അഭ്രപാളികളില്‍ അഴകാര്‍ന്ന ദൃശ്യഭാഷ്യം രചിച്ച് മലയാള സിനിമയുടെ മുതല്‍കൂട്ടായി മാറിയ ഛായാഗ്രാഹകനാണ് അഴകപ്പന്‍. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച അഴകപ്പന്റെ ആദ്യ ടെലിഫിലിം മാധവികുട്ടിയുടെ വേനലിന്റെ ഒഴിവായിരുന്നു. ശ്യാമപ്രസാദിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്, മരണം ദുര്‍ബലം, ഗണിതം, നിലാവറിയുന്നു, മലയാറ്റൂരിന്റെ വേരുകള്‍, തോറ്റങ്ങള്‍, സ്മാരകശിലകള്‍, എം.ടി.യുടെ നാലുകെട്ട് തുടങ്ങിയ സീരിയലുകളിലും ക്യാമറ ചലിപ്പിച്ച അഴകപ്പന്‍ സമ്മാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. മുന്നൂറോളം സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അഴകപ്പന്‍ ഇതിനിടെ ദുല്‍ഖറെ നായകനാക്കി പട്ടംപോലെ എന്ന സിനിമ സംവിധാനവും ചെയ്തു. തന്റെ സിനിമാ ജീവിതവും അനുഭവങ്ങളും പങ്കുവെക്കുകയാണ് അഴകപ്പന്‍…
- സിനിമ എന്ന സ്വപ്‌നത്തിനോടടുക്കുവാന്‍ ക്യാമറ എന്ന ഉപകരണം എത്രത്തോളം സാറിനെ സഹായിച്ചിട്ടുണ്ട്?
എഴുത്തുകാരനെ പേന സഹായിക്കുന്നത്‌പോലെയാണ്. അത്‌പോലെയാണ് ക്യാമറയും. അങ്ങനെയൊരു ക്രിയേറ്റിവിറ്റി തന്നെ വരുന്നതാണ്.
- തമിഴ് സിനിമകളെക്കാള്‍ കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ മലയാള സിനിമയ്ക്കാണ് സാര്‍ നല്‍കിയത്. മലയാളം, മലയാള സിനിമ,സിനിമാ സൗഹൃദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
നാഗര്‍കോവിലാണ് എന്റെ ജന്മദേശം. 1957 വരെ അത് കേരളമായിരുന്നു. എന്റെ അച്ഛന്‍ പഠിച്ചത് തിരുവനന്തപുരത്താണ്. കേരളവുമായി ഒരുപാട് ബന്ധമുള്ള ജില്ലയാണ് നാഗര്‍കോവില്‍. കുട്ടിക്കാലം മുതലേ മലയാള പാട്ടുകള്‍ കേള്‍ക്കുകയും സിനിമകള്‍ കാണാനും വളരെ താല്‍പ്പര്യമുണ്ടായിരുന്നു. റിയലിസ്റ്റിക്കായിട്ടുള്ള സിനിമകള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത് മലയാളത്തിലാണ്. തമിഴില്‍ വെറൈറ്റി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ വരുമ്പോള്‍ നാച്ചുറലായിട്ട് വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ പോലുള്ള സിനിമകളാണ് കാണാന്‍ കഴിയുന്നത്. അതാണ് എനിക്ക് മലയാള സിനിമയുമായിട്ടുള്ള കൂടുതല്‍ ബന്ധം. 1997 ലാണ് ഞാന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. അത് കഴിഞ്ഞ് ടെലിവിഷന്‍ രംഗത്ത് ഒരു 16 വര്‍ഷം വര്‍ക്ക് ചെയ്തിട്ടുണ്ട്. പുതിയൊരു മേഖല വന്നപ്പോള്‍ അതില്‍ പഠിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ആ രംഗത്തേയ്ക്ക് പോയത്. അതിനുമുന്‍പ് രണ്ട് തമിഴ് സിനിമ ചെയ്തു. സിനിമ മോഹമാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാന്‍ ബ്രെയ്ക്ക് എടുക്കാറുണ്ട്. നല്ല സിനിമകള്‍ക്കായിരുന്നു കാത്തിരുന്നത്. അത് പിന്നീട് മലയാളത്തില്‍ നിന്ന് തന്നെ കിട്ടി.
- സിനിമയിലുള്ള കോംപറ്റീഷനെ അതിജീവിച്ച് മുന്നോട്ട് പോകണമെങ്കില്‍ വളരെ അപ്‌ഡേറ്റഡായിരിക്കണം. ടെക്‌നീഷ്യനെ സംബന്ധിച്ച് സാങ്കേതികത്വം കൂടുതല്‍ അറിഞ്ഞിരിക്കണം. ടെക്‌നിക്കല്‍ അപ്‌ഡേഷനുവേണ്ടി എത്രത്തോളം സമയം കണ്ടെത്താറുണ്ട്?
ഒരാള്‍ ഒരു ക്യാമറയുമായി വന്നാല്‍ അത് സ്റ്റില്‍ ക്യാമറയാണൊ മൂവി ക്യാമറയാണൊ എന്ന് ഞാന്‍ നോക്കാറില്ല. ആ ക്യാമറയുടെ വിശദവിവരങ്ങള്‍ ഞാന്‍ നെറ്റില്‍ സെര്‍ച്ച് ചെയ്ത് നോക്കും. ആ ക്യാമറയെക്കുറിച്ചും അതിന്റെ കപ്പാസിറ്റി, റെസലൂഷന്‍, ലെന്‍സ് പവര്‍ എന്നിവയെല്ലാം പഠിക്കും. ടെലിവിഷനിലായിരുന്നപ്പോഴും ഇത് ഞാന്‍ ചെയ്ത്‌കൊണ്ടിരുന്നതാണ്. അപ്‌ഡേറ്റിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഇറങ്ങുന്ന ക്യാമറ ഓപ്പറേറ്റ് ചെയ്താല്‍ കൊള്ളാമെന്ന് തോന്നുന്ന ആളാണ് ഞാന്‍. എക്‌സ്പിരിമെന്റ് ചെയ്ത്‌കൊണ്ടിരിക്കാനും എനിക്ക് താല്‍പ്പര്യമാണ്. പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും എന്ന സിനിമയില്‍ നാല് ക്യാമറ വെച്ച് ചെയ്തു. അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ നാളെ അത് ഇല്ലാതാകുന്നതിനാല്‍ ഞാനത് ഇന്റവ്യൂവിലൊന്നും പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് ആരും അത് കണ്ടെത്തിയിട്ടുമില്ല. കോംപോസിഷന്‍, ലൈറ്റിംഗ്, ക്യാമറാ മൂവ്‌മെന്റ്, ക്യാമറാ ആംഗിള്‍, ക്യാമറാ കട്ടിംഗ് പോയന്റ്‌സ് എന്നിവയാണ് ബേസിക്ക്. ബേസിക്ക് പഠിപ്പിക്കുന്ന ഗുരു സ്‌ട്രോംഗായാലും, ആ ബേസിക്കായിട്ടുള്ള കാര്യങ്ങള്‍ എപ്പോഴും മനസ്സിലുണ്ടെങ്കിലും ഏത് ടെക്‌നോളജിയെയും നമുക്ക് മനസ്സിലാക്കാനും കൂട്ടിച്ചേര്‍ക്കാനും സാധിക്കും.
- കൊമേര്‍സ്യല്‍ സിനിമ എന്നതില്‍ മാത്രമൊതുങ്ങാതെ ആര്‍ട്ടിനും കൂടി പ്രാധാന്യമുള്ള സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംവിധായകരും എഴുത്തുകാരുമായുമുള്ള സാറിന്റെ പരസ്പ്പര ബന്ധമാണ് താങ്കളുടെ തന്നെ വര്‍ക്കിലും പ്രതിഫലിക്കുക. ഇവരൊക്കെയായിട്ട് അത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്?
മുന്നൂറോളം ഡയറക്ടേഴ്‌സിന്റെ കൂടെ ഞാനിപ്പോള്‍ പ്രവര്‍ത്തിച്ചുകഴിഞ്ഞു. സിനിമാറ്റോഗ്രാഫര്‍ സംവിധായകനുമായും കൂടിച്ചേരണം. എന്റെ ഏറ്റവും പുതിയ ചിത്രം രമേഷ് പിഷാരടിയുടെ ഗാനന്ധര്‍വ്വനാണ്. പ്രിയദര്‍ശന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എന്ത് സുഖം കിട്ടിയോ അത് തന്നെയാണ് മറ്റ് ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോഴും കിട്ടിയത്. ഇങ്ങനെ ഡയറക്ടഴേസിനെ മനസ്സിലാക്കി ചെയ്യുമ്പോള്‍ നമ്മുടെ വര്‍ക്കും നദിപോലെ ഒഴുകിക്കൊണ്ടിരിക്കും.
- ഒരു സംവിധായകന്‍ ഒരുതവണ ഉപയോഗിച്ച ഒരു ക്യാമറാമാനെ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തയ്യാറാവുന്നിടത്താണ് അവര്‍ തമ്മിലുള്ള കെമിസ്ട്രി വ്യക്തമാകുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ കൂടെ കുറേ സിനിമകള്‍ ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായി സാര്‍ മാറുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തമ്മിലുള്ള സൗഹൃദം?
എല്ലാവരും പറയുന്നത് രഞ്ജിത്ത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്. കാരണം എന്ത് ഉദ്ദേശിക്കുന്നോ അത് അച്ചീവ് ചെയ്യാന്‍ വളരെയധികം ശ്രമിക്കുന്ന ഡയറക്ടറാണ് രഞ്ജിത്ത്. ഞാനും വര്‍ക്ക് ചെയ്യുമ്പോള്‍ ചിലപ്പോള്‍ സ്‌ട്രെസ് കാരണം ദേഷ്യപ്പെടാറുണ്ട്. അത് അഞ്ച് മിനുറ്റ്‌കൊണ്ട് ഇല്ലാതാവും. ചീത്ത വാക്കുകള്‍ ഞാന്‍ ഉപയോഗിക്കാറില്ല. ആവര്‍ത്തിച്ച് തെറ്റുകള്‍ വരുത്തുമ്പോഴാണ് ദേഷ്യപ്പെടാറ്. ഡയറക്ടേഴ്‌സിന്റെ കൂടെ ട്രാവല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമാറ്റോഗ്രാഫറാണ് ഞാന്‍.
- ഛോട്ടാമുംബൈ എന്ന സിനിമയുടെ ക്ലൈമാക്‌സ് വലിയ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. രാത്രി സമയം, ഔട്ട്‌ഡോര്‍, വലിയ ജനക്കൂട്ടം കൂടാതെ ചിത്രത്തിലെ വാസ്‌ക്കോഡഗാമ, ചെട്ടിക്കുളങ്ങര എന്ന ഗാനം എന്നിവയെല്ലാം പകര്‍ത്തിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാമോ?
ക്യാമറ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ആക്ടേഴ്‌സും ഡയറക്ടഴേസിന്റെയും ഒരു കെമസ്ട്രിയാണ് ക്യാമറാമാനില്‍ വര്‍ക്ക്‌ചെയ്യുന്നത്. അവര്‍ തമ്മില്‍ നല്ല റാപോ ഉണ്ടങ്കെില്‍ ക്യാമറാമാന്‍ കംഫര്‍ട്ടായിരിക്കും. ആ സിനിമയുടെ െൈക്ലമാക്‌സ് ചെയ്യുന്ന സമയത്ത് പത്തുദിവസത്തോളം ഉറങ്ങിയിട്ടില്ല. രാത്രി മൂന്ന് നാല് മണിയാവുമ്പോഴാണ് റൂമിലേക്ക് വരുക. രാവിലെ ആറ് മണിക്ക് ഞാനും അന്‍വര്‍ റഷീദും ചേര്‍ന്ന് പോകും. ഷൂട്ടിംഗ് തുടങ്ങും. കൊമേര്‍ഷ്യല്‍ എനര്‍ജി ഉണ്ടാക്കുന്ന സിറ്റുവേഷനാണെന്ന് ചിത്രത്തിലെന്ന് മനസ്സിലായപ്പോള്‍ തന്നെ ഒരു എനര്‍ജി വന്നു.
- പ്രകാശത്തിന്റെ പ്രയോഗം എന്നതില്‍ ഒരുപാട് അധികം നിറങ്ങള്‍ ചാര്‍ത്തണമെന്നില്ല. ചിലപ്പോള്‍ ലൈറ്റ് കുറഞ്ഞ സ്ഥലങ്ങളില്‍പ്പോലും അതിന്റെ കല നമുക്ക് കാഴ്ച്ചയില്‍ അനുഭവപ്പെടും. ലൈറ്റിംഗില്‍ ഉള്ള അഴകപ്പന്‍ അപ്രോച്ച് എങ്ങനെയാണ്?
നാച്ചുറല്‍ ലൈറ്റ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നൊരാളാണ് ഞാന്‍. അധികം ലൈറ്റ് വെച്ചാലും ഉപയോഗിക്കാത്തപ്പോലെ കൊണ്ടുവരുന്നതാണ് എന്റെ തുടക്കകാലം. ഒരു ഡയറക്ടേഴ്‌സ് നേരത്തെ പറഞ്ഞ് തരുന്ന പോയന്റ്‌സും, ആക്ടേഴ്‌സ് എങ്ങനെയാണ് അത് അവതരിപ്പിക്കുന്നത്, ഏത് തരത്തിലാണ് റഫറന്‍സ് തരുന്നത് എന്നിവയും മനസ്സിലാക്കും. അതിന്റെ ഒരു ലൈറ്റിംഗ് പാറ്റേണാണ് ഉണ്ടാക്കുന്നത്. ഒരു സിനിമയുടെ ആത്മാവാണ് സ്‌ക്രിപ്റ്റ്.
- ജയരാജ് സാറുമായുള്ള എക്‌സ്പീരിയന്‍സ്?
കുറേ വര്‍ഷമായുള്ള ബന്ധമാണ് ജയരാജുമായിട്ട്. പക്ഷെ പുള്ളിയുടെ സിനിമകള്‍ എനിക്കധികം ചെയ്യാന്‍ പറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ദേശാടനത്തില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. എം.ജെ രാധാകൃഷ്ണനാണ് അത് ചെയ്തത്. ആ സിനിമ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയതിനാല്‍ തിളക്കത്തിലേക്ക് എന്നെ ജയരാജ് വീണ്ടും വിളിച്ചു. ജയരാജിന്റെ സാധാരണയുള്ള പാറ്റേണിലുള്ള ഒരു സിനിമയല്ല തിളക്കം. ചിത്രത്തിലെ പാട്ടുകള്‍ ചെയ്യാന്‍ എനിക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നിരുന്നു. റാഫി മെക്കാര്‍ട്ടിനും ഞാനും പാട്ടുകളെ കുറിച്ച് ഡിസ്‌ക്കസ് ചെയ്താണ് തയ്യാറാക്കിയത്. ഡയറക്ടേഴ്‌സ് സ്വാതന്ത്ര്യം തന്നാല്‍ ചെയ്യാന്‍ കൂടുതല്‍ സുഖമാണ്.
- ഏറ്റവും പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍?
ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയുടെ സിനിമയാണ്. അതൊരു റിയലിസ്റ്റിക്ക് മൂവിയാണ്. പാര്‍വതിയാണ് കേന്ദ്രകഥാപാത്രം. അടുത്ത ചിത്രം മമ്മൂക്ക നായകനായെത്തുന്ന രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനന്ധര്‍വ്വന്‍. മമ്മൂക്ക ചെയ്തതില്‍വെച്ച് വ്യത്യസ്ഥമായിട്ടുള്ളൊരു സിനിമയായിരിക്കും ഇത്. മമ്മൂക്ക-പിഷാരടി കോമ്പിനേഷനില്‍ ഉള്ള ഒരു സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമാണ്.
- സിനിമ ഒരു ഗ്ലാമര്‍ വേള്‍ഡാണ്. സിനിമയില്‍ ക്യാമറ ചെയ്യുന്ന ആള്‍ക്കും ആ ഒരു ഗ്ലാമറിന്റെ അംശം കിട്ടുന്നുണ്ട്. പക്ഷെ ഒരു ഫോട്ടോഗ്രാഫര്‍ അല്ലെങ്കില്‍ സിനിമാറ്റോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഇങ്ങനെയല്ലാത്ത മേഖലകളിലും പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടാവും. സാര്‍ അങ്ങനെ അഭിമുഖീകരിച്ചിട്ടുള്ള വ്യത്യസ്ഥമായ സിറ്റുവേഷന്‍ എന്തൊക്കെയാണ്?
ടെലിവിഷനില്‍ നിന്ന് ന്യൂസ് കാണുമ്പോള്‍ എനിക്ക് വളരെ അത്ഭുതം തോന്നിയിരുന്നു. ആലോചനയില്ലാതെ കിട്ടുന്ന വിഷ്വല്‍സാണ് അതില്‍. പിന്നീടാണ് ഇംപാക്ട് കിട്ടുന്നത്. അങ്ങനെയാണ് ഞാന്‍ പഞ്ചാബില്‍ ടെലിവിഷനില്‍ പോയി ജോയിന്‍ ചെയ്യുന്നത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കെ.ആര്‍ നാരായണന്‍, വിവി ഗിരി, വാജ്‌പേയി തുടങ്ങിയവരുടെ കൂടെയെല്ലാം നിന്ന് വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാന്‍ തന്നെ സൗണ്ടും ലൈറ്റിംഗും ക്യാമറയും ചെയ്യണം അങ്ങനെ പോകുമ്പോള്‍. അത് സ്‌ട്രെയിനാണ് എന്ന് അറിഞ്ഞും കൊണ്ടാണ് ഞാന്‍ പോയത്. കാരണം നമ്മുടെ രാജ്യത്തിനു വേണ്ടി ചെയ്യുന്ന ഒരു സര്‍വീസായിട്ടാണ് ആ വര്‍ക്കിനെകുറിച്ച് എനിക്ക് തോന്നിയത്. കൂടാതെ ന്യൂസ് കവറേജില്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ലൈവ് പിക്‌ചേര്‍സ് എടുക്കാന്‍ പറ്റി. വലിയൊരു അനുഭവമായിരുന്നു അത്. അതിന്റെ ഉള്ളില്‍ അവരും ഷൂട്ട് ചെയ്യുന്നു ഒപ്പം ഞാന്‍ ക്യാമറവെച്ചും ഷൂട്ട് ചെയ്യുന്നു. പിന്നെ ലൈവ് ബോംബ് സ്‌ഫോടനവും എടുത്തു.
- ഇത് കൂടാതെ സ്‌പോര്‍ട്‌സ്, വൈല്‍ഡ് ലൈഫ് എന്നിവ റിലേറ്റഡായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ടോ?
സ്‌പോര്‍ട്‌സ് എനിക്ക് വളരെ താല്‍പ്പര്യമുണ്ടായിരുന്നു. ഇന്ത്യയുടെ വേള്‍ഡ്കപ്പ് 8 മാച്ച് ഞാന്‍ കവര്‍ ചെയ്തു. അന്ന് ആറ് ക്യാമറ വര്‍ക്ക് ചെയ്തിരുന്നു. ഇപ്പോള്‍ പത്തു പന്ത്രണ്ട് ക്യാമറ ഉണ്ട്. ടെക്‌നോളജി കുറച്ച്കൂടെ മോഡേണായിട്ടുണ്ട്. അത്‌പോലെ ടേബിള്‍ ടെന്നീസും കവര്‍ ചെയ്തിട്ടുണ്ട്.ക്രിക്കറ്റ്‌പോലെ അത്ര സ്‌ട്രെയിന്‍ ഉള്ള വര്‍ക്കല്ല ടെന്നീസ്. ക്രിക്കറ്റില്‍ എപ്പോഴും അലേര്‍ട്ടായിരിക്കണം.
- മോഹന്‍ലാല്‍ നായകനായെത്തിയ ഫോട്ടോഗ്രാഫര്‍ എന്ന സിനിമയുടെ ഛായാഗ്രാഹകന്‍ സാര്‍ ആയിരുന്നു. ഒരു ഫോട്ടോഗ്രാഫറുടെ അപ്രോച്ച് പലവിധത്തില്‍ ആ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്?
നല്ല എക്‌സ്പീരിയന്‍സായിരുന്നു ലാല്‍ സാറിന്റെ കൂടെ. ഇത്രയും സ്‌ട്രെയിന്‍ ചെയ്യുന്ന ഒരു നടനെ നമുക്ക് കാണാന്‍ പറ്റില്ല. നമ്മുടെ കൂടെ തന്നെ കാടിന്റെ ഉള്ളിലേക്ക് നടന്നുവരുമായിരുന്നു അദ്ദേഹം. ധാരാളം അട്ടകളുള്ള ആ കാട്ടില്‍ ഒരുപാട് സ്‌ട്രെയിന്‍ സഹിച്ചാണ് അദ്ദേഹം ഫോട്ടോഗ്രാഫറില്‍ അഭിനയിച്ചത്.
- ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ പട്ടംപോലെ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു. ആ സിനിമകള്‍ നല്‍കിയിട്ടുള്ള ഓര്‍മ്മകള്‍ എന്തെല്ലാമാണ്?
ആര്‍മിയ്ക്ക് വേണ്ടി ഞാന്‍ മുന്‍പ് സല്യൂട്ട് എന്ന പേരില്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്തിരുന്നു. പട്ടംപോലെ ഒരു യഥാര്‍ത്ഥ സ്‌റ്റോറിയാണെന്നു പറയാം. എനിക്കിഷ്ടപ്പെട്ട ലൊക്കേഷനായ ആലപ്പുഴയില്‍വെച്ച് തന്നെ ഷൂട്ട് നടത്തി. മഴക്കാലത്താണ് ചെയ്തത്. ദുല്‍ഖര്‍, മാളവിക മോഹനന്‍, അര്‍ച്ചന കവി, അഞ്ജലി, അനൂപ് മേനോന്‍ തുടങ്ങി ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു. ഡ്രാമയില്ലാതെ യംഗ്‌സ്റ്റേര്‍സിന്റെ ഇടയില്‍ നടക്കുന്ന ഒരു സംഭവത്തെ റിയലിസ്റ്റിക്കായിട്ടാണ് പട്ടംപോലെയില്‍ ചെയ്തത്.
- കുടംബത്തെക്കുറിച്ച്?
എന്റെ കുടുംബത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് എന്റെ ഭാര്യയാണ്. ഉമ അഴകപ്പന്‍ എന്നാണ് പേര്. സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. മകന്‍ യുകെയിലാണ്. അവന്‍ കല്ല്യാണം കഴിച്ചത് ചെനക്കാരിയായ ഷോയിന്‍ലിയെയാണ്. അച്ഛന്‍ അധ്യാപകനായിരുന്നു. നമ്പി നാരായണന്‍ സാറെ പഠിപ്പിച്ചിരുന്നു. അച്ഛനും അമ്മയ്ക്കുമൊന്നും ഞാന്‍ സിനിമ തെരഞ്ഞെടുത്തതില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷെ ഞാന്‍ ദൂരദര്‍ശനില്‍ നിന്ന് റിസൈംഗ്ന്‍ ചെയ്ത് സിനിമയിലേക്ക് വീണ്ടും പ്രവേശിച്ചപ്പോള്‍ ഫുള്‍ സപ്പോര്‍ട്ട് ചെയ്തത് വൈഫായിരുന്നു.