
വിവാഹമോചിതയാകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നടി മൗനി റോയ് രംഗത്ത്. ഭർത്താവ് സൂരജ് നമ്പ്യാരും താനും വേർപിരിയുകയാണെന്ന റിപ്പോർട്ടുകളോട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മൗനി റോയ് അഭ്യർത്ഥിച്ചു.
മൗനിയും മലയാളി വ്യവസായിയായ സൂരജ് നമ്പ്യാരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതും വിവാഹചിത്രങ്ങൾ ഉൾപ്പെടെയുള്ളവ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതുമാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. മൗനിയുടെ സുഹൃത്തായ നടി ദിഷ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തിരുന്നു. ഇതിന് പിന്നാലെ സൂരജ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തതോടെ വിവാഹമോചന വാർത്തകൾക്ക് പ്രചാരമേറി. 2025 ജനുവരിയിലാണ് ഇരുവരും അവസാനമായി ഒരു പൊതുവേദിയിൽ ഒന്നിച്ചെത്തിയത്.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2022-ലായിരുന്നു ഗോവയിൽ വെച്ച് ഇരുവരുടെയും വിവാഹം നടന്നത്. കേരള, ബംഗാളി ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘നാഗിൻ’, ‘ദേവോം കെ ദേവ് മഹാദേവ്’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ മൗനി റോയ്, ‘ബ്രഹ്മാസ്ത്ര’ ഉൾപ്പെടെയുള്ള സിനിമകളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ദുബായിൽ ബാങ്കറായിരുന്നു സൂരജ് നമ്പ്യാർ. ഇരുവരും വേർപിരിയുന്നു എന്ന വാർത്തകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നുവെങ്കിലും ഇപ്പോൾ പ്രതികരണവുമായി നടി തന്നെ നേരിട്ടെത്തിയിരിക്കുകയാണ്.