വിജയ് സേതുപതിയുടെ ‘ലാബം’ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തി

നീണ്ട ഇടവേളക്ക് ശേഷം തമിഴ് നാട്ടില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത് വിജയ് സേതുപതി നായകനായെത്തിയ ‘ലാബം’.നാല് മാസത്തിന് ശേഷം തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ കാണാന്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ എത്തുന്നത്.

കഴിഞ്ഞ മാസം 23മുതല്‍ തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകള്‍ക്ക് പ്രവേശനം.

വിജയ് സേതുപതി സംവിധായകന്‍ എസ്.പി.ജനനാഥനുമായി കൊകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലാബം’. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. സോഷ്യല്‍ ഫൈറ്ററുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. കൃഷ്ണഗിരിയിലായിരുന്നു ലാബത്തിന്റെ ചിത്രീകരണം.പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്കു എന്നീ ഭാഷകളിലും പുറത്തിറങ്ങും.

വിജയ് സേതുപതി നാകനായെത്തുന്ന ഹൊറര്‍ കോമഡി ചിത്രം ‘അനബല്‍ സേതുപതി’റിലീസിന് തയ്യാറെടുക്കുകയാണ്.നവാഗതനായ ദീപക് സുന്ദര്‍രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സെപ്റ്റംബര്‍ 17ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തും. യോഗി ബാബു, രാധിക ശരത്കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാഷന്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.

ഡല്‍ഹി പ്രസാദ് ദീനദയാലന്‍ സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘തുഗ്ലക് ദര്‍ബാറും’ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 10 വിനായക ചതുര്‍ത്ഥിക്ക് ഡയറക്ട് ടെലിവിഷന്‍ പ്രീമിയറായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.റാഷി ഖന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാര്‍ഥിപന്‍, മഞ്ജിമ മോഹന്‍, ഗായത്രി, ഭവത് പെരുമാള്‍ തുടങ്ങിയവരും വേഷമിടുന്നു.ഗോവിന്ദ് വസന്തയാണ് സംഗീതം.കൊവിഡിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞതിന് ശേഷമാണ് തിയേറ്ററില്‍ ചിത്രം എത്തുന്നത്.