ആഡംബര അപ്പാര്‍ട്‌മെന്റ് റെക്കോര്‍ഡ് വിലയ്ക്ക് വാങ്ങി തമന്ന

തെന്നിന്ത്യയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. ബോളീവുഡിലും താരം സാന്നിധ്യമറിയിച്ച് കഴിഞ്ഞു. അടുത്തിടെ താരം മുംബൈ വെര്‍സോവയില്‍ ഒരു അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി. അപ്പാര്‍ട്‌മെന്റിന്റെ നാലുവശത്തുനിന്നു നോക്കിയാലും കടല്‍ കാണാം എന്നതാണ് പ്രത്യേകത. മാര്‍ക്കറ്റ് വിലയേക്കാള്‍ ഇരട്ടി തുക നല്‍കിയാണ് തമന്ന തന്റെ ഈ സ്വപ്ന ഭവനം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2055 സ്‌ക്വയര്‍ ഫീറ്റുളള അപ്പാര്‍ട്‌മെന്റ് 16.60 കോടിക്കാണ് തമന്ന വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപ്പാര്‍ട്‌മെന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നല്‍കിയത്. ഇന്റീരിയര്‍ വര്‍ക്കിനായി 2 കോടിയാണ് തമന്ന ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതു വശത്തുനിന്നു നോക്കിയാലും കടലിന്റെ ഭംഗി ആസ്വദിക്കാമെന്നതാണ് ഇത്രയും തുക മുടക്കി തമന്ന അപ്പാര്‍ട്‌മെന്റ് വാങ്ങാന്‍ കാരണമെന്നാണ് ബാന്ദ്രയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാര്‍ പറയുന്നത്.

22 നിലകളുളള കെട്ടിടത്തിലെ 14ാം നിലയിലാണ് തമന്നയുടെ അപ്പാര്‍ട്‌മെന്റ്. തമന്നയുടെയും അമ്മ രജനി ഭാട്ടിയയുടെയും പേരിലാണ് അപ്പാര്‍ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ലോകന്ദ്‌വാല കോംപ്ലക്‌സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അധികം വൈകാതെ തന്നെ കുടുംബം പുതിയ അപ്പാര്‍ട്‌മെന്റിലേക്ക് മാറിയേക്കും.