ഖുറേഷി അബ്രാമിന്റെ ആ കണ്ണട ഇനി സയീദ് മസൂദിന്; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയും ഖുറേഷി അബ്രാമും. സയീദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തിയിരുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണടയും ഏവര്‍ക്കും ഇഷ്ടമായിരുന്നു.

ഇപ്പോഴിതാ ആ കണ്ണട പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി വിവരം പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഭൂരിഭാഗം പേരും കണ്ണടയുടെ വിലയാണ് ചോദിച്ചത്. ഒരു ലക്ഷത്തിന് പുറത്താണ് കണ്ണടയുടെ വില എന്നാണ് മിക്കവരും പറയുന്നത്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫര്‍.മോഹന്‍ലാല്‍ പൃഥ്വിരാജ് ഉള്‍പ്പെടെ മഞ്ജു വാര്യരും ടൊവിനോ തോമസും വിവേക് ഒബ്റോയിയും ചിത്രത്തില്‍ എത്തിയിരുന്നു.ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയായിരുന്നു. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ എമ്പുരാന്‍ എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍. പൃഥ്വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേര്‍ന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.