
സമൂഹ മാധ്യമങ്ങള്‍ക്ക് മുന്‍പേ ഒരു കാലത്ത് വൈറലായി മലയാളി മനസ്സുകളെ കീഴടക്കിയ ആല്‍ബമാണ് ‘വണ്ണാത്തി പുള്ളിനു ദൂരേ’. ഈ ആല്‍ബത്തിലൂടെയെത്തി മലയാള സിനിമയിലെ യുവ നായിക നിരയിലേക്ക് തിരിച്ചെത്തിയ സൗമ്യ മേനോനെ മലയാളികള്‍ക്ക് അത്ര പെട്ടന്ന് മറക്കാനാവുമോ.. തന്റെ ആദ്യ ആല്‍ബത്തിലൂടെ തന്നെ സ്വയം അടയാളപ്പെടുത്തിയ സൗമ്യയെ മറ്റു യുവനായികമാരില്‍ നിന്നും വ്യത്യസ്ഥയാക്കുന്നത് സിനിമയോടുള്ള അഭിനിവേശം തന്നെയാണ്. ഓര്‍ഡിനറി സംവിധായകന്‍ സുഗീതൊരുക്കിയ കിനാവള്ളിയെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സൗമ്യ പിന്നീട് ജീവിതത്തിന്റെ ഒഴുക്കില്‍പെട്ട് ദുബായിലെത്തി. എന്നാല്‍ ഇപ്പോള്‍ തന്റെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റെല്ലാമുപേക്ഷിച്ച് സിനിമയെത്തേടി സൗമ്യ തിരിച്ചെത്തിയിരിക്കുകയാണ്. നീയും ഞാനും, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മാര്‍ഗ്ഗംകളി എന്നിങ്ങനെ സൗമ്യ പതിയെ തിരക്കനുഭവിച്ച് തുടങ്ങിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രങ്ങളുടേയും സിനിമയാത്രയുടെയും വിശേഷങ്ങളുമായി ഈ തൃശ്ശൂര്‍ക്കാരി സെല്ലുലോയ്ഡിനൊപ്പം ചേരുന്നു.
- സിനിമയെന്ന സ്വപ്‌നം സഫലമായതിന്റെ സന്തോഷം..?
വളരെയധികം സന്തോഷമുണ്ട്. നാല് വയസ്സ് മുതലേയുള്ള ആഗ്രഹമാണ് സിനിമ. പണ്ട് ഓരോ സിനിമ കാണുമ്പോഴും കണ്ണാടിയുടെ മുമ്പില്‍ അതുപോലെ അഭിനയിക്കുകയായിരുന്നു എന്റെ പ്രധാന ഹോബി. ചെറുപ്പം മുതല്‍ ദുബായിലായിരുന്ന എനിക്ക് എങ്ങനെയാണ് സിനിമയിലെത്തേണ്ടതെന്നും അല്ലെങ്കില്‍ ഓഡീഷന്‍ ചെയ്യേണ്ടതെന്നുമൊക്കെ ഒരു ഐഡിയയുമുണ്ടായിരുന്നില്ല. ടെന്‍ത് കഴിഞ്ഞ് നാട്ടില്‍ വന്നതിന് ശേഷമാണ് കുറച്ച് ആല്‍ബങ്ങളൊക്കെ ചെയ്യുന്നത്. അപ്പോള്‍ സിനിമയുടെ ഓഫേഴ്‌സും വന്നിരുന്നു. പക്ഷെ, എന്തെങ്കിലുമൊക്കെ തടസ്സങ്ങള്‍ കൊണ്ട് അതൊക്കെ നഷ്ടപ്പെട്ടു. ഒരു കൃത്യമായ എന്‍ട്രി കിട്ടിയിരുന്നില്ല. അന്ന് ഞാന്‍ സിനിമയുടെ രണ്ടാം കാറ്റഗറിയിലായിരുന്നു. വളരെ അണ്‍എക്‌സ്‌പെക്ടഡായിട്ടാണ് സുഗീതേട്ടന്റെ കിനാവള്ളിയില്‍ എനിക്ക് അവസരം കിട്ടുന്നത്. ഒരുപാട് സന്തോഷം…(പുഞ്ചിരി)
അന്ന് ഏകദേശം അഞ്ച് വര്‍ഷത്തോളം ഞാന്‍ നാട്ടിലുണ്ടായിരുന്നു. അന്നിവിടെ നിന്ന് തിരിച്ച് പോയപ്പോള്‍ ഞാന്‍ കരുതി ഇനി എനിക്ക് ഒരു എന്‍ട്രി ഉണ്ടാവില്ലെന്ന്. എന്റെ ജോലി തന്നെയാണ് എനിക്ക് വിധിച്ചിട്ടുള്ള മേഖല എന്ന് കരുതി ഗള്‍ഫില്‍ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്ത് വരികയായിരുന്നു ഞാന്‍. അങ്ങനെയിരിക്കെയാണ് വളരെ അപ്രതീക്ഷിതമായി ഒരു അഡ്വര്‍ടൈസ്‌മെന്റ് സംബന്ധിച്ച് ഞാന്‍ മാന്നാര്‍ സുധീര്‍ ചേട്ടനെ പരിചയപ്പെടുന്നതും പിന്നീട് സിനിമയിലേക്ക് തിരിച്ചുവരുന്നതും.
- റാഫി തിരക്കഥയിലും ഷാഫി സംവിധാനത്തിലും, പിന്നെ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഗായത്രി സുരേഷ്, മാനസ, ഷറഫുദീന്‍ എന്നീ താരങ്ങള്‍ അണിനിരന്ന ചില്‍ഡ്രന്‍സ് പാര്‍ക്കാണ് സൗമ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്ന്. എങ്ങനെയുണ്ടായിരുന്നു ആ ഒരു ക്രൂവിനോടൊപ്പമുള്ള അനുഭവം?
സത്യത്തില്‍ ഒരു ലോട്ടറി അടിച്ച ഫീലായിരുന്നു. കാരണം ‘നീയും ഞാനും’ എന്ന സിനിമയില്‍ ഞാന്‍ വിഷ്ണുച്ചേട്ടന്റെ പെയറായിട്ട് വര്‍ക്ക് ചെയ്തിരുന്നു. അന്ന് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തന്നെ വിഷ്ണുച്ചേട്ടനും ഷറഫുക്കയും ഷാഫി സാറിന്റെയടുത്ത് ചില്‍ഡ്രന്‍സ് പാര്‍ക്കിനെക്കുറിച്ച് ഡിസ്‌കസ് ചെയ്യുന്നുണ്ട്. അവര്‍ മുന്‍പേ ആ പടത്തിന് കമ്മിറ്റഡായിരുന്നു. 2 കണ്‍ട്രീസിന് ശേഷം റാഫി സാറും ഷാഫി സാറും ഒന്നിക്കുന്ന ചിത്രമാണ്, 23ന് ഷൂട്ട് തുടങ്ങും, മൂന്നാറിലാണ് എന്നൊക്കെ അവര്‍ പറയുമ്പോള്‍ എനിക്കും അതിലൊരു വേഷം ചെയ്യാന്‍ വലിയ ആഗ്രഹം തോന്നി. പക്ഷെ അത് കഴിഞ്ഞ് അവര്‍ പോയി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും പ്രൊഡക്ഷനിലെ ബാദുക്കാ വിളിച്ച് ” ഒരു സിനിമയുണ്ട്, നീ വരേണ്ടി വരും” എന്ന് പറഞ്ഞു. ഏതാണെന്ന് ചോദിച്ചപ്പോള്‍ ഷാഫി സാറിന്റെ സിനിമയില്‍ ഹീറോയിനായിട്ടാണെന്നും പറഞ്ഞു. ഞാന്‍ കംപ്ലീറ്റ് ലോസ്റ്റായിപ്പോയി.., ധ്രുവന്റെ പെയറായിട്ടാണ്. ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു.. എത്രയും പെട്ടന്ന് ഷൂട്ടിങ്ങ് തുടങ്ങണം, ലൊക്കേഷനിലെത്തണം എന്നൊക്കെ തോന്നി. ഷാഫി സാറിനെ ഞാന്‍ മുമ്പ് റെഡ് എഫിമിലെ ഒരു പ്രോഗ്രാമില്‍ വെച്ച് കണ്ടിരുന്നു. പക്ഷെ അന്ന് പരിചയപ്പെടാനോ സംസാരിക്കാനോ ഒന്നും പറ്റിയില്ല. ഇത്രയും സീനിയറായിട്ടുള്ള ഡയറക്ടര്‍ വളരെ സീരിയസ്സായിരിക്കും, സ്ട്രിക്ടായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ലൊക്കേഷനിലെത്തി സംസാരിച്ച് തുടങ്ങിയപ്പോഴാണ് ഞാന്‍ എല്ലാവരെയും ശരിക്കും അറിയുന്നത്. അന്നാണ് ഗായത്രിയെയും ഞാന്‍ ആദ്യമായി കാണുന്നതും, എന്റെ കസിനാണെന്ന് അറിയുന്നതും. ഷാഫി സാര്‍ തന്ന ഗൈഡന്‍സും ഒരു പോസിറ്റീവുമൊക്കെയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്.
അതിന് ശേഷം ചെയ്ത സിനിമയാണ് ഫാന്‍സി ഡ്രസ്സ്. നവാഗതനായ രഞ്ജിത്ത് സ്‌കറിയയാണ് അതിന്റെ സംവിധായകന്‍. അതില്‍ പക്രുചേട്ടനുണ്ട്, ഹരീഷ് ചേട്ടനുണ്ട്.. ഷാജഹാന്‍ ചേട്ടന്‍, ശ്വേത മേനോന്‍ തുടങ്ങിയ ഒരുപാട് താരങ്ങളുണ്ട്. ഒരു ഫാമിലി, ഫണ്‍പാക്, ഹ്യൂമര്‍ ആന്‍ഡ് സസ്‌പെന്‍സ് ത്രില്ലര്‍ ആണ്.
മാര്‍ഗ്ഗം കളി, ശ്രീജിത്ത് വിജയന്‍ കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷമെടുത്ത ചിത്രമാണ്. ബിബിന്‍ ചേട്ടനാണ് അതില്‍ ഹീറോ. നമിത പ്രമോദ് ആണ് അതിലെ ഹീറോയിന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയും കോമഡി പരിപാടികളിലൂടെയും എല്ലാവര്‍ക്കും അറിയാവുന്ന ശശാങ്കന്‍ ചേട്ടന്റെ ആദ്യ തിരക്കഥയാണ്. പിന്നെ കുറേ സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. സിദ്ദിഖ് ഇക്ക, ഹരീഷേട്ടന്‍ അങ്ങനെ ഒരുപാട് താരങ്ങളുണ്ട്. അതിന്റെ കഥ നല്ലൊരു ത്രെഡ്ഡാണ്. വ്യത്യസ്ഥമായ രണ്ട് മൂന്ന് പ്രണയങ്ങളെക്കുറിച്ച് ചിത്രത്തിലൂടെ പറഞ്ഞുപോകുന്നുണ്ട്. അതിലൊരു പ്രണയ കഥയുമായി ഞാനും വന്നിട്ടുണ്ട്.. സ്ത്രീ കേന്ദ്രീകൃത കഥയാണ് മാര്‍ഗ്ഗം കളിയുടേത്. അത് പോലെ തന്നെ ടിക് ടോക്കിനും സോഷ്യല്‍ മീഡിയക്കും ഒരുപാട് പ്രാധാന്യം ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. ഒരു ടിക് ടോക് യൂസറായാണ് ഞാന്‍ ചിത്രത്തിലെത്തിയത്.

- ദുബായില്‍ പോയതിന് ശേഷവും കലാപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നല്ലോ?
ദുബായില്‍ പ്രധാനമായും ചെയ്തിരുന്നത് ക്ലാസ്സിക്കല്‍ ഡാന്‍സാണ്. കാരണം എന്റെ മാഷ് അവിടെയാണ്. മാഷിനൊപ്പം വേദി പങ്കുവയ്ക്കാനും ഡാന്‍സ് ചെയ്യാനുമായി പോകുമായിരുന്നു. പക്ഷെ ഇപ്പോള്‍ ദുബായില്‍ കുറേ അവസരങ്ങളുണ്ട്, സിനിമകളായാലും, മോഡലിങ്ങായാലും. അവിടെ ഉണ്ടായിരുന്ന സമയത്ത് ആ അവസരങ്ങളൊക്കെ ശരിയ്ക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
- ഏഷ്യാനെറ്റ് പ്ലസ് തുടങ്ങിയ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രോഗ്രാമായിരുന്നു ‘മിസ്റ്റ്’ അതില്‍ മിക്കപ്പോഴും വന്നുകൊണ്ടിരുന്ന ആല്‍ബങ്ങളായിരുന്നു സുന്ദരിയേ വാ, വണ്ണാത്തി എന്നിവ. അന്ന് പ്രേക്ഷകര്‍ വാട്‌സപ്പോ, ഫെയ്‌സ്ബുക്കോ ഒന്നമില്ലാതെ തന്നെ വളരെയധികം ഏറ്റെടുത്തിരുന്ന പാട്ടുകളായിരുന്നു അതൊക്കെ. എങ്ങനെയുണ്ടായിരുന്നു അതിന്റെ ഒരു ഫീഡ്ബാക്ക്..?
എന്നെ സത്യത്തില്‍ സുന്ദരിയെ വാ എന്ന പാട്ടിന് വേണ്ടിയാണ് ഉദയേട്ടന്‍ (ഉദയ് ശങ്കര്‍) ആദ്യം അന്വേഷിച്ചത്. പക്ഷെ അന്നെന്തോ കോണ്‍ടാക്ട് നമ്പറൊന്നും കിട്ടാത്തതുകൊണ്ട് വിളിച്ചില്ല. പക്ഷെ, അത് ഭയങ്കര ഹിറ്റായി. അന്ന് ശെരിക്കും ആല്‍ബംസിന്റെ ഒരു ട്രെന്‍ഡിങ്ങ് ടൈമായിരുന്നു. പിന്നീട് ഉദയേട്ടന്‍ എന്റെ വീടൊക്കെ കണ്ട് പിടിച്ച് അവിടെയെത്തി, വണ്ണാത്തിയുടെ പാട്ട് തന്നു. അന്ന് എന്റെ എക്‌സാം നടക്കുകയായിരുന്നതിനാല്‍ ഞാനത് ചെയ്യുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പാട്ട് കേട്ടപ്പോള്‍ എന്തോ ഭയങ്കര ഒരു സ്പാര്‍ക്ക് കിട്ടി. എന്റെ ചേച്ചി ഒരു സിംഗറാണ്, സാധാരണ അങ്ങനെ അഭിപ്രായം ഒന്നും പറയാത്ത ആളാണെങ്കിലും ചേച്ചിയാണ് എന്നോട് ഈ പാട്ട് നീ ചെയ്യണമെന്ന് പറഞ്ഞത്. അങ്ങനെ ഞാന്‍ രാത്രി ആ പാട്ട് തന്നെ കേട്ട് കേട്ട് അത് മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. അവസാനം ഞാന്‍ ഉദയേട്ടനോട് പറഞ്ഞു പരീക്ഷ പോയാലും സാരമില്ല, ഈ പാട്ട് ചെയ്യാമെന്ന്. അത് അന്ന് വളരെ പോപ്പുലറായ ഒരു ആല്‍ബമായി മാറി. മിസ്റ്റില്‍ വന്നു, ഷോപ്പുകളിലും ബസ്സുകളിലുമൊക്കെ പോവുമ്പോള്‍ ആ പാട്ട് വെച്ചു തുടങ്ങി. അങ്ങനെ ‘വണ്ണാത്തി’ എന്ന് പറഞ്ഞ ഒരു പേര് തന്നെ എനിക്ക് കിട്ടി. ലൈഫില്‍ ആദ്യമായി എനിക്ക് ഒരു ഫാന്‍ മൊമന്റ് ഉണ്ടായത് ആ സമയത്താണ്. ഒരു കുട്ടി നല്ല ഡിസൈന്‍ ചെയ്ത ഒരു കാര്‍ഡില്‍ ഒരു നല്ല റോസാപൂവൊക്കെ വെച്ച് എനിക്ക് തന്നിട്ട് പറഞ്ഞു ”ഞങ്ങള്‍ക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്, അത് കണ്ടതിന് ശേഷമാണ് ഞങ്ങള്‍ ഈ റോസാ ചെടി ഒക്കെ വളര്‍ത്താന്‍ തുടങ്ങിയത” എന്ന്. എനിക്ക് മറക്കാന്‍ മറ്റാത്ത ഒരു അനുഭവമാണത്..
- ഓര്‍ഡിനറി അടക്കമുള്ള നിരവധി ജനപ്രിയ സിനിമകള്‍ ചെയ്ത സംവിധായകനാണ് സുഗീത്. എങ്ങനെയുണ്ടായിരുന്നു സുഗീതിന്റെ ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ അനുഭവങ്ങള്‍…?
സുഗീതേട്ടന്‍ വളരെ സിമ്പിളായിട്ടുള്ള ഒരാളാണ്. ദുബായില്‍ നിന്ന് ഒരു പരസ്യം ചെയ്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് എന്നോട് പറഞ്ഞു ഓര്‍ഡിനറി ചെയ്യുന്ന സമയത്ത് കുഞ്ചാക്കോയ്‌ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ സൗമ്യയെ അന്വേഷിച്ചിരുന്നുവെന്ന്. അന്ന് വണ്ണാത്തിയൊക്കെ അത്യാവശ്യം ട്രെന്‍ഡായി നില്‍ക്കുന്ന സമയമായിരുന്നു. ഞാന്‍ സുഗീതേട്ടനോട് പറഞ്ഞു എനിക്ക് ഈ വിഷമം താങ്ങാന്‍ പറ്റില്ലെന്ന്..(ചിരിക്കുന്നു). സിനിമ ചെയ്യാനുള്ള മോഹം ഇപ്പോഴും ഉണ്ടെന്നും പറഞ്ഞു. അതൊക്കെ സമയമാവുമ്പോള്‍ വരുമെന്ന് പറഞ്ഞ് സുഗീതേട്ടന്‍ എന്നെ ആശ്വസിപ്പിച്ചു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ സുഗീതേട്ടന്‍ റേഡിയോയില്‍ വന്ന ഒരു പരിപാടിയില്‍ വെച്ച് ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. എന്നെ ഒരിന്റര്‍വ്യൂവോ, ഓഡീഷനോ ഒന്നുമില്ലാതെയാണ് മൂവി തുടങ്ങതിന് ഒരാഴ്ച്ച മുമ്പ് സിനിമയിലേക്ക് വിളിക്കുന്നത്. സ്വാതി എന്ന ക്യാരക്ടറിന് ആപ്റ്റായിട്ട് ഒരാളെ കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്. അതിനായി കുറച്ച് ഫോട്ടോസ് ചോദിച്ചിരുന്നു. കണ്ണടയൊക്കെ വെച്ച്, മെയ്ക്കപ്പില്ലാത്ത കുറച്ച് ഫോട്ടോസ്. പിന്നെ വിളിക്കാമെന്നാണ് പറഞ്ഞതെങ്കിലും സത്യത്തില്‍ ഞാന്‍ വിളി പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ച് രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തണം, നമ്മള്‍ മൂവി ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞു. അങ്ങനെയാണ് കിനാവള്ളിയിലേക്ക് എത്തിച്ചേരുന്നത്. മറ്റൊരു പ്രത്യേകത സുഗീതേട്ടനും, ചീഫ് അസോസിയേറ്റ് സൂര്യേട്ടനുമൊഴിച്ച് ആ ചിത്രത്തിലെ ബാക്കിയെല്ലാവരും ഫ്രെഷേഴ്‌സായിരുന്നുവെന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു വലിയ ടീമിന്റെ ടെന്‍ഷനൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.

- അതിന് ശേഷമാണോ അനു സിതാരയോടൊപ്പം ‘നീയും ഞാനും’ എന്ന ചിത്രത്തിലെത്തുന്നത്..?
അതെ, എ. കെ. സജന്‍ സാറാണ് ആ സിനിമ ചെയ്തത്. അതില്‍ വിഷ്ണുച്ചേട്ടന്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ആ ഗസ്റ്റ് റോളിനൊപ്പമുള്ള ഒരു പെയറായിട്ടാണ് ഞാനെത്തുന്നത്. പക്ഷെ നല്ലൊരു കോമ്പിനേഷനായിരുന്നു. സെക്കന്‍ഡ് ഹാഫിന് ശേഷമാണ് ഞങ്ങളുടെ കൂടുതല്‍ രംഗങ്ങളുള്ളത്.
- ദുബായി ജീവിതത്തെക്കുറിച്ചൊക്കെ പറഞ്ഞെങ്കിലും സൗമ്യ ഒരു തൃശ്ശൂര്‍ക്കാരിയാണ്. ആറാട്ടുപുഴയാണ് വീട്. തൃശ്ശൂര്‍ പൂരത്തേക്കാളും പ്രസിദ്ധമായ പൂരമാണ് ആറാട്ടുപുഴയിലേത്. അവിടുത്തെ പൂരത്തില്‍ നിന്നാണ് തൃശ്ശൂര്‍ പൂരം വരെ ആരംഭിക്കുന്നത്. നാട്ടിലേക്ക് പൂരത്തിന്റെ സമയത്ത് ഓടിയെത്താറുണ്ടോ..?
ഓ തീര്‍ച്ചയായും… അമ്മയും അച്ഛനുമൊക്കെ പിന്നെ അവിടെത്തന്നെയാണല്ലോ. ആ അവസരങ്ങളിലൊക്കെ എത്താറുണ്ട്.
- തീര്‍ത്തും വ്യത്യസ്ഥമായ ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നും നഗരജീവിതത്തിലേക്ക് എത്തുമ്പോള്‍ ഇത് രണ്ടും ആസ്വദിക്കാന്‍ കഴിയാറുണ്ടോ..?
ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പാലക്കാട് എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ ദുല്‍ഖര്‍ ചേട്ടന്‍ പറഞ്ഞതുപോലെ ”ചായ, മഴ, അന്തസ്സ്” അതേ ലെവലാണ്. പിന്നെ അമ്പലം അടുത്തുണ്ട്, പുഴ… അതൊക്കെ കണ്ട് മതിമറന്ന് പോകും.
- മോഡലിങ്ങ്, മിസ്സ് കേരള പട്ടം ഇതിനേക്കുറിച്ചൊക്കെ എന്താണ് പറയാനുള്ളത്…?
(ചെറിയ ചമ്മലോടെ പുഞ്ചിരിക്കുന്നു). ഞാന്‍ 2011ല്‍ മിസ്സ് കേരളയ്ക്ക് വേണ്ടി പങ്കെടുത്ത് ഫൈനലില്‍ തേര്‍ഡ് റൗണ്ട് വരെയെത്തി. എന്റെ ഫാമിലിയിലെ ഒരങ്കിളാണ് എനിക്ക് വേണ്ടിയത് സജസ്റ്റ് ചെയ്തത്. ഞാന്‍ പോലും അറിയാതെയാണ് അന്ന് മിസ്സ് കേരളയ്ക്ക് എന്റെ ഫോട്ടോയും വിവരങ്ങളുമൊക്കെ അയക്കുന്നത്. ഒരു ദിവസം അവര്‍ വിളിച്ച് പറഞ്ഞു സെലക്ടഡാണ്, ഓഡീഷന് വരണമെന്ന്.. ഞാന്‍ വീട്ടിലൊക്കെ, പോകുന്നില്ല, എനിക്ക് റാമ്പ് വാക്ക് ഒന്നും അറിയില്ല എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. ഒടുവില്‍ പോകേണ്ടി വന്നു. പക്ഷെ നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു. കുറേ പേരെ കാണാനും പരിചയപ്പെടാനുമൊക്കെ സാധിച്ചു. പിന്നെ മോഡലിങ്ങും പരസ്യങ്ങളുമൊക്കെ നാട്ടിലുള്ളപ്പോള്‍ അത്യാവശ്യം ചെയ്തിട്ടുണ്ട്. ദുബായില്‍ പോയപ്പോഴും ചെയ്തിട്ടുണ്ട്. അതങ്ങനെ ഒരു ഭാഗത്ത് കൂടി പോകുന്നു.

- ഫാമിലിയെക്കുറിച്ച്…?
വീട്ടില്‍ അമ്മയും അമ്മമ്മയും അച്ഛനും ഹസ്‌ബെന്‍ഡുമൊക്കെയുണ്ട്. എല്ലാവരും ദുബായിലാണ്. ഒരു ചേച്ചിയും അനിയനുമാണ് എനിക്കുള്ളത്. ചേച്ചി ഫാമിലിയുമായി ദുബായിലാണ്. അനിയത്തി അവിടെ ഡിഗ്രിക്ക് പഠിക്കുകയാണ്.
- സൗമ്യ മറ്റെന്ത് ജോലിയാണ് ചെയ്തിരുന്നത്…?
ഞാന്‍ ഒരു കമ്പനിയില്‍ അസിസ്റ്റന്റ് എച്ച് ആര്‍ മാനേജറായിരുന്നു. പക്ഷെ ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി ജോലി നിര്‍ത്തേണ്ടി വന്നു.
- സിനിമയോടുള്ള ഈ കമ്മിറ്റ്‌മെന്റ് മലയാളം സിനിമ അറിയുന്നില്ലല്ലോ…
(ചിരിക്കുന്നു) ദൈവമേ അറിഞ്ഞാല്‍ മതിയായിരുന്നു എന്ന് തന്നെയാണ്. ജോലിയും അഭിനയവും കൂടിയാകുമ്പോള്‍ രണ്ടിലും നമുക്ക് ഫോക്കസ് ചെയ്യാന്‍ പറ്റാതെയാവുകയാണ്. പിന്നെ പെട്ടന്ന് ഷൂട്ടിനൊക്കെ വരേണ്ടി വന്നാല്‍ അതൊന്നും നടക്കില്ല. അപ്പോള്‍ ഞാന്‍ കരുതി എന്തായാലും ഇത്രയും നാള്‍ ജോലി ചെയ്തു, ഇപ്പോള്‍ നോക്കുമ്പോള്‍ അണ്‍ എക്‌സ്‌പെക്ടഡായാണ് ഒരു റീ എന്‍ട്രി കിട്ടിയത്. അപ്പോള്‍ ഫുള്‍ ഫോക്കസ് സിനിമയ്ക്ക് കൊടുക്കണം എന്ന് തോന്നി.
- നൃത്തത്തിന് ജീവിതത്തില്‍ എത്ര പ്രാധാന്യമുണ്ട്…?
നൃത്തം വളരെയധികം ഇഷ്ടമാണ്. ക്ലാസിക്കല്‍ ഡാന്‍സിലാണ് എനിക്ക് താല്‍പര്യം. ഞാന്‍ എട്ടു വയസ്സ് മുതല്‍ ദുബായിലുള്ള പ്രേം മാഷിന്റെയടുത്ത് നിന്ന് നൃത്തം പഠിച്ചു കൊണ്ടിരിക്കുകയാണ്. അത് ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുന്നു. ദുബായില്‍ കോമ്പറ്റീഷന്‍സിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ഞാന്‍ പ്രോാഗ്രാംസും ചെയ്യാറുണ്ട്.