‘ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’, പോലും എടുത്ത് ചര്‍ച്ച ചെയ്യരുത്”; സജി ചെറിയാൻ

','

' ); } ?>

സംസ്ഥാന പുരസ്‌കാരങ്ങൾ കുറിച്ചുള്ള തൻ്റെ വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കരുതെന്നഭ്യർത്ഥിച്ച് മന്ത്രി സജി ചെറിയാൻ. ഒരു പൊതുപരിപാടിക്കിടെ ‘ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’ എന്ന വാക്കിലെ പോലെ എന്ന വാക്കിനെ മാധ്യമ പ്രവർത്തകർ എടുത്തു ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘വെറുതേ വിവാദമാക്കുകയാണ്. വേടൻ പറഞ്ഞ വാക്കാണ് ഞാൻ പറഞ്ഞത്. നിങ്ങൾ വളച്ചൊടിക്കരുത്. ഒരുപാട് പ്രഗത്ഭർ നിലനിൽക്കുന്ന മേഖലയാണ് ഗാനരചന. അങ്ങനെയുള്ളവരുള്ളപ്പോൾ, നല്ലൊരു കവിതയെഴുതിയ വേടനെ ഞങ്ങൾ സ്വീകരിച്ചു. ജൂറി സ്വീകരിച്ചു. അതിനുള്ള മനസ് സർക്കാരിനുണ്ടെന്നാണ് പറഞ്ഞത്’, സജി ചെറിയാൻ പറഞ്ഞു.

‘ശ്രീകുമാരന്‍തമ്പി സാറിനെപ്പോലെ ഒരുപാട് എഴുത്തുകാരുള്ള നാട്ടില്‍, വേടനപ്പോലെ പാട്ടുപാടുന്ന- അയാള്‍ എഴുത്തുകാരനല്ല. ഗാനരചയിതാവ് അല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍, അത് കേരളം സ്വീകരിച്ചു എന്നാണ് പറഞ്ഞത്. ആ അര്‍ഥത്തില്‍ കാണണം. അതിന്റെ നല്ല വശം എടുക്കണം. എല്ലാം നെഗറ്റീവായി ചിന്തിക്കരുത്. പോസിറ്റീവായി ചിന്തിക്ക്. എന്റെ പോലും എടുത്ത് ചര്‍ച്ച ചെയ്യരുത്’- സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി പി.എ. മുഹമ്മദ് റിയാസും വേദിയിലിരിക്കവേയാണ് കഴിഞ്ഞ അഞ്ചുവർഷത്തെ സാംസ്‌കാരിക വകുപ്പിൻ്റെ നേട്ടങ്ങളെക്കുറിച്ച് സജി ചെറിയാൻ പറഞ്ഞത്. ‘എൻ്റേത് ഒരു ചെറിയ വകുപ്പാണ്, സാംസ്കാരിക വകുപ്പ്. ഞാൻ അഭിമാനത്തോടെ പറയുന്നു, റിയാസ് മിനിസ്റ്ററേ, അഞ്ചാമത് അവാർഡ് ആണ് ഇന്നലെ ഞാൻ പ്രഖ്യാപിച്ചത്. ഒരു പരാതിയില്ലാതെ ഈ സർക്കാരിന്റെ കാലത്ത് അഞ്ച് അവാർഡ് ഞങ്ങൾ പ്രഖ്യാപിച്ചു. കൈയടി മാത്രമേയുള്ളൂ, മമ്മൂക്കയ്ക്ക് കൊടുത്തപ്പോൾ അതിനേക്കാൾ കൈയടി. ലോകംകണ്ട ഇതിഹാസനായകനാണ് മോഹൻലാൽ. ഞങ്ങൾ കൊണ്ടുവന്നു സ്വീകരിച്ചു, അതിനേക്കാൾ കൈയടി. ഇപ്രാവശ്യം വേടനപ്പോലും ഞങ്ങൾ സ്വീകരിച്ചു’, മന്ത്രി പറഞ്ഞു.

മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിൽ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യുവും, നിർമ്മാതാവും സംവിധായകനുമായ കെ പി വ്യാസനും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇരട്ടത്താപ്പ് മലയാളികളുടെ മുഖ മുദ്രയാണെന്നും, ദിലീപിനാണ് വേടന് പകരം അവാർഡ് കിട്ടിയിരുന്നെങ്കിൽ എന്തൊക്കെ ബഹളമുണ്ടാകുമായിരുന്നെന്നും കെ പി വ്യാസൻ പറഞ്ഞു. നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയാണെന്ന്” ജോയ് മാത്യുവും പറഞ്ഞു.