
വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ കരിയറിൽ വലിയൊരു വഴിത്തിരിവിലും അംഗീകാരത്തിലും എത്തിനിൽക്കുകയാണ് നടി ഷംന കാസിം. ‘ജയിലർ 2’വിലെ ഡാൻസ് നമ്പർ വലിയ തരംഗമായി മാറിയതോടെ ഇന്ത്യയൊട്ടാകെയുള്ള ചർച്ചാവിഷയമായിരിക്കുകയാണ് താരം. നൃത്തത്തിലൂടെയാണ് താരം കലാരംഗത്തേക്ക് കടന്നുവരുന്നത് എങ്കിലും, മികച്ച ഒരു ഡാൻസർ എന്ന ലേബൽ മാത്രം പലപ്പോഴും മലയാള സിനിമകളിൽ അവസരങ്ങൾ കുറയ്ക്കുന്നതിന് കാരണമായി മാറിയിരുന്നു. എന്നിട്ടും തന്റെ പാഷനായ നൃത്തത്തെ കൈവിടാൻ ഷംന തയ്യാറായിരുന്നില്ല.
തന്റെ കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ച് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സുതുറക്കുകയുണ്ടായി. യാതൊരുവിധ സിനിമാ പശ്ചാത്തലവുമില്ലാതെ, കടുത്ത ബുദ്ധിമുട്ടുകൾ തരണം ചെയ്ത് സിനിമയിലെത്തിയ ആളാണ് താനെന്നും അതുകൊണ്ടുതന്നെ തനിക്ക് പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്തുണ്ടെന്നും ഷംന വ്യക്തമാക്കുന്നു. കരിയറിൽ പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ തോന്നിയ മോശം നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ ആ നിരാശയ്ക്ക് പിന്നാലെ എപ്പോഴൊക്കെ നിർത്താം എന്ന് ചിന്തിക്കുന്നുവോ, അപ്പോഴൊക്കെ വിജയങ്ങൾ തന്നെ തേടിയെത്തിയിട്ടുണ്ടെന്നും താരം ഓർക്കുന്നു.
മലയാളത്തിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് ഷംന നായികയായി വേഷമിട്ടിട്ടുള്ളത്. ഇതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 2012-ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’. 1974-ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രത്തിന്റെ റീമേക്കായ ഈ ചിത്രത്തിനായി താൻ വലിയ രീതിയിൽ കഷ്ടപ്പെട്ടിരുന്നുവെന്നും കോളേജ് കാലഘട്ടം പോലും മാറ്റിവെച്ച് ഏറെ ആത്മാർത്ഥതയോടെയാണ് അതിൽ പ്രവർത്തിച്ചതെന്നും ഷംന പറയുന്നു. പതിവില്ലാത്ത വിധം ഗ്ലാമറസ് റോളിലാണ് താരം ചിത്രത്തിൽ എത്തിയത്. ലക്ഷ്മി അഭിനയിച്ച് വൻ വിജയം നേടിയ ‘ജൂലി’ എന്ന കഥാപാത്രത്തിന്റെ പേര് തനിക്കും ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ചിത്രം ചെയ്തതെങ്കിലും, റിലീസിന് വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെടുകയായിരുന്നു.
‘ചട്ടക്കാരി’യുടെ പരാജയം കരിയറിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇനിയും സിനിമ തരുന്ന ടെൻഷൻ താങ്ങാൻ പറ്റില്ലെന്ന് കരുതി സിനിമ നിർത്താൻ തീരുമാനിച്ചതായും ഷംന വെളിപ്പെടുത്തുന്നു. എന്നാൽ അതിശയിപ്പിക്കുന്ന വിധം, ആ സിനിമ റിലീസ് ചെയ്ത് അടുത്ത ആഴ്ച തന്നെ തെലുങ്കിൽ തനിക്ക് മറ്റൊരു വലിയ ഹിറ്റ് സമ്മാനമായി ലഭിക്കുകയാണുണ്ടായത്. സംവിധായകൻ മിഷ്കിനുമായുള്ള സൗഹൃദമാണ് തനിക്ക് സിനിമാലോകത്ത് വീണ്ടും ആത്മവിശ്വാസം തന്നതെന്നും ഡാൻസ് ഒരിക്കലും മോശമായ ഒരു കാര്യമേയല്ലെന്നും താരം കൂട്ടിച്ചേർത്തു. സിനിമാ രംഗത്ത് വിജയം നേടുന്നതിനായി താൻ യാതൊരുവിധ കോംപ്രമൈസുകൾക്കും തയ്യാറായിരുന്നില്ലെന്നും, തെലുങ്കിൽ ഗ്ലാമർ വേഷങ്ങൾ ആവശ്യപ്പെട്ട വലിയ രണ്ട് നായകന്മാരുടെ ചിത്രങ്ങൾ അതുകൊണ്ടുതന്നെ താൻ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും ഷംന കാസിം വ്യക്തമാക്കി.
ഷംനയുടെ വാക്കുകൾ
കരിയറിൽ അർഹിച്ച അംഗീകാരങ്ങൾ ഇപ്പോൾ എന്നെ തേടി വരുന്നത് വലിയൊരു സന്തോഷമാണ്. ജയിലർ 2-ലെ ഡാൻസ് നമ്പർ ഹിറ്റായതോടെ ഇന്ത്യയൊട്ടുക്കും ചർച്ചയാകുന്ന ഒരു ഡാൻസറായി മാറാൻ എനിക്ക് സാധിച്ചു. അത്രയും മികവുള്ള നൃത്തച്ചുവടുകളായിരുന്നു ആ പാട്ടിന്റേത്. ഒരു ഡാൻസറായാണ് ഞാൻ കലാരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ആ ഡാൻസർ എന്ന പേര് കാരണം മാത്രം പല സിനിമകളിലും, പ്രത്യേകിച്ചും മലയാള സിനിമകളിൽ എനിക്ക് അവസരങ്ങൾ കുറഞ്ഞു. അപ്പോഴൊന്നും പക്ഷേ, ഞാൻ ഡാൻസ് കൈവിട്ടിരുന്നില്ല. ഇന്ന് അതേ ഡാൻസിലൂടെ തന്നെ ആളുകൾ എന്നെ പ്രശംടിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്.
മലയാളത്തിൽ ഞാൻ വളരെ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 2012-ൽ പുറത്തിറങ്ങിയ ചട്ടക്കാരി. 1974-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രത്തിന്റെ റീമേക്കായിരുന്നു അത്. ആ ചിത്രത്തിൽ ഞാൻ മലയാളത്തിൽ നായികയായും അഭിനയിച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ ചെയ്ത ആ സിനിമ ബോക്സ്ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്.
കരിയറിൽ ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടെയും സിനിമയിലേക്ക് വന്ന ആളല്ല ഞാൻ. അതുകൊണ്ടായിരിക്കും എനിക്ക് ഇത്രയും മനക്കരുത്തുണ്ടായത്. വളരെ മോശം സമയങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ട്. എന്നാൽ സിനിമ നിർത്താം എന്ന് ചിന്തിക്കുമ്പോഴൊക്കെ ദൈവം എന്തെങ്കിലും ഒരു വിജയം തന്ന് എന്നെ പിടിച്ചുയർത്തും.
ചട്ടക്കാരി എന്ന സിനിമയ്ക്കായി ഞാൻ അത്രയധികം എഫർട്ട് ഇട്ടിരുന്നു. കോളേജിൽ പോലും പോകാതെയാണ് ആ ചിത്രത്തിനുവേണ്ടി കഷ്ടപ്പെട്ടത്. പക്ഷേ ആ സിനിമ വർക്കായില്ല. അതുകണ്ട് മതി, സിനിമ തരുന്ന ടെൻഷൻ എനിക്ക് താങ്ങാൻ പറ്റുന്നില്ല, ഇനി സിനിമ നിർത്താം എന്ന് ഞാൻ ഉറപ്പിച്ചതാണ്. എന്നാൽ കൗതുകകരമെന്നു പറയട്ടെ, ആ സിനിമ റിലീസ് ചെയ്ത് അടുത്ത ആഴ്ച എനിക്ക് തെലുങ്കിൽ ഒരു വലിയ ഹിറ്റ് സിനിമ വന്നു! മിഷ്കിൻ സാറുമായുള്ള സൗഹൃദത്തിന് ശേഷമാണ് എനിക്ക് സിനിമയിൽ കൂടുതൽ ആത്മവിശ്വാസം വന്നത്. ഡാൻസ് ഒരിക്കലും മോശമായ ഒരു കാര്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
മലയാളത്തിൽ എന്റെ കരിയറിൽ ഏറ്റവും അധികം ചർച്ചയായ സിനിമയാണ് ചട്ടക്കാരി. റിലീസിന് മുമ്പ് വലിയ ഹൈപ്പ് ആ ചിത്രത്തിനുണ്ടായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി ഗ്ലാമറസ് റോളാണ് ഞാൻ അതിൽ ചെയ്തത്. ആ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ചെയ്യാമെന്ന് തോന്നി. ഗ്ലാമറസാണെന്ന് അവർ പറഞ്ഞപ്പോഴും കുഴപ്പമില്ലെന്ന് ഞാൻ സമ്മതിച്ചു. ആ സമയത്ത് ഒറിജിനൽ ചിത്രത്തിൽ ജൂലിയായി അഭിനയിച്ച ലക്ഷ്മി മാം വലിയ ഹിറ്റായിരുന്നല്ലോ. അതുപോലെ ആ പേര് എനിക്കും കിട്ടുമെന്ന് കരുതിയാണ് ഞാൻ ആ വേഷം ചെയ്തത്.
എങ്കിലും സിനിമാ രംഗത്ത് വിജയിക്കാൻ ഞാൻ എന്റേതായ ചില കോംപ്രമൈസുകൾക്ക് തയ്യാറായിരുന്നില്ല. തെലുങ്കിൽ വലിയ രണ്ട് നായകന്മാരുടെ സിനിമകൾ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്; അവിടെ കുറച്ചുകൂടി ഗ്ലാമർ കൂടുതലാണെന്ന് തോന്നിയതുകൊണ്ടാണ് ആ അവസരങ്ങൾ ഞാൻ ഒഴിവാക്കിയത്.