“രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നു”; ബോബി കുര്യനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

','

' ); } ?>

സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ ചോദ്യം ചെയ്‌തു. രഞ്ജിത്തിനൊപ്പം കാറിൽ ഉണ്ടായിരുന്ന സഹസംവിധായിക ശാലിനിയെ അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. രഞ്ജിത്തിന്റെ കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബോബി കുര്യൻ മൊഴി നൽകിയതായാണ് വിവരം.

ഇതിനു പുറമേ, ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന നിരവധി പേരെയും അന്വേഷകസംഘം ചോദ്യം ചെയ്‌തു. സിനിമാ ലൊക്കേഷനിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

ജാമ്യം ലഭിച്ചതിനെത്തുടർന്ന് രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു. ജയിൽ മോചിതനായ രഞ്ജിത്ത് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, താൻ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് രഞ്ജിത്ത് കോടതിയിൽ വാദിച്ചത്. സിനിമയിലെ മറ്റ് ആളുകൾ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും രഞ്ജിത്ത് കോടതിയിൽ വാദിച്ചു.

കർശന ഉപാധികളോടെയായിരുന്നു സംവിധായകന് ജാമ്യം അനുവദിച്ചത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത പരിഗണിച്ച് സംഭവം നടന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പോകുന്നതിന് വിലക്കേർപ്പെടുത്തി. എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധിയുണ്ട്.