ഗണപതിയുടെ വിഗ്രഹത്തിനരികില്‍ കുരിശ്; മാധവനെതിരെ വിമര്‍ശനം, കിടിലന്‍ മറുപടി നല്‍കി താരവും

നടന്‍ മാധവന്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ കുടുംബ ചിത്രം പങ്കുവെച്ചിരുന്നു. തന്റെ അച്ഛന്‍, മകന്‍ എന്നിവരോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് മാധവന്‍ പോസ്റ്റ് ചെയ്തത്. വീട്ടിലെ പുജാമുറിയില്‍ ഇരിക്കുന്ന ചിത്രത്തില്‍ പുറകില്‍ ഗണപതിയുടെ വിഗ്രഹത്തിനു അരികിലിരിക്കുന്ന ഒരു കുരിശിലേക്കാണ് ഒരുകൂട്ടം ആളുകള്‍ ശ്രദ്ധ പതിപ്പിച്ചത്.

‘ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദു ദൈവങ്ങള്‍ ഉണ്ടാവാറുണ്ടോ? ഇന്ന് നിങ്ങള്‍ ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്,’ എന്നെല്ലാമായിരുന്നു വിമര്‍ശനം.

അതിനു ചുട്ട മറുപടിയുമായി താരവുമെത്തി. ‘നിങ്ങളെപ്പോലുള്ള ആളുകള്‍ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമേയല്ല. നിങ്ങള്‍ക്ക് വേഗം സുഖപ്പെടട്ടെ. നിങ്ങളുടെ അസുഖത്തിന്റെ തിമിരം കൊണ്ടാവാം, അവിടെ (പൂജാ മുറിയില്‍) ഉള്ള സുവര്‍ണ്ണ ക്ഷേത്രത്തിന്റെ പടം നിങ്ങള്‍ കാണാതെ പോയതും ഞാന്‍ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും, തനിക്കു ദര്‍ഗ്ഗകളില്‍ നിന്നും, ലോകത്തെ എല്ലാ പുണ്യസ്ഥലങ്ങളില്‍ നിന്നും അനുഗ്രഹം ലഭിച്ചിട്ടുണ്ട്. എന്റെ വീട്ടില്‍ എല്ലാ ജാതിമതക്കാരും ഉണ്ട്. ഞങ്ങള്‍ പൊതുവായ ഒരിടത്തു നിന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും കുഞ്ഞുനാള്‍ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതേ പോലെ തന്നെ എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കാനും’ എന്ന് മാധവന്‍ പറഞ്ഞു.