
സിനിമയിൽ മികച്ച അവസരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് നേരിടേണ്ടിവന്ന കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തി നടിയും ഇൻഫ്ലുവൻസറുമായ പ്രതിഭ. ഓഫർ സ്വീകരിക്കുന്ന പക്ഷം വീടിനു മുന്നിൽ റോൾസ് റോയ്സ് കാർ എത്തിച്ചുനൽകാമെന്നുവരെ പ്രശസ്തനായ ഒരു മാനേജർ വാഗ്ദാനം ചെയ്തതായി താരം വ്യക്തമാക്കി. എന്നാൽ വ്യക്തിസ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലകൽപ്പിച്ചുകൊണ്ട് ഈ ഓഫർ താൻ നിരാകരിക്കുകയായിരുന്നുവെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പ്രതിഭ കുറിച്ചു.
അമിതമായ സിനിമാ മോഹമോ വൻ വിജയം നേടിയ നടിയാകണമെന്ന ആഗ്രഹമോ തനിക്കില്ല. തന്നെ ആകർഷിക്കുന്ന നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രം സ്വീകരിക്കുകയാണ് രീതി. നാൽപ്പതോ അൻപതോ വർഷം കൂടി ജീവിച്ചിരിക്കുകയാണെങ്കിൽ സ്വന്തമായി ഒരു വീടെന്ന ആഗ്രഹം സാധ്യമായാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും, റോൾസ് റോയ്സിനേക്കാൾ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് തനിക്ക് കൂടുതൽ സുഖകരമെന്നും അവർ വ്യക്തമാക്കുന്നു.
സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയും തമിഴ് സിനിമയിലെ കാസ്റ്റിങ് രീതികളെയും വിമർശിച്ച താരം, മോശം പെൺകുട്ടികൾ ഷോർട്ട്സും നല്ല പെൺകുട്ടികൾ സാരിയും ധരിക്കുന്നു എന്ന ധാരണ ഇപ്പോഴും നിലനിൽക്കുന്നത് കഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി. കൃത്യമായ നിർബന്ധിത ദിനചര്യകൾക്ക് വഴങ്ങാതെ, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ആരും ഓർമ്മിച്ചുവെക്കാത്ത സാധാരണ ജീവിതം നയിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രതിഭ വ്യക്തമാക്കി.
പരമ്പരകളിലൂടെയും സിനിമയിലൂടെയും തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ പ്രതിഭ, മുമ്പും തൊഴിലിടങ്ങളിൽ അഭിനേതാക്കൾ നേരിടുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്.
പ്രതിഭ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
‘തമിഴിൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ധാരാളം അവസരങ്ങൾ വരുന്നുണ്ട്. പ്രശസ്തരായ സംവിധായകരിൽ നിന്നുപോലും! ഇന്നും അങ്ങനെയൊരു ഓഫർ വന്നു. നല്ല പെൺകുട്ടികൾ സാരിയും മോശം പെൺകുട്ടികൾ ഷോർട്ട്സുമാണ് ധരിക്കുന്നത് എന്നാണ് ഇവർ ഇപ്പോഴും വിശ്വസിക്കുന്നത് എന്ന് തോന്നുന്നു. എന്തടിസ്ഥാനത്തിലാണ് ഇവർ ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്ന് എനിക്കറിയില്ല!
ഒന്നാമതായി, ഞാൻ വേഷങ്ങൾ തേടി നടക്കുകയല്ല. എനിക്ക് പ്രശസ്തയാകാനോ, വിജയിച്ച ഒരു നടിയാകാനോ (അതെന്തായാലും ശരി) വലിയ ആഗ്രഹമൊന്നുമില്ല. എന്നെ ആവേശഭരിതയാക്കുന്ന വേഷമാണെങ്കിൽ ഞാൻ അത് ചെയ്തേക്കും. കാരണം ഒരേ കാര്യം തന്നെ ചെയ്തുകൊണ്ടിരുന്നാൽ എനിക്ക് പെട്ടെന്ന് മടുപ്പ് തോന്നും.
പ്രശസ്തനായ ഒരു മാനേജർ (അയാൾ ഒരു ഇടനിലക്കാരൻ കൂടിയാണ്) എന്നോട് ചോദിച്ചു, ‘‘ഈ ഓഫർ സ്വീകരിച്ചാൽ, നിങ്ങളുടെ വീടിനു മുന്നിൽ ഒരു റോൾസ് റോയ്സ് കാർ വന്ന് നിൽക്കും.’’ എന്നെ വിശ്വസിപ്പിക്കാനായി അയാൾ പല തെളിവുകളും കാണിച്ചുതന്നു.
വേണ്ട. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് എനിക്ക് കൂടുതൽ സുഖകരം. ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കിൽ, ഒരുപക്ഷേ എനിക്ക് ഇനിയും നാൽപ്പതോ അൻപതോ വർഷങ്ങൾ കൂടി ജീവിക്കാൻ കഴിഞ്ഞേക്കും. ജീവിതത്തിൽ എന്തെങ്കിലും ഒരു ലക്ഷ്യം വേണമല്ലോ, അതുകൊണ്ട് എനിക്കായി ഒരു ‘സ്വപ്നഭവനം’ ഞാൻ മനസ്സിൽ കരുതിവച്ചിട്ടുണ്ട്. അത് നടന്നില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല.
കൃത്യമായ ദിനചര്യകൾ എനിക്ക് ഒരു നിർബന്ധിത ബാധ്യത പോലെയാണ് തോന്നാറുള്ളത്. എനിക്ക് വേണ്ടത് എന്റെ സമയവും സ്വാതന്ത്ര്യവുമാണ്. എനിക്ക് തോന്നുന്ന സമയത്ത് നൃത്തം ചെയ്യണം. എനിക്ക് ഇഷ്ടമുള്ളതും ധരിക്കുമ്പോൾ സുഖം തോന്നുന്നതുമായ വസ്ത്രങ്ങൾ ധരിക്കണം. രാവിലെ കുറച്ചു നേരം കൂടി ഉറങ്ങണം. ചിന്തകൾ മനസ്സിലേക്ക് കടന്നുവരുമ്പോൾ എഴുതുകയും വായിക്കുകയും വേണം.
ചിലർ ഇടയ്ക്കിടെ എന്നോട് ചോദിക്കാറുണ്ട്, ‘നീ എന്താണ് വലിക്കുന്നത്?’ എന്ന്. ലഹരിവസ്തുക്കളെയോ രാസവസ്തുക്കളെയോ ആശ്രയിച്ച് ജീവിക്കുകയാണെങ്കിൽ, എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നില്ല. ഞാൻ ആരായി മാറുന്നു എന്ന് കണ്ടറിയുക എന്നതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യം. എനിക്ക് ജീവിക്കണം. ആരും എന്നെ ഓർമിച്ചുവയ്ക്കണം എന്ന് എനിക്ക് ആഗ്രഹമില്ല.’