
സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും മനസ് തുറന്ന് നടൻ ജയസൂര്യ. മക്കളിപ്പോൾ സുഹൃത്തുക്കളെ പോലെയാണെന്നും തന്റെ കൂടെ എല്ലാത്തിനും കുടുംബം മാത്രമേ ഉള്ളൂവെന്നും ജയസൂര്യ പറഞ്ഞു. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. തനിക്ക് സന്തോഷത്തിലും വിഷമത്തിലും കൂട്ടിനായി കുടുംബം മാത്രമാണുള്ളതെന്നും ഒരുപാട് സുഹൃത്തുക്കളില്ലാത്തതാണ് തന്റെ കംഫർട്ടബിൾ സ്പേസ് എന്നും ജയസൂര്യ കൂട്ടിച്ചേർത്തു.
മക്കൾ ഇപ്പോൾ സുഹൃത്തുക്കളെ പോലെയാണെന്നും കരിയറിലെ പല സിനിമകളെക്കുറിച്ചും തന്നോട് തുറന്നു സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില ചിത്രങ്ങൾ ബോറാണെന്ന് മക്കൾ പറഞ്ഞിട്ടുണ്ടെന്നും ആ അഭിപ്രായങ്ങൾ ശരിയാണെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥ കേൾക്കുമ്പോൾ മികച്ചതായി തോന്നുമെങ്കിലും സെറ്റിൽ ചെന്നുകഴിയുമ്പോൾ സംവിധായകരുടെ ഭാഗത്തുനിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള സിനിമകളിൽ അഭിനയിക്കുമ്പോൾ വലിetish കഷ്ടപ്പാടും വിഷമവും തോന്നിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു.
തന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടാകാൻ വലിയൊരു സുഹൃത്തുവലയമില്ലെന്നും എന്നാൽ നഴ്സറി ക്ലാസ് മുതൽ ഒപ്പമുള്ള സുജീഷ് എന്ന സുഹൃത്തും കുടുംബവുമാണ് തന്റെ ലോകമെന്നും ജയസൂര്യ പറഞ്ഞു. പണ്ട് കൂട്ടുകാരില്ലാത്തത് വലിയൊരു കുറവായി തോന്നിയിരുന്നെങ്കിലും, തനിക്ക് താനായിരിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഇടം കുടുംബമാണെന്നും ആ കാര്യത്തിൽ താൻ പൂർണ സന്തോഷവാനാണെന്നും താരം വ്യക്തമാക്കി. മുഖ്യധാര മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്ത അഭിമുഖത്തിലെ ഈ പ്രസ്താവനകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ജയസൂര്യയുടെ വാക്കുകൾ;
“മക്കളിപ്പോൾ സുഹൃത്തുക്കളെ പോലെയായി. എല്ലാ കാര്യങ്ങളും അവരോട് പറയാം. ഇപ്പോൾ സിനിമയെക്കുറിച്ച് ആധികാരികമായി അവരോട് പറയാം. അച്ഛൻ ചെയ്യരുതായിരുന്നു, ബോറായി എന്ന് മക്കൾ പറഞ്ഞ സിനിമകളുണ്ട്. അത് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ ചെന്ന് പെടുമ്പോഴാണ് മനസിലാകുന്നത്. ഇവർ കഥ വന്ന് പറയുമ്പോൾ ഭയങ്കര കാര്യമായി തോന്നും. പക്ഷേ ഇയാളുടെ ഉള്ളിൽ എത്ര മാത്രം സിനിമയുണ്ടെന്നതിൽ ചെറിയൊരു ബോധം വെച്ചാണ് നമ്മൾ ചെല്ലുന്നത്.
അവിടെ ചെന്നാൽ, തോണ്ടിയാലേ ആക്ഷൻ പറയാൻ പറ്റൂ, തോണ്ടിയാലേ കട്ട് പറയാൻ പറ്റൂ എന്ന അവസ്ഥ വരും. ആ പടത്തിന്റെ ബിസിനസ് മുഴുവൻ നടക്കുന്നത് ആക്ടറുടെ പേരിലായിരിക്കും. അവിടെ നമ്മൾ ഭയങ്കരമായി വിഷമിച്ച് പോകും. എനിക്ക് കൂടെ ചിരിക്കുമ്പോൾ ചിരിക്കാൻ അങ്ങനെ ഒരുപാട് പേരൊന്നുമില്ല. കരയുമ്പോൾ കൂടെ കരയാനും ആരുമില്ല.
അതാകുമ്പോൾ കുഴപ്പമില്ലല്ലോ. സിനിമ കാണുമ്പോഴാണ് ഞാൻ ചെയ്ത തമാശകൾ കണ്ട് ആളുകൾ ചിരിക്കുന്നത് കണ്ടിട്ടുള്ളത്. അത്ര മാത്രമേ ഉള്ളൂ. എനിക്ക് കുടുംബം മാത്രമേ ഉള്ളൂ. അതുകൊണ്ടത് സുഖമാണ്. ഒരുപാട് സുഹൃത്തുക്കളില്ല, ഒന്നുമില്ല. പണ്ട്, കൂട്ടുകാരില്ലാത്തത് വലിയൊരു കുറവാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ആംഗിളിൽ കുറവായിരിക്കാം. എനിക്ക് ഞാനായിട്ട് ഇരിക്കാൻ പറ്റുന്നത് എന്റെ കംഫർട്ടബിൾ സ്പെയ്സിലാണല്ലോ.
അതിന് എനിക്ക് എന്റെ കുടുംബമുണ്ട്. ഞാൻ ഭയങ്കര സന്തോഷവാനാണ് ആ കാര്യത്തിൽ. പിന്നെ നഴ്സറി മുതൽ എന്റെ കൂടെ പഠിച്ച സുജീഷ് എന്ന് പറഞ്ഞൊരു സുഹൃത്തുണ്ട്. ഞാനെന്താണെന്ന് അവനും അവൻ എന്താണെന്ന് എനിക്കുമറിയാം. ഈ രണ്ട് സ്പെയ്സിലാണ് ഞാനേറ്റവും കംഫർട്ടബിൾ ആകുന്നത്.”