രക്ഷിത് ഷെട്ടിയുടെ ‘777 ചാർലി’ ടീസർ

കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ ചിത്രം ‘777 ചാര്‍ലി’യുടെ മലയാളം ടീസര്‍ റിലീസ് ചെയ്ത പൃഥ്വിരാജ്.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്. ചിത്രത്തിന്റെ മലയാളം പതിപ്പ് വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍, ആന്റണി വര്‍ഗീസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ടീസര്‍ പങ്കുവച്ചിട്ടുണ്ട്.

ഏകാന്തതയില്‍ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന നായ കടന്നു വരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചാര്‍ലിയുടെ യാത്രയും അതിനടിയില്‍ ഉണ്ടാകുന്ന സംഭവങ്ങളും ഒടുവില്‍ നായകന്റെ അടുത്ത് എത്തുന്നതുമാണ് ടീസറില്‍ ഉള്ളത്.

മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

സംഗീത ശൃംഗേരിയാണ് നായികയായി അഭിനയിക്കുന്നത്. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം പകരുന്നത്, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ് പ്രതീക് ഷെട്ടി.കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്.