‘സല്യൂട്ടും’ ‘പുഴു’വും ഒടിടി റിലീസിന്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പുഴു ഒടിടി റിലീസിനൊരുങ്ങുന്നു. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. റത്തീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ദുല്‍ഖര്‍ ചിത്രമായ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ച്ച് 18നാണ് ചിത്രത്തിന്റെ റിലീസ്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.സംഗീതം ജേക്‌സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്.

അതേസമയം, സല്യൂട്ട് ഒടിടി റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധവുമായി കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക് വിലക്ക് ഏര്‍പ്പെടുത്തി. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നല്‍കിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചത്

കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റര്‍ ഉടമകള്‍ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് ‘സല്യൂട്ട്’. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്.

ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അമല്‍ നീരദ് ആയിരുന്നു സംവിധാനം. നിലവില്‍ സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹേയ് സിനാമികയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.