അഭിനയമില്ലാത്ത നിലപാടുകള്‍: അഹമ്മദ് സിദ്ദിഖ്

കെ ടി മിറാഷ് എന്ന സാള്‍ട്ട് ആന്‍ പെപ്പര്‍ ചിത്രത്തിലെ പഠിപ്പിസ്റ്റ് കഥാപാത്രത്തെ അറിയാത്ത ഒരു സിനിമാപ്രേമിയുമുണ്ടാവില്ല. അത്രക്ക് ആഴത്തിലാണ് അഹമ്മദ് സിദ്ദിഖ് എന്ന പ്രതിഭ തന്റെ ആദ്യ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സില്‍ പതിപ്പിച്ചത്. ഒരെഴുത്തുകാരനായി സിനിമയിലേക്ക് പ്രവേശിച്ച അഹമ്മദ് പിന്നീട് അഭിനേതാവായത് യാദൃശ്ചികതയല്ല. 2009ല്‍ പത്ത് സംവിധായകരുടെയും പത്ത് ഛായാഗ്രാഹകരുടെയും സാന്നിധ്യത്തോടെ രഞ്ജിത്ത് നിര്‍മ്മിച്ച കേരള കഫേ എന്ന ചിത്രത്തിലെ മൃത്യുഞ്ജയം എന്ന ഒരേട് അഹമ്മദിന്റെ ആദ്യ അരങ്ങേറ്റ രചനയായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയിലും അഹമ്മദിന്റെ തൂലിക ചലിച്ചു. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും സ്വന്തമായ നിലപാടുകളുള്ള ഒരു കലാകാരനാണ് അഹമ്മദ്. ഇപ്പോള്‍ ആസിഫലിക്കൊപ്പം കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലും വിനീത് ശ്രീനിവാസനൊപ്പം മനോഹരം എന്ന ചിത്രത്തിലും തന്റെ പ്രധാന കഥാപാത്രങ്ങളുമായി ബിഗ്‌സ്‌ക്രീനില്‍ തിരിച്ചെത്തുകയാണ് അഹമ്മദ്. സെല്ലുലോയ്ഡിനോട് അഹമ്മദ് പങ്കുവെച്ച വിശേഷങ്ങളിലേക്ക്…

  • കക്ഷി അമ്മിണിപ്പിള്ളയെക്കുറിച്ച്…?

പെരുന്നാളിനാണ് കക്ഷി അമ്മിണിപ്പിള്ള റിലീസ് വെച്ചിരിക്കുന്നത്. അതില്‍ ഷജിത് കുമാര്‍ അമ്മിണിപ്പിള്ള എന്ന കഥാപാത്രമാണ് ചെയ്യുന്നത്. ആളൊരു തലശ്ശേരിക്കാരനാണ്. അവിടുത്തെ കുറച്ച് കാര്യങ്ങളും നിയമക്കുരുക്കുകളില്‍പെടുന്നതും അങ്ങനെയുള്ള കുറച്ച് കാര്യങ്ങളിലാണ് കക്ഷി അമ്മിണിപ്പിള്ള മുന്നോട്ട് പോകുന്നത്. അതില്‍ ആസിഫാണ് പ്രദീപന്‍ വക്കീല്‍ എന്ന് പറയുന്ന കഥാപാത്രം ചെയ്യുന്നത്. ആസിഫിന്റെയടുത്ത് വരുന്ന ഒരു ക്ലൈന്റായിട്ടാണ് ഷജിത്ത് ചിത്രത്തിലെത്തുന്നത്.

  • സാള്‍ട്ട് ആന്റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തിലേക്കെത്തിച്ചേരുന്നത്…?

അത് കംപ്ലീറ്റ്‌ലി ആഷിഖ് ഇക്കയുടെ (ആഷിഖ് അബു) ഡിസിഷനായിരുന്നു. ആഷിഖ് ഇക്ക എന്നെ കാണുന്നത് എഴുതുന്ന ഒരു കാര്യത്തിന് വേണ്ടി ഡിസ്‌കസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്. അത്ര കോണ്‍ഫിഡന്‍സില്ലായിരുന്നു. പക്ഷെ ആഷിഖ് അബു ഫിലിം മെയ്ക്കിങ്ങ് എന്ന് പറഞ്ഞാല്‍ എത്ര കോണ്‍ഫിഡന്റല്ലാത്ത ആളെയും കോണ്‍ഫിഡന്റാക്കി അഭിനയിപ്പിക്കും. അത് അങ്ങനെ സംഭവിച്ച് പോയൊരു കാര്യമാണ്.

  • ഓരോ ഇടവേളകള്‍ക്ക് ശേഷമാണ് പുതിയ ചിത്രങ്ങളിലെത്തുന്നത്.തെരഞ്ഞെടുക്കുന്നതാണോ?

എയ് ഇല്ല. അഭിനയിക്കാനൊന്നും അത്ര അറിഞ്ഞ് കൂടാ… അതുകൊണ്ടാണ്. അഭിനയിക്കാന്‍ നല്ല ആത്മവിശ്വാസവും കുറച്ച് കഴിവും ഉണ്ടായിരുന്നെങ്കില്‍ ഞാനീ പറഞ്ഞതുപോലെ ഒത്തിരി സിനിമകള്‍ ചെയ്‌തേനെ. ഇടക്ക് ഇന്ററസ്റ്റിങ്ങായ ഒരു ടീമും ആള്‍ക്കാരും കൂട്ടുകാരും ഫ്രണ്ട്‌സുമൊക്കെ വരുമ്പോള്‍ കുറച്ച് കൂടി കംഫര്‍ട്ടബിളാണ്. പിന്നെ എന്നെ ഒത്തിരി മോശമായി ചീത്ത കേള്‍ക്കാത്ത ഒരവസ്ഥയും ഉണ്ടാകുമല്ലോ… (ചിരിക്കുന്നു)

  • വ്യക്തിപരമായി അടുപ്പം തോന്നുന്ന സുഹൃത്തുക്കളോടൊപ്പമാണോ അഭിനയിക്കാന്‍ ഇഷ്ടം…?

ഒരു കംഫര്‍ട്ട് സോണുണ്ട്. ഞാനതിന്റെ വെളിയിലേക്കധികം നോക്കിയിട്ടില്ല. ഇത്രയും നാള്‍ അങ്ങനെയായിരുന്നു. ചെയ്ത കഥാപാത്രങ്ങളില്‍ അടുത്ത് നില്‍ക്കുന്നത് എന്ന് എടുത്ത് പറയുന്ന ഒന്നില്ല. ഞാനങ്ങനെ ഒരു കഥാപാത്രമായി മാറാറൊന്നുമില്ല. എന്റെ കയ്യില്‍ നിന്നുള്ള പൊടിക്കൈകളും അവിടുന്നും ഇവിടുന്നുമൊക്കെയായി കണ്ട കാര്യങ്ങളുമൊക്കെയാണ് അധികവും ഇടാറുള്ളൂ. സംവിധായകരുടെ കാര്യത്തിലും അങ്ങനെ തന്നെ. സിനിമയുടെ പുറത്ത് സുഹൃത്തായ ഒരാള്‍ സംവിധാനം ചെയ്ത് നമ്മളെ അഭിനയിപ്പിക്കുമ്പോള്‍ അതില്‍ തീര്‍ച്ചയായും ഒരു ഫ്രീഡമുണ്ട്. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന ഒരു സന്തോഷവുമുണ്ട്.

  • സിനിമയിലേക്കുള്ള എന്‍ട്രിയെക്കുറിച്ച്…?

കേരള കഫേ എന്ന സിനിമയിലെ മൃത്യുഞ്ജയം എന്ന ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്ററായാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ഇപ്പോഴും എഴുത്ത് തന്നെയാണ് പ്രധാന ലക്ഷ്യം. അഭിനയം അതിന്റെ ഇടയില്‍ ഇങ്ങനെ വന്ന് പോകുന്നെന്നേയുള്ളു. ഗ്യാങ്ങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതിയിട്ടുണ്ട്. ഞാനും അഭിലാഷേട്ടനും കൂടിയാണ് അത് എഴുതിയിട്ടുള്ളത്.

  • പുതിയതായി ഏതെങ്കിലും പ്രൊജക്ടുകള്‍ എഴുതുന്നുണ്ടോ…?

അതെ.. ഞാന്‍ പുതിയതായി എഴുതിക്കൊണ്ടിരിക്കുകയാണ് ഒരെണ്ണം. അതിന്റെ വര്‍ക്കിലാണ്. അതിന്റെ കൂട്ടത്തില്‍ അഭിനയം ഇങ്ങനെ പോകുന്നുണ്ട്. അപ്പോള്‍ ഉടനെ ചെയ്യണമെന്നുണ്ട്.

  • ചെറുപ്പം തൊട്ടേ സിനിമയോട് ഒരു പാഷന്‍ ഉണ്ടായിരുന്നോ…?

സിനിമ എന്നും ഇഷ്ടമാണ്. സിനിമ, മ്യൂസിക്ക്.. സിനിമ ചെയ്യണമെന്ന് സ്‌കൂള്‍ തൊട്ടേ ആഗ്രഹമുണ്ട്. പക്ഷെ അതാരോടും പറഞ്ഞിട്ടൊന്നുമില്ല. പറഞ്ഞാല്‍ കളിയാക്കില്ലേ…നമ്മള്‍ പത്തിലും പന്ത്രണ്ടിലുമൊക്കെ പഠിക്കുമ്പോള്‍ സിനിമ ചെയ്യും എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. നമ്മളെ അടിച്ചമര്‍ത്തിക്കളയും. പിന്നെ ഭാഗ്യം വേണമല്ലോ ഭയങ്കരമായിട്ട്.. ഭാഗ്യമുള്ളത് കൊണ്ട് കിട്ടി. അങ്ങനെ വന്നു. പ്രത്യേകിച്ച് വേറൊന്നുമല്ല.

  • ഫേസ്ബുക്കിലെ എല്ലാ പോസ്റ്റുകള്‍ക്കുമൊപ്പം താങ്കള്‍ ഉപയോഗിക്കാറുള്ള വാക്കാണ് ഗോഡ് സ്പീഡ്..?

അതെന്റെ കൂടെ കിട്ടുന്ന ഫ്രീയായിട്ടുള്ള ഒരു സാധനമെന്നാണ് പലരും പറയുന്നത്. ‘നന്മ നേരുന്നു’ എന്നാണ് അര്‍ത്ഥം. അതെനിക്ക് ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ വളരെ ഇഷ്ടപ്പെട്ട ഒരു വാക്കാണ്. അങ്ങനെ ഉപയോഗിച്ച് തുടങ്ങി അതങ്ങനെ അങ്ങനെ അങ്ങ് പോയി.

  • കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയാറുണ്ട്…?

രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകളുണ്ട്. നിലപാടുകള്‍ പറയും. ചിലപ്പോള്‍ അത് മെയ്ന്‍സ്ട്രീം ആയിട്ടുള്ള ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് വ്യത്യസ്ഥമായിട്ടുള്ള നിലപാടുകളായിരിക്കും. പിന്നെ ചിലപ്പോള്‍ തെറി കേള്‍ക്കും, അങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്. (ചിരിക്കുന്നു) പക്ഷെ അതെന്റെ നിലപാടാണ്. അത് പറയും, അത് പറയാറുണ്ട്.

  • പല മേഖലയിലുള്ളവരും പറയാന്‍ ധൈര്യം കാണിക്കാത്ത ഒരു വിഷയമായിരുന്നു സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നിസ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം. അതിനെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം..?

ഞാനായതുകൊണ്ടും എന്നെ ആള്‍ക്കാര്‍ക്ക് അത്രയും അറിയാത്തതുകൊണ്ടും വലിയ കുഴപ്പമില്ലാത്തതുകൊണ്ടും അതങ്ങനെ പോയി. സ്ത്രീകള്‍ മുസ്ലീം പള്ളികളില്‍ കയറാന്‍ പാടില്ലാ എന്നുള്ളതൊക്കെ നമ്മുടെ മാത്രം നാട്ടില്‍ ഉള്ള ഒരു പ്രശ്‌നമാണ്. സത്യത്തില്‍ മുസ്ലീം രാജ്യങ്ങളില്‍ അതൊരു പ്രശ്‌നമായിട്ട് അതെങ്ങുമില്ല. മുസ്ലീം രാജ്യങ്ങള്‍ വിടൂ. മക്കയില്‍ ചെന്നാല്‍ തന്നെ ഒരുമിച്ച് നിന്നാണ് നിസ്‌ക്കരിക്കുന്നത്. ഞാനൊരുപാട് പ്രാവശ്യം അവിടെ പോയിട്ടുള്ളതാണ്, കണ്ടിട്ടുള്ളതാണ്. പിന്നെ മുസ്ലീം സ്ത്രീകളെ പള്ളിയില്‍ കയറല്ലേയെന്ന് മുസ്ലീങ്ങള്‍ പറയുകയാണെങ്കില്‍ അത് തെറ്റാണ്. ചരിത്രമെടുത്തെ് വെച്ച് നോക്കുകയാണെങ്കില്‍ അങ്ങനെ പറയാന്‍ പാടില്ല അവരോട്. പള്ളികളില്‍ വന്നവര്‍ക്ക് നിസ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

  • മൗലികവാദികളുടെ ഇടയില്‍ നിന്നും ഇത്തരം കാര്യങ്ങളിലുള്ള പ്രതികരണത്തിന് അതേ രീതിയിലുള്ള ആക്ഷേപങ്ങളല്ലേ ലഭിക്കാറ്…?

അതിപ്പോ ഞാനല്ല ആരായാലും ഫണ്ടമെന്റലിസ്റ്റുകള്‍ പറഞ്ഞ തെറി വിളികളും ചീത്തകളും ലഭിക്കാറുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒരു ഭാഗമാണ് ഈ ചീത്ത വിളി. കാരണം നമുക്ക് പ്രത്യേകിച്ചൊന്നും പറയാന്‍ പറ്റാത്തപ്പോള്‍ അല്ലെങ്കില്‍ പോയിന്റ്‌സ് കറക്ടായിട്ടില്ലാത്തപ്പോള്‍ ഒന്നും പറയാനില്ലെങ്കില്‍ ചീത്ത വിളിക്കാം. അത് നടക്കും. അതെനിക്ക് മാത്രമല്ല. അതാര്‍ക്ക് വേണമെങ്കിലും
ചെയ്യാം.

  • ഗബ്രിയേല്‍ മാര്‍ക്കേസിന്റെ പുസ്തകങ്ങള്‍ എങ്ങനെ എഴുത്തിനെ സ്വാധീനിച്ചു?

വായന കുറച്ചുകൂടി വേറൊരു തലത്തില്‍ ഞാനറിയാനുണ്ട്. ഞാന്‍ വായിക്കാനുണ്ട് എന്ന് കാണിച്ച് തന്നത് മാര്‍ക്കേസാണ്. ഒരു സമയത്ത് ബുദ്ധി ജീവികള്‍ വായിക്കുന്നൊരു റൈറ്ററാണ് മാര്‍ക്കേസ് എന്ന് വിചാരിച്ച് ഞാനൊന്നു മാറ്റിവെച്ചതാണ്. പക്ഷെ തിരിച്ച്, ഞാന്‍ വായിച്ചുതുടങ്ങിയപ്പോ ഞാന്‍ ചിന്തിച്ചുവെച്ചിരിക്കുന്നതൊക്കെ തെറ്റുകളാണെന്ന് മനസ്സിലായി. ചിന്തകള്‍ മാറ്റേണ്ട ഒരവസ്ഥ വന്നു.

  • കുടുംബം, സ്വദേശം…?

സ്വദേശം കാഞ്ഞിരിപ്പള്ളിയാണ്. ഫാദറിന്റെ സ്ഥലം. ഞങ്ങള്‍ പക്ഷെ തിരുവന്തപുരമാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. തിരുവന്തപുരമാണ് എനിക്ക് കൂടുതല്‍ ഇഷ്ടവും അറിയാവുന്നതും. അപ്പോള്‍ ഞാന്‍ ഒരു തിരുവനന്തുപുരത്തുകാരന്‍ തന്നെയാണ് അങ്ങനെ പറയുമ്പോള്‍. പിന്നെ വീട്ടില്‍ ഞാനാണ് ഏറ്റവും ഇളയത്. എനിക്കൊരു ചേട്ടനും ചേച്ചിയും ഉണ്ട്. എന്റെ വിവാഹം കഴിഞ്ഞു. ഒരു ഒന്നര വര്‍ഷമേ ആയിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട്. വൈഫ് റെഹ്ന ഡോക്ടറാണ്.

  • കക്ഷി അമ്മിണിപ്പിള്ളയിലേയും മനോഹരത്തിലെയും കഥാപാത്രങ്ങളുടെ സ്വഭാവത്തെക്കുറിച്ച്…?

ഒരു സ്വഭാവം വെച്ചിട്ട് നോക്കുകയാണെങ്കില്‍ കൊമേഡിക്കായിട്ട് രണ്ട് പടത്തിലും ഇല്ല. മണ്ടത്തരങ്ങള്‍ കാണിച്ച് ആരെയും ചിരിപ്പിക്കുന്ന ഒരു റൂട്ടിലല്ല മനോഹരത്തിലേയും അമ്മിണിപ്പിള്ളയിലെയും കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നത്. എത്തിപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്നുണ്ടാകുന്ന സിറ്റുവേഷണല്‍ കോമഡിയെന്നു പറയാം അമ്മിണിപ്പിള്ള. റൊമാന്റിക് കോമഡിയാണ്.

  • ‘മനോഹരം’ഒരു എഴുത്തുകാരനെന്ന നിലയില്‍ നോക്കുമ്പോള്‍

മനോഹരം മനോഹരമായ ഒരു സിംപിള്‍ സ്റ്റോറിയാണ്. കുറച്ച് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ്. അത് പറയാന്‍ പറ്റും. കഥ കേട്ടപ്പോള്‍ തന്നെ നല്ല ‘കാച്ചി’യായിട്ട് തോന്നിയിരുന്നു.

  • കക്ഷി അമ്മിണിപ്പിള്ളയെക്കുറിച്ച്… ?

കക്ഷി അമ്മിണിപ്പിള്ള ഒരു റൊമാന്റിക് കോമഡിയാണ്. അതില്‍ കുറച്ച് ലീഗല്‍ കാര്യങ്ങളുമുണ്ട് കുറച്ച് കോടതി മുറി രംഗങ്ങളുമുണ്ട്. അങ്ങനെ പോകുന്ന ഒരു കഥയാണ്. തലശ്ശേരിയിലെ കുറച്ച് ആള്‍ക്കാര്‍, തലശ്ശേരി രീതികള്‍ എല്ലാം കൃത്യമായി ക്യാപ്ചര്‍ ചെയ്യുന്ന ഒരു പടമാണ്. അതിന്റെ ഡയറക്ടറൊക്കെ തലശ്ശേരിക്കാരാണ്. അപ്പോള്‍ നല്ലതുപോലെ ആ ഏരിയയും ആ ക്യാരക്ടേഴ്‌സുമെല്ലാംകൂടി ഡെവലപ് ചെയ്‌തെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

  • ഈ കാലഘട്ടത്തിലെ ഒരു യുവാവ് എന്ന നിലയില്‍ അഹമ്മദിനെ വളരെ ഇന്‍സ്പയര്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് പറയാമോ…?

എന്നെ വളരെ ഇന്‍സ്പയര്‍ ചെയ്ത ഒരു കാര്യമാണ് റസ്സല്‍ ക്രോ ‘ഗ്ലാഡിയേറ്റര്‍’ എന്ന സിനിമയിലെ വേഷത്തിന് ഓസ്‌കാര്‍ കിട്ടിയതിന് ശേഷം അതിനെക്കുറിച്ച് പറയുന്ന ഒന്നര മിനിറ്റുള്ള ഒരു വീഡിയോ. അതൊന്ന് ഗൂഗിള്‍ ചെയ്ത് യൂട്യൂബില്‍ നോക്കി കണ്ടാല്‍ ഭയങ്കര എനര്‍ജി കിട്ടും. കാരണം ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് വേദിയില്‍ ഓസ്‌കാര്‍ മേടിക്കാന്‍ വന്ന് നില്‍ക്കുന്ന ഒരു ചെറുക്കന്റെ കഥയാണ് റസ്സല്‍ ക്രോ പറഞ്ഞത്. ആ ചെറുക്കന് മേടിക്കാന്‍ പറ്റുമെങ്കില്‍ ആര്‍ക്കും സിനിമയില്‍ വരാന്‍ പറ്റും. ഭാഗ്യം വേണം. ട്രൈ ചെയ്താല്‍ ഭാഗ്യം വരും. കാത്തിരുന്നാല്‍ ഭാഗ്യം വരും. ഭാഗ്യം വന്നേ പറ്റു. നല്ല രീതിയില്‍ വര്‍ക്ക് ചെയ്ത് വെയ്റ്റ് ചെയ്താല്‍ ഇന്നല്ലെങ്കില്‍ നാളെ ഭാഗ്യത്തിന് വന്നേ പറ്റു.