നടി ആക്രമിക്കപ്പെട്ട കേസ്: മുകേഷും ദിലീപും കോടതിയില്‍ ഹാജരായി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ മുകേഷും ദിലീപും എത്തി. കേസില്‍ വിസ്താരത്തിനായാണ് നടനും എം.എല്‍.എയുമായ മുകേഷ് കോടതിയില്‍ ഹാജരായത്. മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തേ മുകേഷിന്റെ ഡ്രൈവറായിരുന്നു. കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് മുകേഷിന്റെ മൊഴികള്‍ നിര്‍ണായകമാകും.

ദിലീപും മുകേഷും അഭിനയിച്ചിട്ടുള്ള ഒരു ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പള്‍സര്‍ സുനി ദിലീപിനെ പരിചയപ്പെട്ടതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിനുശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെയാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ സമയത്ത് സുനി മുകേഷിന്റെ ഡ്രൈവറായിരുന്നോ എന്നത് ഉള്‍പ്പെടെ കേസില്‍ പ്രധാനമാണ്.

സാക്ഷികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ദിലീപും ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെ ഒരു അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.