
പ്രമുഖ ചലച്ചിത്ര താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്താണ് അപകടമുണ്ടായത്. സന്തോഷ് നായരും ഭാര്യയും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ നിലവിൽ ആശുപത്രിയിലാണ്.
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഇരുവരും. സന്തോഷ് നായരാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ ഇരുവരെയും പുറത്തെടുത്തത്. ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ട്രക്ക് ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
1982-ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ. നായർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലനായും ഹാസ്യതാരമായും സഹനടനായും നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മോഹിനിയാട്ടം’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജന്മദിനവും ഇന്നാണ്.