ചുള്ളനായി വീണ്ടും മമ്മൂക്ക…’വിധേയന്‍’ തലത്തിലുള്ള പ്രകടനം കാണാം

മമ്മൂട്ടി താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍. താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ‘പുഴു’ ലുക്കില്‍ മമ്മൂട്ടിയെത്തിയെന്ന് ആരാധകരും ഫോട്ടോ പങ്കുവെച്ച് കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. വൈറലായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവുമൊത്തുള്ള ചിത്രങ്ങള്‍. ‘ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്‌റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍’ എന്ന കുറിപ്പോടെയാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത. ‘പുഴു’ എന്ന സിനിമക്കായി മുടിയും താടിയും വെട്ടി പുതിയ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ചിത്രമേതായാലും നിമിഷനേരം കൊണ്ടാണ് വൈറലായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് പങ്കുവെച്ചത്.

കോവിഡിന് ശേഷം താടിയും മുടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പല ചിത്രങ്ങളും വൈറലായിരുന്നു. അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയെത്തുന്നതും താടിയും മുടിയുമുള്ള ലുക്കിലാണ്. എന്നാല്‍ മമ്മൂട്ടിയുടെ ഈ പുതിയ ഗെറ്റപ്പിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം പത്തിന് പുഴുവിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി കൊച്ചിയിലെത്തും. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റദീനയാണ് സംവിധാനം ചെയ്യുന്നത്. ഉണ്ടക്ക് ശേഷം ഹര്‍ഷദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ‘സിബിഐ’ സിരീസിലെ അഞ്ചാം ഭാഗവും നവാഗതയായ റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ‘പുഴു’വും. ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയില്‍ ‘പുഴു’വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹര്‍ഷദിനൊപ്പം സുഹാസും ഷര്‍ഫുവും ചേര്‍ന്നാണ്. ഈ രണ്ട് ചിത്രങ്ങളുടെയും സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത് ജേക്‌സ് ബിജോയ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഗംഭീര തിരക്കഥയാണ് പുഴുവിന്റേതെന്നും മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്!തിട്ട് ഏറെ നാളുകള്‍ ആയിട്ടുണ്ടെന്നും ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജേക്‌സ് പറഞ്ഞു ‘പുഴുവില്‍ വര്‍ക്ക് ചെയ്യാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍. മമ്മൂക്കയുടെ അഭിനയമികവ് പ്രദര്‍ശിപ്പിക്കുന്ന ചിത്രമായിരിക്കും പുഴു. ഒരു മാസ് മമ്മൂക്കയെയല്ല ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാനാവുക. മറിച്ച് വിധേയന്‍ സിനിമയുടെയൊക്കെ തലത്തിലുള്ള പ്രകടനമായിരിക്കും’, ജേക്‌സ് പറയുന്നു.