‘ഇരുണ്ട കാലത്ത് എനിക്ക് ആശ്വാസമായത് ‘ഇൻ ഹരിഹർ നഗർ’; എന്റെ പ്രിയപ്പെട്ട കംഫർട്ട് മൂവി അതാണ്’: മനസ്സുതുറന്ന് സന്ദീപ് പ്രദീപ്

','

' ); } ?>

ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൂടെ കടന്നുപോയ സമയത്ത് തനിക്ക് വലിയ ആശ്വാസവും സന്തോഷവും നൽകിയത് സിദ്ദിഖ്-ലാൽ ചിത്രം ‘ഇൻ ഹരിഹർ നഗർ’ ആണെന്ന് യുവനടൻ സന്ദീപ് പ്രദീപ്. ചിത്രത്തിലെ ഓരോ സംഭാഷണവും രംഗവും തനിക്ക് ഇന്നും കാണാപാഠമാണെന്നും തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ‘കംഫർട്ട് മൂവി’ അതാണെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രമായ ‘കോസ്മിക് സാംസണി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് തന്റെ സിനിമാ ഇഷ്ടങ്ങൾ പങ്കുവെച്ചത്.

വളരെയധികം മാനസിക വിഷമങ്ങളിലൂടെയും ഇരുണ്ട ഘട്ടങ്ങളിലൂടെയും കടന്നുപോയിരുന്ന കാലത്ത് തന്നെ സന്തോഷിപ്പിച്ചിരുന്നത് ഇത്തരം സിനിമകളായിരുന്നുവെന്ന് സന്ദീപ് ഓർമ്മിക്കുന്നു. ‘സിഐഡി മൂസ’ പോലുള്ള ഹാസ്യചിത്രങ്ങൾ ഏറെ ഇഷ്ടമാണെങ്കിലും, ‘ഇൻ ഹരിഹർ നഗറി’നോട് തനിക്ക് പ്രത്യേക വൈകാരിക അടുപ്പമുണ്ടെന്നും എപ്പോൾ വേണമെങ്കിലും ആവർത്തിച്ച് കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1990-ൽ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഇൻ ഹരിഹർ നഗർ’ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യചിത്രങ്ങളിലൊന്നാണ്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം, പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പുതുതലമുറയിലെ പ്രേക്ഷകർക്കിടയിലും താരങ്ങൾക്കിടയിലും ഒരുപോലെ ജനപ്രിയമായി തുടരുകയാണ്.

സന്ദീപിന്റെ വാക്കുകൾ

“ഇൻ ഹരിഹർ ന​ഗർ’ ആണ് എന്റെ ഏറ്റവും ഫേവറീറ്റ് സിനിമ. അത് ഞാൻ വ്യക്തിപരമായി അങ്ങനെ പറയുന്നതിന്റെ കാരണം, ഞാൻ അന്ന് വളരെ ഡാർക്ക് ആയി പോയിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ ഒരു സമയത്ത് ഞാൻ ഭയങ്കര ഹാപ്പിയാകുന്നത് ഇങ്ങനെയുള്ള സിനിമകൾ കാണുമ്പോഴായിരുന്നു.

എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ സിനിമ കാണാൻ. ഞാനെപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമ കൂടിയാണിത്. അതിലെ ഓരോ ഡയലോ​ഗും സീനും എനിക്ക് കാണാപാഠമാണ്. എന്റെ ഫേവറീറ്റും, കംഫർട്ടും തരുന്ന സിനിമ അതാണ്. പിന്നെ ‘സിഐഡി മൂസ’ പോലെയുള്ള പടങ്ങളൊക്കെ ഉണ്ടെങ്കിലും ‘ഇൻ ഹരിഹർ ന​ഗർ’ എന്റെ ഭയങ്കര ഫേവറീറ്റ് സിനിമയാണ്.”