
നടി റാഷി ഖന്നയുടെ കാരവാനിൽ നിന്നും 50,000 രൂപ മോഷ്ടിച്ച് ജീവനക്കാരൻ. ജീവനക്കാരനെ ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് പിടികൂടിയത്. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
‘സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായത്. സുരക്ഷാ ജീവനക്കാർ ചേർന്ന് അയാളെ കാര്യമായി തല്ലി, ലൊക്കേഷനിൽനിന്ന് പുറത്താക്കി. ഇത്തരം സംഭവങ്ങൾ സിനിമാ മേഖലയ്ക്കുതന്നെ നാണക്കേടാണ്’, സെറ്റിലുണ്ടായിരുന്നവരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, നടിയുടെ ബാഗിൽനിന്നാണ് പണം മോഷ്‌ടിച്ചതെന്ന വാർത്ത അവരുടെ ടീം നിഷേധിച്ചു. റാഷി ഖന്നയുടെ മാനേജരുടെ ബാഗിൽനിന്നാണ് തുക മോഷണം പോയതെന്നും അവർ വിശദീകരിച്ചു. സംഭവത്തോട് പ്രതികരിക്കാൻ റാഷി ഖന്ന ഇതുവരെ തയ്യാറായിട്ടില്ല.
തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രമേഖലയിലെ തിരക്കുള്ള നടിയാണ് റാഷി ഖന്ന. മലയാളത്തിൽ മോഹൻലാലിൻ്റെ ‘വില്ലൻ’, പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഭ്രമം’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഉസ്‌താദ് ഭഗത് സിങ്’ ആണ് ഒടുവിലിറങ്ങിയ ചിത്രം നാലോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.