
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദിയിൽ കുട്ടികളെ ചേർത്തുപിടിച്ച് വികാരാധീനനായ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളിൽ കമന്റ് ചെയ്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബാലതാരം ദേവനന്ദ. മനുഷ്യരെ ചേർത്തുപിടിക്കുന്ന കരങ്ങൾ ആരുടേതായാലും അവർക്ക് സർവശക്തനായ ദൈവം ശക്തി നൽകുമെന്നും, ആര് നല്ലത് ചെയ്യുന്നത് കണ്ടാലും ഉറക്കെ പറയുമെന്നും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ ദേവനന്ദ പറഞ്ഞു.
തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ നേതാക്കളെക്കുറിച്ചോ നല്ലതോ മോശമോ ആയി യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്ന് ദേവനന്ദ വ്യക്തമാക്കി. പതിനെട്ട് വയസ്സാകുന്നത് വരെ തനിക്ക് ഒരു രാഷ്ട്രീയവും ഉണ്ടാകില്ല. വോട്ടവകാശം ഉണ്ടാകുന്നതുവരെ പ്രത്യേകമായി ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറ് കാണിക്കേണ്ട ആവശ്യമില്ലെന്നും, അതിനാൽ ഇനിയും നല്ല കാര്യങ്ങൾ ചെയ്യുന്നവരെ മടിയില്ലാതെ അഭിനന്ദിക്കുമെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന സ്പെഷ്യൽ സ്കൂൾ കലോത്സവ വേദിയിൽ നിന്നുള്ള മുഖ്യമന്ത്രിയുടെ വിഡിയോ വൈറലായത്. ചടങ്ങിലെത്തിയ മുഖ്യമന്ത്രിയെ കുട്ടികൾ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹം വികാരാധീനനാകുന്ന ദൃശ്യങ്ങൾ മുഖ്യമന്ത്രി തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സ്പെഷ്യൽ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരിന്റെ ശക്തമായ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഈ വിഡിയോ കണ്ട് മനസ്സ് നിറഞ്ഞാണ് താൻ കമന്റ് ചെയ്തതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിമർശനങ്ങൾക്കുള്ള മറുപടിയുമായി ദേവനന്ദ രംഗത്തെത്തിയത്.
ദേവനന്ദ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
‘എന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടിയെയോ, ഒരു രാഷ്ട്രീയ നേതാക്കന്മാരെയോ നല്ലത് പറഞ്ഞോ മോശം പറഞ്ഞോ ഞാൻ ഒരു പോസ്റ്റും ഇട്ടിട്ടില്ല. എനിക്ക് 18 വയസ്സാകുന്നത് വരെ ഒരു രാഷ്ട്രീയവും എനിക്കില്ല.
പക്ഷേ ഇന്നലെ ഈ വിഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു, എന്റെ മനസ്സ് നിറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി ആ മക്കളെ ചേർത്ത് പിടിച്ചപ്പോൾ മനസ്സിൽ തോന്നിയത് ആണ് കമന്റ് ആയി പങ്കുവച്ചത്. അത് ഇനിയും ഉറക്കെ പറയാനും മടിയില്ല. കാരണം എനിക്ക് വോട്ടവകാശം ഉണ്ടാകുന്നത് വരെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറ് കാണിക്കേണ്ട ആവശ്യവും ഇല്ല. അതുകൊണ്ട് ഇനിയും ആര് നല്ലത് ചെയ്യുന്നത് കണ്ടാലും ഉറക്കെ പറയുക തന്നെ ചെയ്യും.
മനുഷ്യരെ ചേർത്ത് പിടിക്കുന്ന കരങ്ങൾ ആരുടെ ആയാലും ആ കരങ്ങൾക്ക് സർവ്വ ശക്തനായ ദൈവം ശക്തി കൊടുക്കുക തന്നെ ചെയ്യും.’