“ആദ്യ സംരംഭം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി, ബിസിനസ് രീതികളെക്കുറിച്ച് ആഴത്തിലുള്ള ധാരണയില്ലായിരുന്നു”; നമിത പ്രമോദ്

','

' ); } ?>

തന്റെ വസ്ത്രവ്യാപാര രംഗത്തെ പരാജയത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി നമിത പ്രമോദ്. അഭിനയത്തിനൊപ്പം ബിസിനസ്സിലും സജീവമായ താരം തന്റെ കഫേയായ ‘സമ്മർ ടൗണി’ലൂടെ വലിയ വിജയം കൈവരിച്ചിരുന്നുവെങ്കിലും, ‘പെപ്രിക്ക’ (Peprika) എന്ന ടി-ഷർട്ട് ബ്രാൻഡിന് വിചാരിച്ച രീതിയിൽ മുന്നേറാൻ കഴിഞ്ഞില്ലെന്ന് വെളിപ്പെടുത്തി. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് നമിത ഈ കാര്യങ്ങൾ പങ്കുവെച്ചത്.

താൻ തുടങ്ങിയ പെപ്രിക്ക എന്ന ടി-ഷർട്ട് ബ്രാൻഡ് പരാജയപ്പെട്ടുവെന്നും അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് താരം വെളിപ്പെടുത്തിയത്. ബിസിനസ് തുടങ്ങുമ്പോൾ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതിരുന്നതും ഫാഷൻ രംഗത്തെ ബിസിനസ് രീതികളെക്കുറിച്ച് ആഴത്തിലുള്ള ധാരണയില്ലാതെ ഇറങ്ങിത്തിരിച്ചതുമാണ് തിരിച്ചടിയായതെന്ന് താരം സൂചിപ്പിച്ചു. വിചാരിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകാതെ വന്നതോടെ ആ സംരംഭം അവസാനിപ്പിക്കുകയായിരുന്നു.

“ഞാൻ ക്ലോത്തിം​ഗ് ബിസിനസ് തുടങ്ങിയിരുന്നു. ‌ടീ ഷർട്ടുകളായിരുന്നു. പക്ഷെ അത് വർക്കൗട്ടായില്ല. അപ്പോൾ ഞാനത് ക്ലോസ് ചെയ്തു. ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കിൽ നല്ല ഭാവി കാണുന്നില്ലെങ്കിൽ വീണ്ടും ആ ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. വെറുതെ കാശ് ചെലവിട്ട് കൂടുതൽ മോശമാക്കാതെ എവിടെ കയ്യിൽ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാം.” നമിത പ്രമോദ് പറഞ്ഞു.

“പെപ്രിക്ക എന്നായിരുന്നു ടീ ഷർട്ട് ബ്രാൻഡിന്റെ പേര്. ഓവറായുള്ള പ്രൊഡക്ഷൻ തിരിച്ചടിച്ചു. തുടക്കത്തിൽ തന്നെ ഒരുപാട് സ്റ്റോക്കുകൾ ഉണ്ടായിരുന്നു. മെൻസ് വിയറിന് കുറച്ച് ചലഞ്ചിം​ഗ് ആയ ഘട്ടമാണിത്. ഞാനതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്ലാനിം​ഗ് ഇല്ലാത്തത് കൊണ്ട് ബ്രാൻഡിനെയും ബാധിച്ചു. സമ്മർ ടൗൺ എന്ന കഫേ തുട‌ങ്ങിയതിന് പിന്നിൽ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങൾക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്സസ് ഉണ്ടായിരുന്നു. അപ്പോൾ കുറച്ച് കൂടെ എളുപ്പമായിരുന്നു.” നമിത കൂട്ടിച്ചേർത്തു.