
സിനിമയിൽ 20 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷവും തുടക്കകാലത്ത് നേരിട്ട കരിയർ ഉപദേശങ്ങളും പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. നടിമാരുടെ കരിയർ അഞ്ച്-ആറ് വർഷത്തിനുള്ളിൽ അവസാനിക്കുമെന്നും അതിനുശേഷം വിവാഹമായിരിക്കുമെന്നുമുള്ള മുൻവിധികൾ തന്നെ ദേഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
പണം സമ്പാദിക്കാൻ തമിഴിലും തെലുങ്കിലും ഐറ്റം സോങ്ങുകൾ ചെയ്യണമെന്നും അർത്ഥവത്തായ വേഷങ്ങൾ മലയാളത്തിൽ ചെയ്താൽ മതിയെന്നും നിർദ്ദേശിച്ച മാനേജരാകാൻ ആഗ്രഹിച്ച വ്യക്തിയുടെ തന്ത്രങ്ങൾ താൻ തള്ളിക്കളഞ്ഞതായും പാർവതി പറഞ്ഞു. കരിയറിന്റെ ആദ്യ മൂന്ന് വർഷത്തിനുള്ളിലാണ് ഇത്തരം അനുഭവങ്ങളുണ്ടായത്. പിന്നീട് സ്വന്തം വഴി തിരഞ്ഞെടുക്കുകയും അതിൽ ഉറച്ചുനിൽക്കുകയുമായിരുന്നു.
തിരക്കഥ ആവശ്യപ്പെടുന്നത് പോലും അക്കാലത്ത് വലിയ കാര്യമായിരുന്നെന്നും, വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ വരുന്ന ആളോട് ഫ്രിഡ്ജിലുള്ള സാധനങ്ങൾ പറയുന്ന ലാഘവത്തോടെ മാത്രമാണ് താൻ കാര്യങ്ങൾ ചോദിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘ഞങ്ങൾ നിങ്ങളെ ലോഞ്ച് ചെയ്യുകയാണ്’ എന്ന പ്രയോഗത്തെയും പാർവതി വിമർശിച്ചു. താനൊരു റോക്കറ്റല്ലെന്നും കലയിലൂടെ ഒരു സേവനം നൽകാനാണ് വന്നതെന്നും പറഞ്ഞ താരം, കലയോടൊപ്പം സ്വന്തം ബുദ്ധിയെ ചെറുതാക്കി കാണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. 20 വർഷത്തെ യാത്ര പൂർണ്ണതയുള്ളതായി തോന്നുന്നുവെന്നും ഒരു റെക്കോർഡും തകർക്കാനല്ല താൻ ശ്രമിച്ചതെന്നും പാർവതി പറഞ്ഞു.
പാർവതിയുടെ വാക്കുകൾ
”20 വര്‍ഷമെന്നത് ഹോള്‍സം ആയിട്ടാണ് തോന്നുന്നത്. തീര്‍ച്ചയായും നേട്ടം തന്നെയാണ്. പ്രത്യേകിച്ചും, തുടക്കത്തില്‍ എല്ലാവരും പറഞ്ഞിരുന്നത് അഞ്ച് വര്‍ഷം, ആറ് വര്‍ഷം മാക്‌സികം. അത് കഴിഞ്ഞാല്‍ പിന്നെ കല്യാണം എന്നായിരുന്നു. ഞാന്‍ ഒരു റെക്കോര്‍ഡും തകര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ, അത് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. തുടക്കം മുതല്‍ കേട്ടിരുന്നു.
തുടക്കം മുതലെ എന്റെ മാനേജര്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന ഒരാളുണ്ടായിരുന്നു. അവര്‍ എന്നോട് സ്ട്രാറ്റജികള്‍ പറയുമായിരുന്നു. നിനക്ക് പൈസ ഉണ്ടാക്കണമെങ്കില്‍ തമിഴിലും തെലുങ്കിലും പോയി ഐറ്റം സോങ്‌സ് ചെയ്യണം. സബ്‌സ്റ്റന്‍സ് ചെയ്യണമെങ്കില്‍ മലയാളത്തില്‍ ചെയ്‌തോളൂ. പക്ഷെ പൈസ അവിടെ നിന്നുമാണ് കിട്ടുന്നത്. അപ്പോള്‍ അതൊക്കെ ചെയ്യേണ്ടി വരും എന്ന്. എന്ത് കണ്‍വിക്ഷനോടെയാണ് ഇയാള്‍ ഈ സ്ട്രാറ്റജി മുന്നോട്ട് വെക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് യാതൊരു ഏജന്‍സിയുമില്ല, ബുദ്ധിയെന്ന് പറയുന്ന സാധനമില്ല. ഞാന്‍ അവരോട് ബൈ പറഞ്ഞു. ഇനിയൊരിക്കലും കാണാന്‍ പോകുന്നില്ലെന്നും. പിന്നീടങ്ങോട്ടുള്ള ശ്രമം ആ സ്ട്രാറ്റജി പിന്തുടരില്ല എന്നതായിരുന്നു.
ആദ്യത്തെ മൂന്ന് വര്‍ഷത്തില്‍ തന്നെയായിരുന്നു ഇതൊക്കെ സംഭവിക്കുന്നത്. അതിന് ശേഷം ഞാനൊരു വഴി തെരഞ്ഞെടുത്തു. അതില്‍ ഉറച്ചു നിന്നു. ഒന്നോ രണ്ടോ സിനിമകളില്‍ ശ്രമിച്ചു നോക്കി. ഇന്നത് നോര്‍മലാണ്. ഉദാഹരണത്തിന് തിരക്കഥ ചോദിക്കുന്നത് പോലെ. എന്റെ വീട്ടില്‍ ഭക്ഷണമുണ്ടാക്കാന്‍ വരുന്ന ചേച്ചിയ്ക്ക് ഫ്രിഡ്ജില്‍ എന്തൊക്കെയുണ്ടെന്ന് ഞാന്‍ പറഞ്ഞു കൊടുക്കും. അത്രയല്ലേ ഞാന്‍ ചോദിക്കുന്നുള്ളൂ. അവിടെ എന്തിനാണ് ഈഗോ?
രണ്ടാമത്തെ കാര്യം, ഞങ്ങള്‍ നിങ്ങളെ ലോഞ്ച് ചെയ്യുകായണെന്ന് പറയും. ഞാനൊരു റോക്കറ്റല്ല, നിങ്ങള്‍ എന്നെ ലോഞ്ച് ചെയ്യുന്നുമില്ല. ഞാന്‍ വന്നത് ഒരു സേവനം തരാനാണ്. അത് കലയാണ്. നിങ്ങള്‍ക്കത് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം. അതോടൊപ്പമുള്ള ബുദ്ധിയെ എന്തിനാണ് ചെറുതാക്കാന്‍ പറയുന്നത്?.”