വിശ്വാസം നഷ്ടപ്പെട്ടു, അതുകൊണ്ട് സിനിമയിലേക്ക് ഇനിയില്ല-ദംഗല്‍ നായിക സൈറ വസീം

ദംഗല്‍ എന്ന ചിത്രത്തിലെ ആമീര്‍ ഖാനോടൊപ്പമുള്ള മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് കശ്മീരി സ്വദേശിയായ സൈറ വസീം. ചിത്രത്തിലെ അഭിനയമികവിലൂടെ താരം ദേശീയ പുരസ്‌ക്കാരത്തിനും അര്‍ഹയായിരുന്നു. എന്നാല്‍ തന്റെ അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന വെളിപ്പെടുത്തലുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ ഫേസ്ബുക്കില്‍ കുറിച്ചു.

”അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ഒരു തീരുമാനമെടുത്തു, അത് എന്റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ചു. ബോളിവുഡില്‍ ഞാന്‍ കാലെടുത്തുവച്ചപ്പോള്‍ അത് എനിക്ക് വലിയ ജനപ്രീതിയുടെ വാതിലുകള്‍ തുറന്നു. ഇന്ന് ഞാന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഈ വ്യക്തിത്വത്തില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടയല്ലെന്ന് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി. വളരെക്കാലമായി ഞാന്‍ മറ്റൊരാളാകാന്‍ പാടുപെടുകയാണെന്ന് തോന്നുന്നു. ഈ മേഖല എനിക്ക് സ്‌നേഹവും പിന്തുണയും കൈയ്യടിയും കൊണ്ടുവന്നു, പക്ഷേ ഇത് എന്നെ അജ്ഞതയുടെ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഞാന്‍ ഈമാനില്‍ (വിശ്വാസം) നിന്ന് അകന്നു. എന്റെ ഈമാന്‍ നഷ്ടപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമ്പോള്‍ മതവുമായുള്ള ബന്ധത്തിന് അത് ഭീഷണിയായി. ഞാന്‍ ചെയ്യുന്നത് കുഴപ്പമില്ലെന്നും എന്നെ ശരിക്കും ബാധിക്കുന്നില്ലെന്നും സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ ജീവിതത്തില്‍ നിന്ന് എല്ലാ ബറക്കത്തുകളും (അനുഗ്രഹങ്ങള്‍) എനിക്ക് നഷ്ടപ്പെട്ടു.

ഇമാനില്‍ സ്ഥിരതയുണ്ടാക്കാന്‍ ഞാന്‍ നിരന്തരം എന്റെ ആത്മാവുമായി പോരാടുകയായിരുന്നു. ഒരു തവണയല്ല, നൂറു തവണ ഞാന്‍ ദയനീയമായി പരാജയപ്പെട്ടു. എന്റെ സമാധാനത്തിനും ഇമാനിനും അല്ലാഹുവുമായുള്ള എന്റെ ബന്ധത്തിനും കേടുവരുത്തിയ പരിസ്ഥിതിക്ക് വഴങ്ങുന്നത് എല്ലായ്‌പ്പോഴും വളരെ എളുപ്പമായിരുന്നു. എന്റെ ബലഹീനതയെ നേരിടാന്‍ ഞാന്‍ ഒടുവില്‍ തീരുമാനിച്ചു. ഖുര്‍ആനിന്റെ മഹത്തായതും ദിവ്യവുമായ ജ്ഞാനത്തില്‍ ഞാന്‍ സമാധാനം കണ്ടെത്തി- സൈറ ഫേസ്ബുക്കില്‍ കുറിച്ചു.”

കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനം സൈറക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്‍ഹാന്‍ അക്തറും, പ്രിയങ്കാ ചോപ്രയും സൈറയോടൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് സൈറ അഭിനയജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്.