
നടൻ വിജയ് തിരഞ്ഞെടുപ്പിൽ ചരിത്രം കുറിക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളത്തിന്റെയും തമിഴിന്റെയും പ്രിയനടി അംബിക. രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ പ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് വിജയ് നടത്തിയ പ്രസംഗത്തിൽ നിന്നും കടമെടുത്ത വരികൾ പങ്കുവെച്ച് കൊണ്ടാണ് താരം നടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. “ഇന്നുമുതൽ ആരും ‘തർക്കുറി’ (നിരക്ഷരൻ) എന്ന വാക്ക് ഉപയോഗിക്കരുത്. അത് ഉപയോഗിച്ചവർക്ക് നാണക്കേടാണ്” എന്ന് അംബിക എക്സിൽ കുറിച്ചു.
അംബികയെപ്പോലെ മുതിർന്ന ഒരു താരം ഇത്തരത്തിൽ പരസ്യമായി രംഗത്തെത്തിയത് വിജയിൻ്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് സിനിമാ മേഖലയിൽ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വിജയിൻ്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഇടയിൽ വലിയ മാറ്റം ഉണ്ടാക്കുന്നുണ്ടെന്ന യാഥാർത്ഥ്യമാണ് ഇത്തരം വാക്കുകളിലൂടെ പുറത്തുവരുന്നത്. അംബികയുടെ പോസ്‌റ്റ് ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകൾ പങ്കുവെച്ചു കഴിഞ്ഞു. രാഷ്ട്രീയ ശത്രുക്കളുടെ പരിഹാസങ്ങളെ തങ്ങൾക്ക് അനുകൂലമായ ആയുധമാക്കി മാറ്റുന്നതിൽ വിജയ് വിജയിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ, വിജയ്‌യുടെ രാഷ്ട്രീയ റാലികളിൽ എത്തുന്ന ജനക്കൂട്ടത്തെ ‘തർക്കുറി’ എന്ന് വിളിച്ചാക്ഷേപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അക്ഷരഭ്യാസമില്ലാത്തവർ എന്നും, ഒപ്പിന് പകരം വിരലടയാളം പതിപ്പിക്കുന്ന വിവരമില്ലാത്തവർ എന്നുമൊക്കെയുള്ള അർഥത്തിലാണ് ഈ വാക്ക് രാഷ്ട്രീയ ശത്രുക്കൾ ഉപയോഗിക്കുന്നത്. എന്നാൽ കാഞ്ചീപുരത്ത് നടന്ന അടച്ചിട്ട മുറിയിലെ യോഗത്തിൽ ഇതിന് വിജയ് നൽകിയ മറുപടി അണികൾക്ക് വലിയ ആവേശമാണ് നൽകിയത്. തന്റെ പ്രവർത്തകരെ താഴ്ത്തിക്കെട്ടാനുള്ള നീക്കങ്ങളെ വിജയ് പുച്‌ഛിച്ചുതള്ളി.