
സ്വതന്ത്രചിത്രങ്ങള്‍ക്ക് പുരസ്‌കാരങ്ങളില്‍ കൂടുതല്‍ പ്രധാന്യം കൊടുക്കേണ്ടതായിരുന്നുവെന്ന് വിമർശനം അറിയിച്ച് സംവിധായിക ശ്രുതി ശരണ്യം. സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളും ഫെസ്റ്റിവൽ എൻട്രികളുമാണെന്ന് ശ്രുതി ശരണ്യം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശ്രുതിയുടെ വിമർശനം. തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘സ്വതന്ത്രസിനിമയുടെ ആകെയുള്ള ഇന്ധനമെന്നു പറയുന്നത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളും ഫെസ്റ്റിവൽ എൻട്രികളുമാണ്. ജനപ്രിയചിത്രങ്ങൾക്ക് സ്വകാര്യ പുരസ്‌കാരവേദികളും മനുഷ്യരിലേക്കു കടന്നു ചെല്ലാനുള്ള ഒടിടി തിയേറ്റർ സ്പേസുകളും വേണ്ടുവോളം ഉണ്ടെന്നിരിക്കെ, ദേശീയപുരസ്‌കാരങ്ങളിൽ നിലവിൽ വിശ്വാസം ഇല്ലെന്നിരിയ്ക്കെക്കെ, സംസ്ഥാനചലച്ചിത്ര പുരസ്‌കാരങ്ങളെങ്കിലും ഇത്തരം സ്വതന്ത്രചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു. ജനപ്രിയചിത്രങ്ങൾ അംഗീകരിക്കപ്പെടേണ്ടവയല്ല എന്നല്ല. അതോടൊപ്പം, ഒരുപക്ഷേ അതിലേറെ പ്രാധാന്യത്തോടെ, സ്വതന്ത്രസിനിമകളെയും അക്കാദമി ഉൾക്കൊള്ളേണ്ടതില്ലേ?’, ശ്രുതി കുറിച്ചു.
‘ഈ ഇന്ധനം നിലച്ചാൽ ഇല്ലാത്ത പൈസ കൈയിൽനിന്നെടുത്തും കടം വാങ്ങിയും നിർമാതാക്കളിൽനിന്ന് അപമാനങ്ങൾ സഹിച്ചും സിനിമകളുണ്ടാക്കി, അത്തരം സിനിമകളെ അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ വരെ കഷ്‌ടപ്പെട്ട് എത്തിച്ച മലയാളത്തിലെ പല സ്വതന്ത്രസംവിധായകരും നാളെ നാമാവശേഷരായെന്നു വരും. ‘പാരഡൈസി’നും, പായൽ കപാഡിയക്കും, ‘ഫെമിനിച്ചി ഫാത്തിമ’യ്ക്കും ലഭിച്ച അംഗീകാരങ്ങളിൽ സന്തോഷിക്കുന്നു. ഒപ്പം, അംഗീകരിക്കപ്പെടാതെ പോയ മറ്റു നല്ല ചിത്രങ്ങളെയും അവയുടെ സംവിധായകരെയും ഓർക്കുന്നു’, ശ്രുതി കൂട്ടിച്ചേർത്തു.
ശ്രുതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കമൻ്റുമായി സംഗീതസംവിധായകൻ സുദീപ് പാലനാടുമെത്തി. ‘അംഗീകാരം ജനമനസ്സുകളിൽ അല്ലേ വേണ്ടൂ. നല്ല കലാ പ്രവൃത്തി ചെയ്യുക. പിന്നെയും ചെയ്യുക. ചെയ്‌തുകൊണ്ടേ ഇരിക്കുക. അത്രയല്ലേ വേണ്ടൂ’, എന്നായിരുന്നു സുദീപിന്റെ കമന്റ്.
2024 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ളത് അടക്കം പത്തുപുരസ്‌കാരങ്ങള്‍ ചിദംബരം സംവിധാനംചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നേടി. ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഫെമിനിച്ചി ഫാത്തിമ’യിലെ ഷംല ഹംസയാണ് മികച്ച നടി.
തൃശൂരിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 128 സിനിമകളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് എത്തിയത്.പ്രാഥമിക ഘട്ടത്തില്‍ രണ്ട് സബ് കമ്മിറ്റികളാണ് അവാർഡിനായി സമർപ്പിച്ച സിനിമകള്‍ കണ്ട് വിലയിരുത്തിയത്. രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളെ നയിച്ചത്. ഇവർക്ക് പുറമേ, ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.
നടനും സംവിധായകനുമായ പ്രകാശ് രാജാണ് അന്തിമ വിധി നിർണയ ജൂറി ചെയർപേഴ്സണ്‍. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരാണ് അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങള്‍.