
മമ്മൂട്ടിയോടുള്ള തന്റെ കടുത്ത ആരാധന വ്യക്തമാക്കി തെലുങ്ക് താരം സുനീൽ. താൻ കോളേജിൽ പഠിക്കുന്ന കാലത്ത് മമ്മൂട്ടി നായകനായി തെലുങ്കിലേക്ക് മൊഴിമാറ്റിയെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ പോയി കാണുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സുനീൽ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കാട്ടാളൻ്റെ’ റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം മമ്മൂട്ടിയോടുള്ള ആരാധനയും അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവെച്ചത്.
വർഷങ്ങൾക്കുശേഷം മമ്മൂട്ടിയുടെ വില്ലനായി ‘ടർബോ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ കരിയറിലെ വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും സുനീൽ കൂട്ടിച്ചേർത്തു. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ടർബോയിൽ ‘ഓട്ടോമാറ്റിക് കുമാർ’ എന്ന ശക്തനായ വില്ലൻ കഥാപാത്രത്തെയാണ് സുനീൽ അവതരിപ്പിച്ചത്. ചിത്രത്തിലെ സുനിലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ ചിത്രമായ കാട്ടാളൻ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.
“ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് മമ്മൂട്ടി സാറിന്റെ മലയാളസിനിമകൾ തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഒരെണ്ണംപോലും വിടാതെ അതെല്ലാം കാണുമായിരുന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിനൊപ്പം ടർബോ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. ഒരു ഫൈറ്റ് സീനായിരുന്നു അത്. ആദ്യം എന്റെ മുഖഭാഗം വളരെ ഗൗരവത്തിലായിരുന്നപ്പോൾ സീനിൻ്റെ ഒരു ഘട്ടത്തിൽ ഞാൻ ഒരു പ്രത്യേക രീതിയിൽ കരയുന്നുണ്ട്. ആ രംഗമെടുത്തുകഴിഞ്ഞപ്പോൾ വളരെ നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി സാർ പറഞ്ഞത് മറക്കാനാവില്ല.” സുനീലിൻ്റെ വാക്കുകൾ.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാട്ടാളൻ. മാർക്കോ എന്ന ചിത്രത്തിനുശേഷം ക്യൂബ്സ് എൻറർടെയിൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിൻ്റേയും കഥ പറയുന്ന ഒരു ഹൈ- വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് ‘കാട്ടാളൻ’. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഉണ്ണി. ആറിൻ്റേതാണ് സംഭാഷണങ്ങൾ.
ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് വൺ തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡി ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. രവി ബസൂർ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.