
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ചീഫ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഭരണമാറ്റം വന്നതോടെ കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ചലച്ചിത്ര പ്രവർത്തകരെയാണ് പുതിയ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
2016-ൽ പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിനെതിരേ മത്സരിച്ച നടൻ ജഗദീഷ്, യുഡിഎഫിന് വേണ്ടി ഇത്തവണ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നടൻ സലിംകുമാർ, പ്രൊഫഷണൽ കോൺഗ്രസ് നേതാവുകൂടിയായ സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് നിലവിൽ സജീവ പരിഗണനയിലുള്ളത്.
ഇവർക്കൊപ്പം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അക്കാദമി വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. മുൻ ചെയർമാൻ സംവിധായകൻ രഞ്ജിത്തിന്റെ രാജിക്കുശേഷം ചെയർമാന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്നത് പ്രേംകുമാർ ആയിരുന്നു. എന്നാൽ പിന്നീട് മുൻകൂട്ടി അറിയിപ്പില്ലാതെ തന്നെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രേംകുമാർ ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിക്കുകയും കോൺഗ്രസിനൊപ്പം ചേരുകയും ചെയ്തിരുന്നു.
താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി കൂടിയായ കുക്കു പരമേശ്വരനാണ് നിലവിൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്‌സൺ. സി. അജോയ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, സുധീർ കരമന, സോഹൻ സീനുലാൽ, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണൻ, നിർമാതാവ് ബി. രാകേഷ്, റെജി. എം. ദാമോദരൻ, ഗായിക സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, ജി.എസ്. വിജയൻ, തിരക്കഥാകൃത്ത് ശ്യാംപുഷ്‌കരൻ, സംവിധായകൻ അമൽ നീരദ്, എൻ. അരുൺ, ശ്രീഗണേഷ് എന്നിവരാണ് അക്കാദമിയിലെ മറ്റ് സമിതി അംഗങ്ങൾ.