അന്നും ഇന്നും ശാന്തികൃഷ്ണ

ഒരുകാലത്ത് മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ശാന്തികൃഷ്ണ. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ താരം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളുമായി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തികൃഷ്ണയുടെ സിനിമ അഭിനയത്തിന് തുടക്കം. തുടര്‍ന്ന് കൈനിറയെ ചിത്രങ്ങളും രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ലഭിച്ചു. നിവിന്‍പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ തിരിച്ചുവന്ന ശാന്തികൃഷ്ണ ഇന്ന് അഭിനയ തിരക്കിലാണ്. തന്റെ പുതിയ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് താരം.

 • ഓരോ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും ഇടവേള കഴിഞ്ഞാണ് തിരിച്ചെത്തുന്നതെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നേയില്ല. അതെന്തുകൊണ്ടാണ്…?

മലയാളികളുടെ സ്‌നേഹം തന്നെയാണ് ഇതിന്റെ കാരണം. തുടക്കം മുതല്‍ ഇപ്പോള്‍ വരെ മറക്കാന്‍ പറ്റാത്ത ക്യാരക്ടറുകളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അത് എല്ലാവരുടെയും മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെയധികം സന്തോഷം. ദൂരദര്‍ശന്‍ മാത്രമുള്ള സമയത്ത് കുറേ സീരിയലുകള്‍ ചെയ്തിരുന്നതിനാല്‍ വീട്ടമ്മമാരെല്ലാം എന്നെ അവരുടെ ഫാമിലി മെമ്പറായിട്ടാണ് കണ്ടിരുന്നത്. ഇന്നും എന്നെ ആളുകള്‍ കാണുമ്പോള്‍ പ്രായമായവര്‍ പോലും അവരുടെ സ്വന്തം ആളെ പോലെയാണ് കാണുന്നത്. അത് കാണുമ്പോള്‍ എനിക്കും വളരെയധികം സന്തോഷം തോന്നാറുണ്ട്. സ്‌നേഹം കൊടുക്കാനാണ് ഇഷ്ടം. അത് തന്നെയാണ് എനിക്ക് തിരിച്ചുകിട്ടുന്നതും.

 • തമിഴാണ് മാതൃഭാഷ, മുംബൈയില്‍ പഠിച്ചു. പക്ഷെ മലയാളികളുടെ ഇഷ്ടതാരം. ഈ ഒരു ഒഴുക്ക് എങ്ങനെ…?

ഒന്നും ആസൂത്രിതമല്ല. സിനിമയില്‍ പോലും ഞാനെത്തിയത് അങ്ങനെയാണ്. ജനിച്ച് വളര്‍ന്നത് ബോംബൈയിലാണെങ്കിലും വീട്ടില്‍ തമിഴാണ് സംസാരിക്കുന്നത്. മലയാളമൊക്കെ കേട്ട് പരിചയമേ ഉണ്ടായിരുന്നുള്ളു. ആദ്യ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മലയാളം ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ മനസ്സിലാവും. പക്ഷെ അന്ന് അമ്മ കൂടെ വേണമായിരുന്നു. കാരണം അമ്മയ്ക്ക് മലയാളം അറിയാം. മലയാള സിനിമയിലേക്ക് ചാന്‍സ് കിട്ടിയപ്പോള്‍ മലയാളമെനിക്കറിയില്ലല്ലൊ എന്നൊരു ചിന്തപോലും ഉണ്ടായിരുന്നില്ല. കലയോടുള്ള സ്‌നേഹംകൊണ്ടും അങ്ങനെയൊരു റോള്‍ എനിക്ക് കിട്ടിയതുകൊണ്ടും സിനിമ ചെയ്ത് തിരിച്ച് വരാമെന്നൊരു ഫീലിലാണ് ഞാന്‍ അന്ന് ഓക്കെ പറഞ്ഞതും, ആദ്യ ചിത്രമായ നിദ്രയില്‍ അഭിനയിച്ചതും. വിധിച്ചത് പോലെ രണ്ടാമതും ബാലചന്ദ്രമേനോന്റെ താരാട്ട് എന്ന ചിത്രം വന്നു. പിന്നീട് കേള്‍ക്കാത്ത ശബ്ദം, കിലുകിലുക്കം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കൊപ്പം തമിഴിലും ചിത്രം ചെയ്തു. മൂന്നാം വരവ് എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ഇതും പ്ലാന്‍ ചെയ്തതല്ല. ദൈവാദീനംകൊണ്ടും എല്ലാവരുടെയും സ്‌നേഹം കൊണ്ടുമാണ് എല്ലാം.

 • രണ്ട് തവണ ഗ്യാപ്പുവന്നെങ്കിലും ശാന്തി കൃഷ്ണയ്ക്ക് സിനിമയിലെത്താന്‍ തടസ്സങ്ങളൊന്നുമില്ല. പക്ഷെ ഫിലിം ഇന്‍ഡസ്ട്രി ഒരിക്കലും അങ്ങനെയല്ല. ഒരാള്‍ക്ക് എപ്പോഴേലും വരണമെന്ന് വിചാരിച്ചാല്‍ വരാന്‍ പറ്റുന്നൊരു സാഹചര്യമല്ല…?

അതിനെ വിധിയെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ എവിടെ പോയാലും തിരിച്ച് സിനിമയിലേക്കെത്തുന്നു. 22 വര്‍ഷത്തെ ഗ്യാപ്പിനു ശേഷം വീണ്ടും ട്രൈ ചെയ്താല്‍ സിനിമയിലേക്ക് തന്നെ പോകാന്‍ പറ്റുമോ എന്നൊരു ചിന്ത പോലും എനിക്കില്ലായിരുന്നു. സിനിമ കരിയറായിട്ട് എടുക്കണമെന്ന് പ്ലാന്‍ ചെയ്ത് വന്നതല്ല. സിനിമയില്‍ വന്നതും വേണ്ടെന്നു വെച്ചതും എന്റെ തന്നെ തീരുമാനമായിരുന്നു. ആ ഇടവേള സമയത്ത് ഒരുപാട് പേര്‍ എന്നെ സിനിമയിലഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. അപ്പോള്‍ ഞാന്‍ തന്നെയാണ് അഭിനയിക്കില്ലെന്നു പറഞ്ഞത്. എന്റെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളില്‍ നിന്നും കര കയറ്റിയത് സിനിമയാണ്. 80 കളില്‍ ഒരു രസത്തിന് ചെയ്തതാണ് സിനിമ. 90 കളില്‍ ഒരു കോണ്‍ഫിഡന്‍സില്ലാതെയാണ് ഞാന്‍ സിനിമയില്‍ വന്നത്. ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ എന്നെ നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണ്. അതിന് ശേഷം എനിക്ക് വന്ന ക്യാരക്ടേര്‍സും എനിക്ക് കിട്ടിയ സ്‌നേഹവും ‘ചകോരം’, ‘സവിധം’ എന്നീ ചിത്രങ്ങള്‍ക്ക് എനിക്ക് കിട്ടിയ സ്റ്റേറ്റ് അവാര്‍ഡുമെല്ലാം വളരെയധികം സന്തോഷം നല്‍കിയ കാര്യമായിരുന്നു. ‘സുകൃതം’ കഴിഞ്ഞതിന് ശേഷം ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യം കൊണ്ട് എനിക്ക് ഓട്ടോമാറ്റിക്കലി പോവേണ്ടി വന്നു. പിന്നെ എന്റെ ലൈഫില്‍ ഒരുപാട് കാര്യങ്ങള്‍ നടന്നു. പിന്നീട് തിരിച്ചുവരവില്‍ എനിക്ക് വേണ്ടി എഴുതിയ കഥാപാത്രംപോലെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തില്‍ ‘ഷീല ചാക്കോ’ എന്ന ക്യാരക്ടര്‍ ചെയ്യാന്‍ പറ്റി. അങ്ങനെയൊരു ക്യാരക്ടര്‍ എനിക്ക് വന്നില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാന്‍ സിനിമയില്‍ വീണ്ടും വരില്ലായിരുന്നു. വീണ്ടും ഞാന്‍ സിനിമയില്‍ എത്തിയത് തീര്‍ച്ചയായിട്ടും ദൈവാനുഗ്രഹം കൊണ്ടാണ്.

 • ഭരതനെപ്പോലെ വലിയൊരു ഡയറക്ടറുടെ കീഴില്‍ തുടക്കം…?

ഭരതേട്ടനാണ് എന്നെ ‘നിദ്ര’യില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത്. അത് കഴിഞ്ഞ് അദ്ദേഹത്തിന്റെ ഈണം എന്ന ചിത്രവും ചെയ്തു. വളരെ മനോഹരമായിട്ടുള്ള ഒരു ചിത്രമായിരുന്നെങ്കിലും അത് പോപ്പുലറായില്ല. ചിത്രത്തിലെ ഒരു ഗാനം മ്യൂസിക്ക് ചെയ്തത് ഭരതേട്ടന്‍ തന്നെയാണ്. അതിന് ശേഷം ഭരതേട്ടന്റെ ഒരു തെലുങ്ക് ചിത്രത്തില്‍ ഞാനൊരു അമ്മയുടെ ക്യാരക്ടറാണ് ചെയ്തത്. ഈ ഒരു ചിത്രം മാത്രമേ ഞാന്‍ തെലുങ്കില്‍ ചെയ്തിട്ടുള്ളു.

 • ഇന്നത്തെ ജനറേഷനൊടൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുള്ള എക്‌സ്പീരിയന്‍സ്…?

ഇന്നത്തെ ജനറേഷനിലുള്ളവരാണ് എന്റെ മക്കള്‍. അതിനനുസരിച്ച് ഞാന്‍ അപ്‌ഡേറ്റഡായി നിന്നില്ലെങ്കില്‍ അവര്‍ എന്നെ പഴഞ്ചന്‍ എന്ന് പറഞ്ഞ് ഒരു സൈഡില്‍ ഒതുക്കിവെയ്ക്കും. എന്റെ മക്കള്‍ കാരണം എനിക്ക് പറയാം ഞാനിന്ന് ഈ ജനറേഷനില്‍ പിടിച്ച് നില്‍ക്കുന്നുവെന്ന്. അല്‍ത്താഫ് ഒരുക്കിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യില്‍ അത്രയും നല്ലൊരു ക്യാരക്ടര്‍ ഒരു ആര്‍ട്ടിസ്റ്റും വേണ്ടെന്ന്‌വെയ്ക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ ക്യാരക്ടറിനായി ബാംഗ്ലൂരില്‍ വന്നിട്ടാണ് ഇവര്‍ കഥപറയുന്നത്. ഇത്രയും നല്ലൊരു ക്യാരക്ടര്‍ എനിക്ക് അഭിനയിക്കാന്‍ പറ്റുമോ എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. അവര്‍ പോയതിന്റ അടുത്ത ദിവസം വിളിച്ചിട്ട് എന്നോട് പറഞ്ഞു വര്‍ക്ക്‌ഷോപ്പ് ഉണ്ടെന്ന്. ചിത്രത്തിന്റെ എല്ലാ ക്രൂവും ആ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് ഒരു ഷോട്ടും അഭിനയിച്ചു. അഭിനയത്തില്‍ നിന്ന് ഒരു ഗ്യാപ്പെടുത്ത് തിരിച്ചെത്തിയ എന്നെ കംഫര്‍ട്ടാക്കാനാണ് ആ വര്‍ക്ക്‌ഷോപ്പ് വെച്ചതെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. ഒരു അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് ഈ കാര്യം പറഞ്ഞത്. ടെക്‌നോളജിയെല്ലാം മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഡയറക്ടറെ കാണുന്നത് മോണിറ്ററിന്റ അടുത്തൊക്കെയാണ്. പണ്ട് അങ്ങനെയല്ല. ക്യാമറയുടെ തൊട്ടടുത്താണ് ഡയറക്ടര്‍ ഉണ്ടാവുക. ഇന്നത്തെ ജനറേഷനിലുള്ള പിള്ളേരുടെ സ്‌നേഹംവും ബഹുമാനവുമെല്ലാം മനോഹരമായൊരു എക്‌സ്പീരിയന്‍സായിരുന്നു.

 • സിദ്ധാര്‍ത്ഥ് ഭരതന്‍ നായകനായത്തിയ ‘നിദ്ര’യുടെ റീമേക്കിനെക്കുറിച്ച്..

ചിത്രം ഞാന്‍ കണ്ടിരുന്നു. പക്ഷെ കുറച്ച് വ്യത്യസ്ഥമായിരുന്നു. അങ്ങനെയുള്ള ക്ലാസിക്ക് ചിത്രങ്ങളുടെ റീമേക്ക് ചെയ്യാതിരിക്കുകയാകും നല്ലത്. കാരണം ഭരതേട്ടന്റെ വിഷന്‍ വേറെയാണ്. ലെജന്റായിട്ടുള്ള ഡയറക്ടേഴ്‌സിന്റെ വിഷന്‍ മോണിറ്റര്‍ വെച്ചിട്ടൊന്നുമല്ലല്ലോ… അവരുടെ മനസ്സിലുള്ളതാണ് കംപ്ലീറ്റായിട്ട് സ്‌ക്രീനില്‍ കാണുന്നത്. അത്രയും വിഷ്വലൈസേഷന്‍ അവരുടെ മനസ്സിലുള്ളത്‌കൊണ്ടാണ് ഇത്രയും ക്ലാസിക്ക് സിനിമകള്‍ പണ്ട് ഉണ്ടായിട്ടുള്ളത്. അങ്ങനെയുള്ള ലെജന്‍ഡറി ആക്ടേര്‍സിന്റെ കൂടെയും സംവിധായകരുടെ കൂടെയും എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വളരെ ഭാഗ്യമായി കരുതുന്നു. ഈ ജനറേഷനിലെ ടെക്‌നോളജി വെച്ച് അപ്‌ഡേറ്റ് ചെയ്ത് എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. ഇന്നത്തെ കൊച്ചുകുട്ടികള്‍പോലും എന്നെ അറിയാമെന്ന് പറയുമ്പോള്‍ വളരെയധികം സന്തോഷം.

 • ലൈഫിലെ ഏറ്റവും വലിയ ടേണിംഗ് പോയന്റായിരുന്നു ‘ചകോര’ത്തിന് ലഭിച്ച പുരസ്‌ക്കാരം…?

ശാരദാമണി എന്ന ക്യാരക്ടറായിരുന്നു ചിത്രത്തില്‍ ചെയ്തത്. വീണ്ടും സിനിമയിലേക്ക് വരാന്‍ പറ്റിയൊരു സാഹചര്യമല്ലായിരുന്നു എനിക്കപ്പോള്‍. ‘നയം വ്യക്തമാക്കുന്നു’ ചെയ്യുന്ന സമയത്ത് ഞാന്‍ ഒരുപാട് തടിച്ചിരുന്നു. പക്ഷെ ‘ചകോര’ത്തിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ നന്നായിട്ട് മെലിഞ്ഞിരുന്നു. ലോഹിചേട്ടന്‍ എന്നെ വിളിച്ച് സെറ്റില്‍ വരാന്‍ പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ സംവിധായകന്‍ വേണുവും, ലോഹിചേട്ടനും പറഞ്ഞത് ”വിഷ്ണു ലോകത്തിലും നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലും കണ്ട ശാന്തിയെയാണ് ശാരദമണിയായിട്ട് കണ്ടത്. ഇപ്പോള്‍ ശാന്തി മെലിഞ്ഞിട്ടാണല്ലൊ’ എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു ”എത്ര വേണേലും ഭക്ഷണം കഴിച്ച് ഞാന്‍ തടിച്ചോളാം. പക്ഷെ ഈ ക്യാരക്ടര്‍ എനിക്ക് തന്നെ വേണം” എന്ന്. അങ്ങനെയാണ് ഞാന്‍ ‘ചകോര’ത്തിലെത്തുന്നതും സ്‌റ്റേറ്റ് അവാര്‍ഡ് ആ ചിത്രത്തിന് എനിക്ക് ലഭിക്കുന്നതും.

 • ജോണ്‍പോളിന്റെ തിരക്കഥയില്‍ ചിത്രങ്ങള്‍ ചെയ്തു. അദ്ദേഹം എഴുതിയ സവിധത്തിലൂടെയാണ് ആദ്യ സ്‌റ്റേറ്റ് അവാര്‍ഡ്. അതിനെക്കുറിച്ച്…?

എന്റെ വയസ്സിനേക്കാള്‍ കൂടുതലല്‍ വയസുള്ള ഒരു ക്യാരക്ടറായിരുന്നു സവിധത്തിലും ചെയ്തത്. നെടുമുടിവേണു ചേട്ടനാണ് ആ ചിത്രം ചെയ്യാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്. മാധുവിന്റെയും സുനിതയുടെയും അമ്മയായിട്ടാണ് ഞാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആ വേഷത്തില്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ആള്‍ക്കാര്‍ എന്തു പറയുമെന്നുള്ള ടെന്‍ഷന്‍ ആദ്യം ഉണ്ടായിരുന്നു. ഈ കാര്യക്ടര്‍ ചെയ്യാന്‍ എനിക്ക് പറ്റും എന്നുള്ള കോണ്‍ഫിഡന്‍സുളളത് കൊണ്ടാണ് എന്നെ വിളിക്കുന്നതെന്ന് പറഞ്ഞ് സംവിധായകനെല്ലാം പ്രോത്സാഹിപ്പിച്ചു. അതിന് ശേഷം നെടുമുടി വേണുചേട്ടന്‍ എന്റെയടുത്ത് പറഞ്ഞത് ‘നമ്മള്‍ ആര്‍ട്ടിസ്റ്റുകളല്ലേ. അപ്പോള്‍ നമുക്ക് കിട്ടുന്ന ചലഞ്ചിംഗായിട്ടുളള ക്യാരക്ടേര്‍സ് ഉണ്ടെങ്കില്‍ അത് ചെയ്ത് കാണിച്ചുകൊടുക്കണം. അതാണ് ആര്‍ട്ടിസ്റ്റ്. നമ്മള്‍ നമ്മളായിട്ട് പോയാല്‍ അതില്‍ എന്ത് കാര്യമാണുള്ളത്’ എന്നാണ്. ആ കോണ്‍ഫിഡന്‍സ് കൊണ്ടാണ് എനിക്ക് ആ മനോഹരമായ ക്യാരക്ടര്‍ ചെയ്യാന്‍ സാധിച്ചത്.

 • എം.ടി സാറിന്റെ തിരക്കഥയില്‍ സുകൃതം എന്ന ചിത്രം ചെയ്തു…

ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത ‘പരിണയ’മാണ് എംടി സാറിനൊപ്പമുള്ള എന്റെ ആദ്യ ചിത്രം. വടക്കന്‍ വീരഗാഥയൊക്കെ കണ്ട് ഹരിഹരന്‍ സാറിന്റെ വലിയൊരു ആരാധികയായി മാറിയിരുന്നു ഞാന്‍. സാര്‍ ‘പരിണയ’ത്തിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ മറ്റൊന്നും ചിന്തിച്ചില്ല, ഓകെ പറഞ്ഞു. ചിത്രത്തില്‍ ചെറിയൊരു ക്യാരക്ടറാണെങ്കില്‍പ്പോലും ആ ക്യാരക്ടറിന് വളരെയധികം അഭിനന്ദങ്ങള്‍ എനിക്ക് കിട്ടിയിരുന്നു. അത് പോലെ സുകൃതത്തിലെ ‘ദുര്‍ഗ്ഗ’ എന്ന ക്യാരക്ടര്‍ ചെയ്ത് വന്നപ്പോഴാണ് അതിന്റെ പ്രാധാന്യം മനസ്സിലായത്. സ്ത്രീകള്‍ക്ക് സെല്‍ഫ് റെസ്‌പെക്ട് കൊടുക്കുന്ന ക്യാരക്ടേഴ്‌സാണ് എംടി സാര്‍ എഴുതുക. സുകൃതത്തിലെ ക്യാരക്ടര്‍ എനിക്ക് കിട്ടിയ സുകൃതമാണ്.

 • ഓര്‍മ്മയിലുള്ള മികച്ച സംവിധായകര്‍?

ബാലചന്ദ്ര മേനോന്‍, പിജി വിശ്വംഭരന്‍ എന്നിവരുടെയല്ലാം ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പപ്പേട്ടന്റെ(പത്മരാജന്‍) സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹം സക്രിപ്റ്റ് എഴുതിയ ‘ഈണം’ എന്ന ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാച്ചിക്ക(ഫാസില്‍)യുടെ ചിത്രവും എനിക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. ഒരുപാട് നല്ല ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

 • നിവിന്‍പോളി, ടൊവിനോ, ആസിഫലി. എങ്ങനെയുണ്ട് പുതിയ ജനറേഷനിലെ താരങ്ങള്‍…

ഹോംവര്‍ക്ക് ചെയ്ത് അഭിനയിക്കുന്നവരാണ് ഇന്നത്തെ താരങ്ങള്‍. ഇന്ന് ഓഡീഷന്‍പോലെ ഒരുപാട് സ്റ്റെപ്പുകള്‍ ഉണ്ട്. അതിനാല്‍ തന്നെ അത്രയും ടാലന്റഡാണ് താരങ്ങള്‍. അവര്‍ക്ക് അവരുടെതായ വിഷനും അവരുടെതായിട്ടുള്ള സ്‌പെയ്‌സും ഉണ്ട്. ഇവരെല്ലാം അപ്‌ഡേറ്റ് ചെയ്താണ് നില്‍ക്കുന്നതും. അപ്പോള്‍ അവരുടെ കൂടെ നമ്മളും നില്‍ക്കണമെങ്കില്‍ അതിനനുസരിച്ച് നമ്മളും അപ്‌ഡേറ്റാവണം. ഇന്നത്തെ താരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മളുടെ സ്വന്തം മക്കളുടെ കൂടെ നില്‍ക്കുന്നൊരു ഫീലാണ്. ഫഹദായാലും നിവിനായാലും ഭയങ്കരമായിട്ട് നമ്മളെ കെയര്‍ ചെയ്യും. അത് തന്നെ നമുക്കൊരു ഫാമിലി ഫീലാണ്. ഇന്നത്തെ ജനറേഷനിലുള്ള പിള്ളേര്‍ അഹങ്കാരികളാണെന്നുള്ളൊരു ഫീല്‍ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. എനിക്ക് തോന്നുന്നത് ഇന്നത്തെ ഇന്‍ഡസ്ട്രിയില്‍ അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നില്‍ക്കാന്‍ പറ്റില്ല. കാരണം എല്ലാവര്‍ക്കുമിടയില്‍ അവരവരുടെതായ സമത്വം ഉണ്ട്. അതിനാല്‍ തന്നെ വളരെ ടാലന്റഡായിട്ടുള്ള യംഗ്‌സ്റ്റേര്‍സാണ് ഇന്ന്.

 • വിവിധ ജോണറുകളിലുള്ള കഥയും കഥാപാത്രങ്ങളും ലഭിച്ചു. എന്‍ജോയ് ചെയ്യുന്നുണ്ടോ..ഏത് തരത്തിലാണ് ഇതിനെ നോക്കിക്കാണുന്നത്..?

തീര്‍ച്ചയായും. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരുടവേള’ എന്ന സിനിമയില്‍ വ്യത്യസ്ഥമായിട്ടുള്ളൊരു ജോണര്‍ എനിക്ക് കിട്ടിയെന്നു പറയാന്‍ പറ്റില്ല. ബോള്‍ഡായിട്ടുള്ള ക്യാരക്ടറുകള്‍ ഞാന്‍ പണ്ടും ചെയ്തിട്ടുണ്ട്. പക്ഷെ എന്നാല്‍ പോലും ഒരു റിയലിസ്റ്റിക്ക് ആക്ടിംഗിലേയ്ക്ക് പോകേണ്ട ഒരു സിറ്റുവേഷനായിരുന്നു. വളരെ കാഷ്വുവലായിട്ട് നിന്ന് ആക്ട് ചെയ്യേണ്ട ഒരു പാഠമായിരുന്നു എനിക്ക് ഈ ചിത്രം. പുതിയ ഡയറക്ടറാണെങ്കിലും അല്‍ത്താഫിന് നല്ല കോണ്‍ഫിഡന്‍സും വ്യക്തമായ ധാരണകളുമുണ്ടായിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പയില്‍ മെമ്മറബിളായിട്ടുള്ള ക്യാരക്ടറായിരുന്നു ചെയ്തത്. ഞാന്‍ ഇത് വരെ ചെയ്യാത്തൊരു കോമഡി ജോണറിലുള്ളൊരു ചിത്രമാണത്. കോമഡി ജോണര്‍ കൈകാര്യം ചെയ്യുക എന്ന് പറയുന്നത് ഡിഫിക്കല്‍റ്റായിട്ടുള്ളൊരു കാര്യമാണ്. ധര്‍മ്മജനും പിഷാരടിയുമെല്ലാം ഒരുപാട് സഹായിച്ചു. അതേ ഒരു ടച്ച് തന്നെയാണ് മാര്‍ഗ്ഗംകളിയിലും.

 • മാര്‍ഗ്ഗംകളിയില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധം വളരെ രസകരമായിരുന്നു. ശരിക്കും ശാന്തികൃഷ്ണ അങ്ങനെയാണൊ ലൈഫില്‍..?

അതെ. സത്യം അതാണ്(ചിരിക്കുന്നു)… ഫ്രണ്ട് ലൈനിലാണ് എന്റെ മക്കളുടെ കൂടെ ഞാന്‍ നില്‍ക്കാറ്. അവര്‍ എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍, ഞാനഭിനയിക്കുന്ന ചില മാനറിസങ്ങള്‍ കാണുമ്പോള്‍, പറയാറുള്ളത് ‘ഇത് അമ്മ വീട്ടില്‍ ചെയ്യുന്നത് തന്നയല്ലേ’ എന്നാണ്. ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, എന്റെ ചില പെരുമാറ്റങ്ങള്‍ അങ്ങനെയാണ്. അരവിന്ദന്റെ അതിഥികളിലും ഉള്‍ട്ടയിലും വളരെ ഇംപാക്ടുള്ളൊരു ക്യാരക്ടറായിരുന്നു ചെയ്തത്.

 • ഇനി ഏതൊക്കെ ചിത്രമാണ് വരാനുള്ളത്…?

‘ശ്യാമരാഗം’ എന്നൊരു ചിത്രം ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു ഡാന്‍സറായിട്ടാണ് എത്തുന്നത്. അമ്മയുടെ റോളുകള്‍ ഞാനിപ്പോള്‍ രണ്ട് വര്‍ഷമായിട്ട് ചെയ്തു. ഇനി വ്യത്യസ്ഥമായിട്ടുള്ള ക്യാരക്ടേഴ്‌സ് കിട്ടിയാല്‍ ചെയ്യാമെന്നുണ്ട്. അമ്മയുടെ ക്യാരക്ടറാണെങ്കില്‍ പോലും കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയിസ് ഇല്ലെങ്കിലും ആള്‍ക്കാര്‍ സിനിമ കണ്ട് ഇറങ്ങുമ്പോള്‍ എന്റെ ക്യാരക്ടര്‍ മനസ്സില്‍ നില്‍ക്കണം. അതിനാല്‍ തന്നെ ഞാന്‍ കാത്തിരിക്കുകയാണ്.

 • ഡാന്‍സാണൊ സൗന്ദര്യത്തിന്റെ രഹസ്യം…?

ഡാന്‍സ് എനിക്കിപ്പോള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ ഒരു വിഷമം ഉണ്ട്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുമ്പോള്‍ പ്രാക്ടീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഷോകളില്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യണമെന്നെല്ലാം ആഗ്രഹമുണ്ട്.

 • മക്കള്‍ക്ക് ശാന്തികൃഷ്ണയുടെ ഏത് കാലഘട്ടത്തിലുള്ള സിനിമകളാണ് ഇഷ്ടം…?

അവര്‍ എന്റെ കൂടുതല്‍ ചിത്രങ്ങള്‍ കണ്ടിട്ടില്ല. എന്റെ ഒരു ഫുള്‍ സിനിമ കണ്ടത് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യാണ്. കാരണം മലയാളമൊക്കെ മനസ്സിലാക്കാനുളള ഒരു പ്രായം ഇപ്പോഴാണ് അവര്‍ക്കെത്തിയത്. അവര്‍ വളരെ ഹാപ്പിയായിരുന്നു. ഒരു വലിയ സ്‌ക്രീനില്‍ തങ്ങളുടെ അമ്മയെ കണ്ടപ്പോള്‍ അവരുടെ മുഖത്തുണ്ടായ അഭിമാനം ഞാന്‍ കണ്ടതാണ്. അത് കണ്ടപ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നി. അവരുടെ ഒരു സപ്പോര്‍ട്ട് കൂടി ഇല്ലായിരുന്നെങ്കില്‍ എനിക്ക് വരാന്‍ പറ്റില്ലായിരുന്നു. എന്റെ മകന് ആക്ടിംഗിനോട് വലിയ താല്‍പ്പര്യമുണ്ട്. ന്യൂയോര്‍ക്കില്‍ തിയറ്റര്‍ സബ്ജക്ട് പഠിക്കുകയാണ്. മകള്‍ ആര്‍ട്ടിസ്റ്റാണ്. നന്നായിട്ട് ചിത്രം വരയ്ക്കും. പണ്ടത്തെ എന്റെ ചിത്രങ്ങളുടെ കുറച്ച് ഭാഗങ്ങളൊക്കെയെ അവര്‍ കണ്ടിട്ടുള്ളൂ. മിഥുല്‍, മിഥാലി എന്നാണ് മക്കളുടെ പേര്.

 • മിഥുലിനെ താമസിയാതെ സിനിമയിലേക്ക് പ്രതീക്ഷിക്കാമോ…?

അതെനിക്കറിയില്ല. അവന് അവന്റെതായ പ്ലാനുകള്‍ ഉണ്ടാവുമല്ലൊ… ഇന്നത്തെ പിള്ളേരെ അറിയാമല്ലൊ… പക്ഷെ ആക്ടിങ്ങിനോട് താല്‍പ്പര്യമാണ്. യുഎസ്സില്‍ കോളേജില്‍ നാടകങ്ങളൊക്കെ ചെയ്യുന്നുണ്ട്. കോളേജില്‍ പഠനത്തിന്റെ ഭാഗമായിട്ടുള്ള നാടകങ്ങളുമുണ്ട്. അതല്ലാതെ അതിന്റെ പുറത്തും അവര്‍ ഷോ നടത്താറുണ്ട്.

 • പുതിയ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍…?

രണ്ട് മൂന്ന് ഓഫറുകള്‍ വന്നിട്ടുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ചെയ്ഞ്ചുള്ള ക്യാരക്ടേഴ്‌സ് തന്നെയായിരിക്കും. അമ്മ ക്യാരക്ടര്‍ മാത്രമാവാന്‍ സാധ്യതയില്ല.