദേശം പന്ത്രണ്ടോളം ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു. ഇതിന്റെയൊരു പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ ഞങ്ങളുടെ നൂറ് ശതമാനം അധ്വാനത്തിന്റെ ഒരു ഇരുപത് ശതമാനം മാത്രമേ ഇതിന്റെ ഫ്രെയ്മില്‍ കാണുകയുള്ളു. അപ്പോള്‍ അത് ഫീല്‍ ചെയ്യുക എന്നുള്ളതാണ് അതിന്റെ ആശയം. കൃത്യമായ ഒരു തീം വെച്ചാണ് ഞങ്ങള്‍ ആ ബിനാലെ സ്‌പെയ്‌സ് മൊത്തം ചെയ്തത്. ചെയ്തതില്‍ ഒരു കോ ഇന്‍സിഡന്‍സ് എന്ന് പറയുന്നത്, ഇതെല്ലാം പ്രളയത്തില്‍ നിന്ന് വന്ന സ്‌ക്രാപ്പുകളായിരുന്നു. വെള്ളപ്പൊക്കം കഴിയുകയും ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്ത സമയത്ത് മാറ്റേണ്ടി വന്ന വസ്തുക്കളായിരുന്നു കൊച്ചിയിലെ എല്ലാ ആക്രി കടകളിലേക്കുമെത്തിയത്. അതാണ് ഞങ്ങളെടുത്ത് ഈ വര്‍ക്കിന് വേണ്ടി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ലൂക്ക എന്ന സിനിമയിലെ സാധനങ്ങള്‍ വാങ്ങാന്‍പോലും അത്ര പൈസയായിട്ടില്ല.

 • ഏതൊരു സംഭവമായാലും കുറച്ച് ഗൗരവമായി കണ്ടില്ലെങ്കില്‍ ചിലപ്പോള്‍ അത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ചിലര്‍ ഈ കക്ഷിയെന്താണ് ചെയ്യുന്നതെന്ന് വിചാരിക്കുമല്ലോ.. അങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടോ..?

തോന്നുന്നുണ്ട്. കാരണം എല്ലാവര്‍ക്കും അവരുടേതായ ഒരു കലയുണ്ട്. പലരുടേയും സൗന്ദര്യാത്മക ബോധം വേറെയാണല്ലോ. അത് കൊണ്ട് തന്നെ ഇതായിരിക്കണം കല എന്ന് പറയാന്‍ നമുക്ക് പറ്റില്ലല്ലോ. ശരിക്കും അതിലാണല്ലോ നമ്മള്‍ വിശ്വസിച്ച് കൊണ്ടിരിക്കുന്നത്. പക്ഷെ എനിക്ക് തോന്നുന്നു നമ്മള്‍ ഒരു വര്‍ക്ക് ചെയ്യുന്നതോടു കൂടി നമ്മുടെ പണി കഴിഞ്ഞു. പിന്നെ ആളുകളുടെ കയ്യിലാണ്. അവരെ അതിനെ വ്യാഖ്യാനിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അത് ചിലപ്പോള്‍ സംഭവിക്കുന്നതായിരിക്കും. ആളുകള്‍ കണ്ട് ശീലിക്കാത്തതിന്റെ പ്രശ്‌നങ്ങളാണ്. ലൂക്കയില്‍ പറയുന്നത്‌പോലെ കണ്ട് ശീലിച്ച് കഴിഞ്ഞാല്‍ അത് ശരിയാവും (ചിരിക്കുന്നു).

 • എങ്ങനെയാണ് കലാസംവിധാനത്തിലേക്കെത്തുന്നത്…?

ഞാന്‍ ചെയ്തത് ജേര്‍ണലിസമാണ്. പിന്നീട് ഒരു ഒന്നര രണ്ടുകൊല്ലത്തോളം അധ്യാപകനായിട്ട് വര്‍ക്ക് ചെയ്തു. പിന്നീട് മുഹ്‌സിന്‍ പെരാരിയുടെ ഫ്യൂണറല്‍ ഓഫ് എ നേറ്റിവ് സണ്‍ എന്ന ഒരു പാട്ടിന്റെ ആര്‍ട്ട് വര്‍ക്ക് ഞങ്ങള്‍ ചെയ്തു. അങ്ങനെയാണ് ഇത് കൂടുതലായിട്ട് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുന്നത്. പിജി സമയത്ത് പ്രൊജക്ട് ഫിലിമിന്റെയും നാടകങ്ങളുടെയുമൊക്കെ സെറ്റ് ഡ്രസ്സിങ്ങ്, ആംബിയന്‍സ്, മൂഡ് ബോര്‍ഡ് എല്ലാം ഉണ്ടാക്കുമായിരുന്നു. അങ്ങനെ ഒരു തുടക്കം കിട്ടിയിട്ടുണ്ട്. നമ്മള്‍ ഒരു സ്ഥാപനത്തില്‍ പോയി പഠിക്കാത്തതിന്റെ ചില കുഴപ്പങ്ങളൊക്കെയുണ്ടായിരുന്നു. മുഹ്‌സിന്‍ പരാരിയുടെ റെക്കമെന്റില്‍ എനിക്ക് മോഹന്‍ ദാസ് മണ്ണാറക്കാടിന്റെ കൂടെ ഒരു മൂന്ന് പടം വര്‍ക്ക് ചെയ്യാന്‍ പറ്റി. ടിയാന്‍, ആദം ജോണ്‍ തുടങ്ങിയ സിനിമകള്‍. അതാണെന്റെ എക്‌സ്പീരിയന്‍സ് അതില്‍ നിന്നാണ് ഇങ്ങോട്ടേക്ക് വരുന്നത്. കോഴിക്കോട്ടെ സര്‍ക്കിളില്‍ നിന്ന് തന്നെയാണ് ഇങ്ങോട്ടേക്കെത്തുന്നത്.

 • എങ്ങനെയുണ്ടായിരുന്നു സുഡാനി എന്ന അവാര്‍ഡ് വിന്നര്‍ ചിത്രത്തിന്റെ ഒരു എക്‌സ്പീരിയന്‍സ്..?

സുഡാനി ചെയ്യുന്ന സമയത്ത് സക്കറിയ എന്നോട് ആവശ്യപ്പെട്ടത് ഒരു പ്രൊഡക്ഷന്‍ ഡിസൈനിങ്ങ് രീതിയില്‍ ഇത് അവതരിപ്പിക്കണം. എന്നാല്‍ വളരെ പ്രത്യക്ഷമായ വര്‍ക്കുകളൊന്നും സുഡാനിയിലില്ലതാനും. അപ്പോള്‍ അങ്ങനെയുള്ള ഒരു വീട് കണ്ടെത്തുക എന്നുള്ളതായിരുന്നു ആദ്യത്തെ വെല്ലുവിളി. ഒരു മാസത്തോളം ഞങ്ങള്‍ വീട് തിരഞ്ഞ് നടന്നിട്ടുണ്ട്. അവസാനം ഞങ്ങളെല്ലാവരും പഠിക്കുന്ന സമയത്ത് താമസിച്ച സക്കറിയ അടക്കം താമസിച്ച ഒരു വീട് തന്നെയാണ് ഷൂട്ടിങ്ങിനെടുത്തത്. അപ്പോള്‍ അതില്‍ ഒരു ടെറസ് വീടുണ്ട്, ഒരു തറവാട് വീടുണ്ട്, രണ്ടിനും ഒരു വഴിയേ ഉള്ളു. ഒരു ഗെയ്‌റ്റേയുള്ളു. കഥയില്‍ പക്ഷെ രണ്ടും രണ്ട് വീടാണ്. അപ്പോള്‍ തോന്നി അത് ഓക്കെയാണെന്ന്. കഥയ്ക്ക് കുറച്ച് കൂടി ശക്തമായ അടിസ്ഥാനം കിട്ടും. കാരണം ഒരു ഗെയ്റ്റും ഒരു വഴിയുമുള്ള രണ്ട് വീടുകള്‍. കുടുംബക്കാര്‍പോലുമല്ല. അത് സ്വാഭാവികമായും കാണിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇത്രയും മതിലുകളുള്ള സമയത്ത് (ചിരിക്കുന്നു). പിന്നെ ഗള്‍ഫ് ജീവിതത്തിന്റെ ഒരു സാന്നിധ്യം, ഇയാളുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ ഒരു സാന്നിധ്യം, പിന്നെ അയാള്‍ വിദേശ കളിക്കാരെ കൊണ്ടുവരുന്നു, ട്രാവല്‍സുമായി ബന്ധപ്പെട്ടിരിക്കുന്നു ഇതെല്ലാം കൊണ്ടു വരണം. സുഡാനിയില്‍ ഞങ്ങള്‍ ഒരു രണ്ട് മാസത്തോളം പണിയെടുത്തിട്ടുണ്ട്. കാരണം അത്രയും ചെറുതാണ് അലങ്കാരങ്ങള്‍. അതുകൊണ്ട് തന്നെ അത്രയും പ്രശ്‌നങ്ങളായിരുന്നു. സുഡാനിയില്‍ ഇപയോഗിക്കുന്ന ഒരു വസ്തു എടുത്ത് നില്‍ക്കാനും പാടില്ല. അത് വളരെ ഒതുങ്ങിയിരിക്കും. ഇയാളുടെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനുള്ള പുസ്തകം, ട്രാവല്‍സിന്റെ കലണ്ടര്‍, അവരുടെ വിസിറ്റിങ്ങ് കാര്‍ഡ്‌സ്, ക്ലബ്ബിന്റെ വസ്തുക്കള്‍, അയല്‍ക്കാരായ ഗള്‍ഫുകാര്‍ കൊണ്ടുവരുന്ന കാര്യങ്ങള്‍, എമര്‍ജന്‍സി ലാമ്പ്, ടൈഗര്‍ ബാം പോലുള്ള സാധനങ്ങള്‍. അത്തരം സാധ്യതകള്‍ അതിലുണ്ടായിരുന്നു.

 • വരത്തന്റെ എക്‌സ്പീരിയന്‍സ്…?

വരത്തന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് ആകെ മൂന്ന് സിനിമയുടെ എക്‌സ്പീരിയന്‍സ് മാത്രമെ ഉള്ളു. പക്ഷെ വരത്തനില്‍ അത്രയും നല്ല ഒരു ടീം ഉള്ളത് കൊണ്ട് ഒരു ധൈര്യവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന്റെ ഒരു എക്‌സൈറ്റ്‌മെന്റുമൊക്കെയുണ്ടായിരുന്നു. വരത്തന്‍ പക്ഷെ ഞങ്ങള്‍ക്ക് കിട്ടിയത് ഷൂട്ട് തുടങ്ങുന്നതിന്റെ ഒമ്പത് ദിവസം മുന്നേയാണ്. അത് രണ്ട് ടീമായിട്ടാണ് വര്‍ക്ക് ചെയ്തത്. വാഗമണ്ണില്‍ ഒരു ടീം, കൊച്ചിയില്‍ പര്‍ച്ചെയ്‌സ് ചെയ്യാനൊരു ടീം. ആ സമയത്ത് അജിന്‍ ചാലിശ്ശേരിയുടെ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് നല്ല രീതിയില്‍ കിട്ടിയിരുന്നു. എനിക്ക് തോന്നുന്നു അത്തരത്തില്‍ പര്യവേഷണം ചെയ്ത ആദ്യ ചിത്രമായിരുന്നു വരത്തന്‍. ഒരു സായിപ്പിന്റെ ബംഗ്ലാവ് അപ്പാപ്പന്‍ മേടിക്കുന്നു. അത് ഇവരുടെ കാലഘട്ടത്തിലെത്തുന്നു. അപ്പോള്‍ വീടിനും ഒരു ക്യാരക്ടര്‍ റോളുണ്ട്. അപ്പാപ്പന്റെ മുറിക്കൊരു ക്യാരക്ടറുണ്ട്. സായിപ്പിനെ അതില്‍ മെന്‍ഷന്‍ ചെയ്തിട്ടില്ലെങ്കില്‍ പോലും സായിപ്പിന്റെ ലൈഫിനെ അതില്‍ കാണിക്കണം. കാലഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ച് ചുവരിലുമൊക്കെ വരുന്ന ചെറിയ ഡീറ്റെയ്ല്‍സൊക്കെ കൂടുതല്‍ കണ്ടെത്തുക എന്നുള്ളതാണ് ആര്‍ട്ട് ഡയറക്ഷനില്‍ നിന്ന് നമ്മള്‍ക്ക് കിട്ടുന്ന ഉന്മാദം.

 • പെയിന്റിങ്ങ് ഒരു പ്രൊട്ടെസ്റ്റായി ലൂക്കയില്‍ മാറുന്നുണ്ട്… ഇത്തരമൊരു തോട്ട് സ്‌ക്രിപ്റ്റിലുണ്ടായിരുന്നതാണോ..? ഡയറക്ടറുടെ ആലോചനയായിരുന്നോ?

ഡയറക്ടറുടെ ചിന്തയില്‍ ഒരു ഗ്രാഫിറ്റി വേണമെന്നായിരുന്നു. ഗ്രാഫിറ്റി എന്ന് പറഞ്ഞാല്‍ എഴുത്ത് കൊണ്ട് പെയിന്റിങ്ങ് ചെയ്യണമെന്നായിരുന്നു. അതില്‍ നമ്മള്‍ ഉപയോഗിച്ച ചിന്തകള്‍, നമ്മള്‍ സ്റ്റുഡിയോയിലൊക്കെ വെറുതെ എഴുതിവച്ചിരുന്ന വാക്കുകളാണ്. എക്‌സിസ്റ്റന്‍സ് ഈസ് റെസിസ്റ്റന്‍സ് എന്നിവയൊക്കെ. അത് സത്യത്തില്‍ പലസ്ഥീനില്‍ അപ്പാര്‍തീഡ് ഭിത്തിയുടെ മുകളില്‍ ബാല്‍സി എഴുതിയ വാചകമാണ്. ഇങ്ങനെ പല ഭാഗങ്ങളില്‍ നിന്നാണ് അതിന്റെ റെഫറന്‍സ് എടുത്തിട്ടുള്ളത്. കോളനിക്കാരുടെ ഫോട്ടോ വരച്ചാല്‍ മതിയെന്നുള്ള ഐഡിയ കൊടുത്തത് അരുണ്‍ ബോസ് തന്നെയാണ്. അതുപോലെ എക്‌സിബിഷനിലുള്ള ഒരു ആള്‍ ദൈവത്തിന്റെ ആര്‍ട്ടുണ്ടായിരുന്നു. അത് ചെയ്തത് ശശി നെയ്മൂരിയാണ്. ഇതില്‍ ഉറുമ്പുണ്ടാക്കിയത് ശശിയേട്ടനാണ്, ലൂക്കയുടെ ചുമരിന്റെ മുകളിലുള്ള പല കോറലുകളും അദ്ദേഹമാണ് ചെയ്തത്. ശശിയേട്ടനായിരുന്നു ഞങ്ങളുടെ കൂടെയുള്ള ഒരു മാന്ത്രിക വടി. കോട്ടയത്താണ് മൂപ്പരുടെ വീട്. പുള്ളിയാണ് ഇതിന്റെ ഒരു പവര്‍.

 • ഇനിയെന്താണ് പുതിയ പരിപാടികള്‍…?

കാക്കയുടെ പദ്ധതികളാണെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ ട്രാഷ് ടു ട്രെഷര്‍ സീരീസ് ഒരു പ്രൊജക്ടായി തന്നെ ചെയ്യാനാണ് പരിപാടി. ഡിസ്ട്രിക്ട് ഗവണ്‍മെന്റുമായി സഹകരിച്ച് ഒപ്പം കൊണ്ടുപോകണമെന്നുണ്ട്. സിനിമ എന്ന് പറയുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ ഒരു സിനിമ വരുന്നുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും വരുന്ന ഒരു സിനിമയുണ്ട്. ഒരു നാലഞ്ച് സിനിമക്ക് കാക്ക കമ്മിറ്റ് ചെയ്തിട്ടുണ്ട്, ഹാപ്പിയാണ്. കാരണം പലപ്പോഴും ഞങ്ങള്‍ ആര്‍ട്ട് ഡയറക്ഷനെക്കുറിച്ചൊക്കെ പഠിച്ച് തുടങ്ങിയപ്പോള്‍ നമ്മള്‍ ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇത് മെന്‍ഷന്‍ ചെയ്യപ്പെടുന്നില്ല എന്ന്. മാമാങ്കം പോലുള്ള സിനിമകളാണെങ്കിലും ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച് വരുന്നവരെക്കുറിച്ച് മെന്‍ഷന്‍ ചെയ്യപ്പെടുന്നുണ്ട്. മാമാങ്കത്തിന്റെ ആര്‍ട്ട് ഡയറക്ടറാണ് നമ്മുടെ ആശാന്‍. മോഹന്‍ദാസ് മണ്ണാറക്കാട്. അപ്പോള്‍ അങ്ങനെ കലാസംവിധായകരുടെ പേരെടുത്ത് പറയുന്നതില്‍ സന്തോഷം. അത് ഒരുപാട് പ്രചോദനം നല്‍കുന്നുണ്ട്.

 • എന്താണ് ഈ പ്രൊജക്ട് കൊണ്ട് കാക്ക ഉദ്ദേശിക്കുന്നത്…?

നിലവില്‍ ഞങ്ങളിത് ചെയ്യുന്ന രീതിയനുസരിച്ച് കലയ്ക്ക് വേണ്ടി മാത്രം കല എന്നുള്ള രീതി വിട്ട് കുറച്ചുകൂടി ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന, ഉപയോഗപ്രദമായാണ് ഈ പ്രൊജക്ട് നടത്തുന്നത്. അത്തരത്തില്‍ ഒരുപാട് വസ്തുക്കള്‍ പല സ്ഥലങ്ങളിലായി കിടക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലായാലും റെയില്‍വേ സ്‌റ്റേഷനിലുമൊക്കെയായി അവിടെയുള്ള ഉപേക്ഷിച്ച പഴയ വണ്ടികളിലൊക്കെ സീറ്റുകളുണ്ട്. അതൊക്കെ നശിച്ചു കൊണ്ടിരിക്കുകയാണ്. അതൊക്കെ പൊതു ഇടങ്ങളില്‍ തന്നെ സീറ്റുകളായി മാറ്റിയെടുക്കാന്‍ കഴിയും. അപ്പോള്‍ എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് വെയ്റ്റ് ചെയ്യുന്നതെന്ന്. വളരെ സിംപിളാണ്. എല്ലാത്തിനും ഒരു ഏകതാ സ്വഭാവം വേണമെന്ന് നമ്മള്‍ വാശി പിടിക്കുമ്പോഴാണ് പ്രശ്‌നം. നമ്മുടെ ചുറ്റുമുള്ള നമ്മള്‍ തന്നെ നിര്‍മ്മിച്ച വസ്തുക്കളുണ്ട്. അത് കൃത്യമായി ട്രാഷ് ടു ട്രെഷര്‍ എന്ന് മാറ്റിയെടുക്കുക എന്നുള്ളതാണ് ഉദ്ദേശം. (പുഞ്ചിരിക്കുന്നു) അത് ആളുകള്‍ക്ക് കാണിച്ച് കൊടുക്കേണ്ടതുണ്ട്.

 • കാക്ക എന്ന പേരിന് പിന്നില്‍… ?

കാക്ക സത്യത്തില്‍ കാക്ക തന്നെയാണ്. കാക്ക വളരെ ഒരു സാധാരണ ജീവിയാണ്. കാക്ക അതിന്റെ ചുറ്റുപാടുകളെക്കുറിച്ച് വളരെ ശ്രദ്ധാലുവാണ്. കാക്കയാണ് സത്യത്തില്‍ പ്രകൃതിയിലെ ഉപചക്രം എന്ന പ്രക്രിയ നിര്‍വഹിക്കുന്നത്. പിന്നെ മലപ്പുറം കാക്ക എന്ന് പറയുമ്പോള്‍ നമ്മള്‍ ആലോചിക്കുന്ന ആ ബെല്‍റ്റ് ഞങ്ങള്‍ ലോഗോയില്‍ വെച്ചിട്ടുണ്ട്. നിലവില്‍ നമ്മുടെ കമ്പനിയില്‍ പാര്‍ട്‌നേഴ്‌സായിട്ടുള്ളത് ആറ് പേരാണ്. കാക്ക എന്ന് പറയുന്നത് നാല്‍പ്പത്തഞ്ചോളം കലാകാരന്മാര്‍ അടങ്ങിയ ഒരു ഗ്രൂപ്പാണ്. ഇതില്‍ ബാംഗ്ലൂരില്‍ നിന്നും മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നുമൊക്കെയുള്ള ആളുകള്‍ ഇതിലുണ്ട്. പല രീതിയില്‍ കലയെ അന്വേഷിക്കുന്നവരാണ്. മള്‍ട്ടിമീഡിയം ആര്‍ട്ട്, മിക്‌സഡ് മീഡിയം ആര്‍ട്ട്, അള്‍ട്ടേര്‍ഡ് ആര്‍ട്ട്, ഡെക്കോ പെയ്ജ്, എന്നിങ്ങനെ പല രീതികളില്‍ അതില്‍ സഞ്ചരിക്കുന്ന മനുഷ്യന്മാരുണ്ട്. അതിലൊരുവിധം എല്ലാവരെയും ലൂക്കയില്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

 • ഈ കലാ രംഗത്തേക്ക് വരുന്ന ആര്‍ട്ടിസ്റ്റുകളോട് എന്താണ് പറയാനുള്ളത്….?

ഞാന്‍ പറഞ്ഞല്ലോ മനുഷ്യന്‍മാരെല്ലാം വളരെ പ്രത്യേക കഴിവുകളുള്ളവരാണ്. എല്ലാവര്‍ക്കും അതുണ്ട്. അത് തേടുക. അത് തിരിച്ചറിയുക. അതാണ് നമുക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ നീതിയും. അതിനപ്പുറത്തേക്ക് എനിക്ക് ഒന്നും പറയാനില്ല… (പുഞ്ചിരിക്കുന്നു)