അഭിനയം ഇനി ഒരു ദശകം കൂടി മാത്രം; സംവിധാനത്തിലേക്ക് തിരിയാൻ ഒരുങ്ങി രൺബീർ കപൂർ

','

' ); } ?>

ബോളിവുഡ് സംവിധാന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങി നടൻ രൺബീർ കപൂർ. അഭിനയത്തിൽ ഇനി ഒരു ദശകം കൂടി മാത്രമാണ് താൻ ഉണ്ടാകുകയെന്നും തുടർന്ന് സംവിധാനത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും താരം വ്യക്തമാക്കി. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വർഷത്തിൽ നൂറിലധികം ദിവസങ്ങൾ അഭിനയത്തിനായി മാറ്റിവെക്കുമ്പോഴും ബാക്കി സമയം പുതിയ രചനകൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് രൺബീർ പറഞ്ഞു. ശൂന്യതയിൽ നിന്ന് ഒരു കഥ സൃഷ്ടിച്ചെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, അതിനാൽ തന്നെ എഴുത്തുകാരോടും അണിയറപ്രവർത്തകരോടും വലിയ ബഹുമാനമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫീൽ ഗുഡ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളായിരിക്കും താൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നത്. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ‘ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്’, രാജ്കുമാർ ഹിരാനി ചിത്രങ്ങൾ എന്നിവയാണ് തന്റെ എക്കാലത്തെയും ഇഷ്ട സിനിമകൾ. സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പ്രായം കൊണ്ടോ പ്രേക്ഷകർക്ക് മടുപ്പ് തോന്നും എന്നതുകൊണ്ടോ അല്ല അഭിനയം നിർത്തുന്നത്, മറിച്ച് സിനിമയോടുള്ള സർഗ്ഗാത്മകമായ അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. നിലവിൽ കരാറൊപ്പിട്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും സംവിധാനത്തിലേക്ക് കടക്കുക. ‘ലവ് ആൻഡ് വാർ’, ‘രാമായണം’, ‘ബ്രഹ്മാസ്ത്ര 2’, ‘ആനിമൽ 2’ തുടങ്ങിയ വലിയ ചിത്രങ്ങളാണ് രൺബീറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

രൺബീറിന്റെ വാക്കുകൾ;

കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാനൊരു സ്‌ക്രിപ്റ്റ് എഴുതാൻ ചെറിയൊരു ശ്രമം നടത്തിയിരുന്നു. ശൂന്യതയിൽനിന്ന് ഒരു കഥ സൃഷ്ടിക്കുക എന്നത് എത്രത്തോളം പ്രയാസകരമാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അതുകൊണ്ട് തന്നെ റൈറ്റേഴ്സിനോടും ക്രിയേറ്റർമാരോടുമെല്ലാം ഇപ്പോൾ വലിയ ബഹുമാനമാണ് തോന്നുന്നത്.

സിനിമ നല്ലതോ ചീത്തയോ ആകട്ടെ, ഒരു കഥ പറയാൻ ഒരുപറ്റം ആളുകളെ ഒന്നിച്ചു കൊണ്ടുവരുമ്പോൾ ലഭിക്കുന്ന ആ ഒരു ‘ക്രിയേറ്റീവ് ഹൈ’ ഉണ്ടല്ലോ, അതാണ് എന്നെ സംവിധാനത്തിലേക്ക് ആകർഷിക്കുന്നത്. അങ്ങനെ ഒരു പടം ചെയ്യണമെന്നുണ്ടെങ്കിലും അതിന്റെ സ്വഭാവം എന്തായിരിക്കണമെന്ന് ഇതുവരെ കൃത്യമായി തീരുമാനിച്ചിട്ടില്ല. എങ്കിലും അതൊരു ‘ഫീൽ ഗുഡ് ഫാമിലി ഡ്രാമ’ ആയിരിക്കാനാണ് സാധ്യത. എനിക്ക് വ്യക്തിപരമായി ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ‘ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്’, പിന്നെ രാജ്കുമാർ ഹിരാനി സാറിന്റെ ചിത്രങ്ങളൊക്കെ ഒരുപാട് ഇഷ്ടമാണ്.

ഇപ്പോൾ വർഷത്തിൽ 100 മുതൽ 125 ദിവസങ്ങൾ മാത്രമാണ് ഞാൻ അഭിനയത്തിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് തന്നെ എഴുത്തിന് ആവശ്യമായ സമയം കണ്ടെത്താൻ കഴിയുന്നുണ്ട്. സത്യം പറഞ്ഞാൽ, വരുന്ന ദശകം ഒരു നടനെന്ന നിലയിൽ എന്റെ അവസാനത്തേതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ക്രിയേറ്റീവായിട്ടുള്ള പ്രചോദനങ്ങൾ തുടരുകയാണെങ്കിൽ ഞാൻ അഭിനയം പൂർണ്ണമായും ഉപേക്ഷിക്കില്ല. പ്രേക്ഷകർക്ക് എന്നെ മടുക്കുമെന്നോ അല്ലെങ്കിൽ എനിക്ക് വയസ്സായെന്നോ കരുതിയല്ല ഞാൻ അഭിനയത്തിൽനിന്ന് വിട്ടുനിൽക്കാൻ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *