ഫാന്‍സി നമ്പര്‍ വേണ്ട, തുക ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ തീരുമാനിച്ച് പൃഥ്വിരാജ്

താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിന്ന് പിന്മാറി നടന്‍ പൃഥ്വിരാജ്. ഫാന്‍സി നമ്പര്‍ വേണ്ടന്നുവച്ച് ആ തുക കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കാനുള്ള തീരുമാനത്തിലാണ് താരം.

കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം തുക ചെലവഴിച്ചാണ് പൃഥ്വിരാജ് റേഞ്ച് റോവര്‍ വാങ്ങിയത്. റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജ് പേര് നല്‍കുകയും ചെയ്തിരുന്നു. ‘KL 07 CS 7777’ എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തിലേക്കാണ് പൃഥ്വിരാജ് പേര് നല്‍കിയത്. എറണാകുളം ആര്‍ടിഒ ഓഫീസിലാണ് ലേലത്തില്‍ പങ്കെടുക്കാന്‍ നടന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ നിന്ന് താരം പിന്മാറി. നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് ആര്‍ടിഒ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക പ്രളയദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.

റേഞ്ച് റോവറിന് മുന്‍പ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ആറു ലക്ഷം രൂപ മുടക്കിയാണ് പൃഥിരാജ് സ്വന്തമാക്കിയത്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവര്‍. നേരത്തെ പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയപ്പോള്‍ അതും വലിയ വാര്‍ത്തയായിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ് ഇപ്പോള്‍ പൃഥ്വിരാജ്. കൊച്ചിയിലെ സന്നദ്ധ സംഘടനയായ ‘അന്‍പോട് കൊച്ചി’ക്കു വേണ്ടി ഒരു ലോഡ് അവശ്യസാധനങ്ങള്‍ പൃഥ്വിരാജ് നല്‍കിയിരുന്നു.