
സംസ്ഥാന പുരസ്‍കാരത്തിൽ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിൽ പരോക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു രംഗത്ത്.
വേടന്റെ പേരെടുത്ത് പറയാതെയാണ് വിമർശനം. “നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയാണെന്ന്” ജോയ് മാത്യു പറഞ്ഞു.
“ഒരാൾ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണിൽ അയാൾ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകി ആദരിക്കുമ്പോൾ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്. അവാർഡ് നൽകേണ്ടയാൾ സ്ത്രീ ശാക്തീകരണം എന്നും അബലകൾക്ക് ആശ്രയമാണ് എന്നും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും
അപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ അർഹതയ്ക്കുള്ള അവാർഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹിക വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യൽ അവാർഡ് കൂടി പ്രഖ്യാപിക്കുക. അപ്പോൾ പിന്നെ അവാർഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സർക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം”. ജോയ് മാത്യു കുറിച്ചു.
നിർമ്മാതാവും, സംവിധായകനുമായ കെ പി വ്യാസനും വേടന് പുരസ്‌കാരം നൽകിയതിനെതിരെ രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇരട്ടത്താപ്പ് മലയാളികളുടെ മുഖ മുദ്രയാണെന്നും, ദിലീപിനാണ് വേടന് പകരം അവാർഡ് കിട്ടിയിരുന്നെങ്കിൽ എന്തൊക്കെ ബഹളമുണ്ടാകുമായിരുന്നെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരിൽ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 55 ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ചിത്രത്തിലെ വിയർപ്പുതുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം. കലാകാരൻ ഉയർത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നായിരുന്നു വേടൻ്റെ പ്രതികരണം. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണം. ഇനിയും ജീവിതം പഴയപോലെതന്നെയാകും. പാട്ടുകാരനെക്കാൾ രചയിതാവ് എന്ന പേരിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷം-അവാർഡ് വിവരമറിഞ്ഞയുടൻ വേടൻ പ്രതികരിച്ചു.