കല്യാണി പ്രിയദർശന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘പ്രളയ്’ ഷൂട്ടിങ് വിവാദത്തിൽ

','

' ); } ?>

ആസാദ് മൈതാനത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈ നഗരം സിനിമാ ചിത്രീകരണത്തിന് ഒട്ടും അനുയോജ്യമല്ലാതായി മാറുന്നുവെന്ന രൂക്ഷവിമർശനവുമായി പ്രശസ്ത സംവിധായകനും നിർമാതാവുമായ ഹൻസൽ മേത്ത. രൺവീർ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രളയ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായി (എം.സി.എ.) ഉണ്ടായ തർക്കത്തിലാണ് ഭരണസംവിധാനങ്ങൾക്കെതിരെ ഹൻസൽ മേത്ത തുറന്നടിച്ചത്. മലയാളി താരം കല്യാണി പ്രിയദർശൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

എല്ലാ നിയമപരമായ അനുമതികളും കൈയിലുണ്ടായിട്ടും ഒരു ലൊക്കേഷനിൽ പടം പിടിക്കുമ്പോൾ അനാധികൃതമായി കടന്നുകയറിയവരെപ്പോലെയാണ് അണിയറപ്രവർത്തകർ നേരിടുന്ന അനീതികളെന്ന് ഹൻസൽ മേത്ത കുറ്റപ്പെടുത്തി. ഒരൊറ്റ ലൊക്കേഷനു വേണ്ടി വിവിധ സർക്കാർ വകുപ്പുകളുടെ കവാടങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും, ഓരോ ഘട്ടത്തിലും അധികാരികളിൽ നിന്ന് അനാവശ്യ വൈകിക്കലുകളും വിലക്കുകളുമാണ് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കായിക വകുപ്പിൽ നിന്നും പോലീസിൽ നിന്നും കൃത്യമായ അനുമതി വാങ്ങിയിട്ടുണ്ടെന്നും എം.സി.എ.യെ വിവരമറിയിച്ചതിന്റെ രേഖകൾ കൈവശമുണ്ടെന്നും നിർമാതാക്കൾ വിശദീകരിച്ചു.

ആസാദ് മൈതാനത്ത് ഷൂട്ടിങ് നടന്നതിനെത്തുടർന്ന് അണ്ടർ-14, അണ്ടർ-16 തലത്തിലുള്ള സ്കൂൾ ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നതാണ് എം.സി.എ.യെ ചൊടിപ്പിച്ചത്. മെട്രോ നിർമാണവും പോലീസ് കേന്ദ്രങ്ങളുടെ സാന്നിധ്യവും കാരണം മൈതാനത്തിന്റെ വിസ്തൃതി നേരത്തെ തന്നെ ചുരുങ്ങിയിരിക്കുകയാണെന്നും, അതിനിടയിൽ ഷൂട്ടിങ്ങിന് സ്ഥലം അനുവദിച്ചത് വളർന്നുവരുന്ന കായികതാരങ്ങൾക്ക് തടസ്സമാണെന്നും എം.സി.എ. എക്സിക്യൂട്ടീവ് കൗൺസിൽ അംഗം നദീം മേമൻ ആരോപിച്ചിരുന്നു.

ജയ് മേഹ്ത സംവിധാനം ചെയ്യുന്ന ഒരു സർവൈവൽ-ഹൊറർ ചിത്രമാണ് ‘പ്രളയ്’. പോസ്റ്റ്-അപ്പോക്കലിപ്റ്റിക് മുംബൈ പശ്ചാത്തലമാകുന്ന ചിത്രത്തിനായി ആസാദ് മൈതാനത്തെ 5,000 ചതുരശ്ര വാര സ്ഥലം ആറ് മണിക്കൂർ നേരത്തേക്ക് ഷൂട്ടിങ്ങിനായി ഉപയോഗിക്കാനാണ് നിർമാണ കമ്പനിയായ ലൈറ്റ് റേസിന് അനുമതി ലഭിച്ചിരുന്നത്.