സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പ്രതിശ്രുതവരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ പേരില്‍ കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി. ഇവര്‍ ഒന്നിച്ചുചെയ്ത ടിക്ടോക് വിഡിയോകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്നും നടിയെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. നടിയും കേസില്‍ ആരോപണ വിധേയരായവരും ഒളിവിലാണ്. ഇവര്‍ക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമമെന്നും മകള്‍ക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റംസിയുടെ പിതാവ് റഹീം പറഞ്ഞു.

റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടി കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി!ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയര്‍ന്നത്.