കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രം, സംവിധാനം കൃതിക ഉദയനിധി

പാവ കഥൈകള്‍, പുത്തം പുതു കാലൈയ് എന്നീ സിനിമകള്‍ക്ക് ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ്സിനിമ അനൗണ്‍സ് ചെയ്തു. റൈസ് ഈസ്റ്റ് ക്രീയേഷന്‍സിന്റെ ബാനറില്‍ കൃതിക ഉദയനിധിയാണ് സംവിധാനം. ട്വിറ്റര്‍ സ്‌പെയ്സസ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ആദ്യമായാണ് ട്വിറ്റര്‍ സ്‌പെയ്സസിന്റെ സാധ്യത ഉപയോഗിച്ച് ഒരു സിനിമയുടെ അനൗണ്‍സ്മെന്റ് നടക്കുന്നത്.

തിമിരു പിടിച്ചവന്‍, സമര്‍, കാളി, വണക്കം ചെന്നൈ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റീചാര്‍ഡ് എം നാഥനാണ് ക്യാമറ ചലിപ്പിക്കുന്നത്. കറുപ്പന്‍, വൃന്ദാവനം എന്നീ ചിത്രങ്ങിളിലെ നായിക വേഷം കൈകാര്യം ചെയ്ത താന്യ രവിചന്ദ്രന്‍ ആണ് നായിക. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

2013 യില്‍ വണക്കം ചെന്നൈ എന്ന സിനിമയായിരുന്നു കൃതികയുടെ അരങ്ങേറ്റ ചിത്രം . പിന്നീട് 2018ല്‍ വിജയ് ആന്റണിയെ നായകനാക്കി കാളി സംവിധാനം ചെയ്തു. പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ഹൃസ്വ ചിത്രത്തില്‍ സത്താര്‍ എന്ന കഥാപാത്രം കാളിദാസിന് വലിയൊരു കരിയര്‍ ബ്രേക്ക് ആയിരുന്നു നല്‍കിയത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്‍. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസന്‍ മികച്ച അഭിനയം കാഴ്ചവച്ചു. ഈ ചിത്രത്തിലെ അഭിനയ മികവിന് 2003 ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരവും ദേശീയ ചലച്ചിത്രപുരസ്‌കാരവും കാളിദാസന്‍ നേടി. 2018 ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ച വച്ചു.