‘ആര്‍ക്കറിയാം’ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍…

ദൃശ്യം 2, ഖൊ ഖൊ, ദി പ്രീസ്റ്റ് എന്നി ചിത്രങ്ങള്‍ക്ക് പിന്നാലെ സാനു ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ആര്‍ക്കറിയാം’ എന്ന ചിത്രവും ടെലിവിഷന്‍ പ്രീമിയറിനൊരുങ്ങുന്നു.ഈ മാസം 11ന് (വെള്ളിയാഴ്ച) വൈകിട്ട് 7 മണിക്ക് ചിത്രം ഏഷ്യാനെറ്റിലൂടെ പ്രദര്‍ശിപ്പിക്കും.

ലോക്ക് ഡൗണിനു ശേഷം തുറന്ന തീയറ്ററുകളിലേക്ക് ഏപ്രില്‍ ഒന്നിന് എത്തിയ ചിത്രത്തിന് അക്കാരണത്താല്‍ തന്നെ അധികം കാണികളെ നേടാനായിരുന്നില്ല. അതേസമയം ചിത്രം കണ്ടവരില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് അഭിപ്രായങ്ങളും പങ്കുവച്ചിരുന്നു. പക്ഷേ മൗത്ത് പബ്ലിസിറ്റി പ്രയോജനപ്പെടുത്താന്‍ കൊവിഡ് സാഹചര്യത്താല്‍ ചിത്രത്തിന് ആയില്ല. എന്നാല്‍ പിന്നീട് ചിത്രം ഒടിടി റിലീസ് ആയി എത്തിയിരുന്നു. ആമസോണ്‍ പ്രൈം, നീസ്ട്രീം, കേവ്, റൂട്ട്‌സ്, ഫില്‍മി, ഫസ്റ്റ് ഷോസ് എന്നിങ്ങനെ ആറ് പ്ലാറ്റ്‌ഫോമുകളില്‍ ഒരേദിവസമാണ് ചിത്രം ഒടിടി റിലീസ് ചെയ്യപ്പെട്ടത്. മെയ് 19നായിരുന്നു ഒടിടി റിലീസ്.

പാര്‍വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആര്‍ക്കറിയാം.72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്റെ മേക്കോവര്‍ റിലീസിനു മുന്‍പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസിനൊപ്പം രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍. പശ്ചാത്തല സംഗീതം സഞ്ജയ് ദിവേച്ച. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.