അമ്മയുടെ ഭരണഘടന ഭേദഗതി ; എതിര്‍പ്പ് പ്രകടിപ്പിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി

','

' ); } ?>

അമ്മയുടെ 25ാം ജനറല്‍ ബോഡി യോഗത്തിനിടെ ഭരണഘടനാ ഭേദഗതിയിലുള്ള എതിര്‍പ്പ് വ്യക്തമാക്കി ഡബ്ല്യുസിസി അംഗങ്ങള്‍ ഇറങ്ങിപ്പോയി. നടിമാരായ രേവതിയും പാര്‍വതിയുമാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. നിലപാട് അമ്മയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു. കണ്ണില്‍ പൊടിയിടാനുള്ള ഭേദഗതികളാണ് ‘അമ്മ’ എക്‌സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നതെന്നും ഡബ്ല്യുസിസി പറയുന്നു.

അമ്മയുടെ ഭരണഘടന ഭേദഗതിയുടെ കരട് തയ്യാറാക്കിയത് ചര്‍ച്ചകളില്ലാതെയാണ്. ഇതില്‍ കണക്കിലെടുത്തിരിക്കുന്നത് എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ താല്‍പ്പര്യം മാത്രമാണ്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ഭരണഘടന ഭേദഗതിയില്‍ നടപടിയൊന്നും ഉള്‍പ്പെട്ടിട്ടില്ല. മാത്രമല്ല സംഘടനയുടെ ഉപസമിതികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടില്ലെന്നും ഡബ്ലുസിസി അംഗങ്ങള്‍ അറിയിച്ചു. ഭരണഘടന ഭേദഗതിയിലുള്ള കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണം. ഓരോ അഭിനേതാവിന്റേയും തൊഴില്‍ സുരക്ഷ ഉറപ്പാക്കും വിധം കരടില്‍ മാറ്റം വരുത്തണം. ഡബ്ലുസിസിയുടെ അടിസ്ഥാന ഉദ്ദേശങ്ങളെകുറിച്ച് ഈ ഭേദഗതി നിശ്ശബ്ദത പാലിക്കുന്നു എന്നും ഇവര്‍ പറയുന്നു.

അമ്മയുടെ 25ാം ജനറല്‍ ബോഡി യോഗമാണ് കൊച്ചിയില്‍ നടന്നത്. നിരവധി സിനിമാ താരങ്ങളാണ് എത്തിയിരുന്നത്. ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നിര്‍വാഹകസമിതി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.