
ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ നൃത്തം കൊണ്ടും അഭിനയം കൊണ്ടും തന്റേതായ ഒരു സാമ്രാജ്യം പണിതുയർത്തിയ മൂന്ന് സഹോദരിമാർ. തിരുവിതാംകൂർ സഹോദരിമാർ എന്ന ഒറ്റവിശേഷണം കൊണ്ട് പുതു തലമുറയെ പോലെ പരിചിതത്വത്തിന്റെ പുഞ്ചിരിയിലേക്ക് നയിക്കുന്ന അതുല്യ പ്രതിഭകൾ. ലളിത, പത്മിനി, രാഗിണി. ഇന്ന് സഹോദരിമാരിൽ മൂത്തവളായ ലളിതയുടെ ഓർമ്മദിനമാണ്. 4 പതിറ്റാണ്ടുകൾക്കിപ്പുറവും അവരിന്നും കലയുടെ വെള്ളിവെളിച്ചത്തിൽ പ്രഭ ചോരാതെ നില നിൽക്കുന്നുവന്നത് അത്ഭുതമാണ്.കേവലം ഒരു നായിക എന്നതിനപ്പുറം ഇന്ത്യൻ സിനിമയിലെ നൃത്തത്തിന്റെ മറ്റൊരു മുഖമായിരുന്ന ലളിതയ്ക്ക് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.
തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത- പത്മിനി- രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത. തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു. ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കാൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദരൻ ചന്ദ്രകുമാറിൻറെ പുത്രിയാണ്
തിരുവനന്തപുരത്തെ പൂജപ്പുരയിലെ മലയാ കോട്ടേജിൽ തങ്കപ്പൻപിള്ളയുടെയും സരസ്വതിയമ്മയുടെയും മക്കളായി ജനിച്ച ലളിതയും പത്മിനിയും രാഗിണിയും ചെറുപ്പം മുതൽ നൃത്തമഭ്യസിച്ച് പിന്നീട് തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായ നർത്തകികളായിത്തീർന്നിരുന്നല്ലോ. ക്ലാസിക് ഡാൻസിലെ ഇവരുടെ മികവ് രാജ്യാന്തര പ്രശസ്തി നേടുകയും, പിന്നീടവർ മൂവരും 1948 ലെ ‘കൽപന ’എന്ന ഹിന്ദിച്ചിത്രത്തിലൂടെ സിനിമയിലെത്തുകയുമുണ്ടായി. ആദ്യകാല വെള്ളിത്തിരയുടെ പ്രിയദർശിനികളായിത്തീരുന്ന അവർ മൂവരും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. മികച്ചനർത്തകികളെന്നതു പോലെ മികച്ച നടികളായും അവർ പേരെടുത്തു. ഇവരിലെ മൂത്ത സഹോദരിയായ ലളിത വിടപറഞ്ഞിട്ട് ഇന്ന് 44 വർഷം പൂർത്തിയാകുന്നു.
ഇളയവളായ രാഗിണി മലയാള ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. രണ്ടാമത്തെയാളായ പത്മിനി മലയാളവും തമിഴും കടന്ന് ഹിന്ദി സിനിമാവേദിയിലും ഹരമായി മാറി. എന്നാൽ ലളിത തമിഴ് സിനിമാ രംഗത്താണ് വെന്നിക്കൊടി പാറിച്ചത്. നായികയായും ഉപനായികയായും വില്ലത്തിയായുമൊക്കെ തമിഴിൽ കുറേയേറെച്ചിത്രങ്ങളിൽ അവർ ഉണ്ടായിരുന്നു.
‘കാണിക്കൈ’, ‘ആദിത്യൻ കനവ്’,‘മോഹിനി’, ‘വേതാള ഉലകം’, ‘ഗോകുലദാസി’, ‘വാഴ്കൈ’, ‘ജ്ഞാന സൗന്ദരി’ , ‘കൃഷ്ണവിജയം’, ‘കന്നിയിൻ കാതലി’, ‘പൊന്മുടി’,‘ലൈലാ മജ്നു’, ‘മായാവതി’, ‘ശിങ്കാരി’, ‘പവിഴക്കൊടി’, ‘നാട്യറാണി’, ‘മങ്കയർക്കരശി’, ‘മരുമകൾ’, ‘ഇതയഗീതം’, ‘വിജയകുമാരി’, ‘മരുതനാട്ട് ഇളവരശി’, ‘പാരിജാതം’, ‘ദിഗംബര സാമിയാർ’, ‘സുദർശൻ’, ‘മണമകൾ’, ‘ദേവകി’, ‘വനസുന്ദരി’, ‘ധർമ്മദേവത’, ‘ആന്തമാൻ കൈതി,’ ‘പൊന്നി’, ‘ദേവദാസ്’, ‘ഉലകം’, ‘കനവ്’, ‘വള്ളിയിൻ സെൽവൻ’, ‘മേനക’, ‘കണവനേ കൺകണ്ട ദൈവം’, ‘ഉലകം പലവിധം’, ‘കാവേരി’, ‘എല്ലാം ഇമ്പമയം’ ,‘തൂക്കു തൂക്കി’, ‘മധുരൈ വീരൻ’, ‘കന്നിയിൻ ശപഥം’, ‘തങ്കപ്പതുമൈ’, ‘സെന്താമരൈ’ തുടങ്ങിയവയെല്ലാം ലളിത ഗംഭീര പ്രകടനങ്ങൾ കാഴ്ച വച്ച ചിത്രങ്ങളാണ്. ‘തൂക്കു തൂക്കി’ തുടങ്ങിയ ചില ചിത്രങ്ങളിൽ അവർ വില്ലത്തിയായും അഭിനയിച്ചു.
കുറച്ച് തെലുങ്ക് ചിത്രങ്ങളും ഏതാനും ഹിന്ദി- സിംഹള ചിത്രങ്ങളും ലളിതയുടെ ക്രെഡിറ്റിലുണ്ട്. മറുഭാഷകളിൽ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും മാതൃഭാഷയിൽ ലളിതയ്ക്ക് അഞ്ച് ചിത്രങ്ങളേയുള്ളൂ. അവയിൽ ‘പ്രസന്ന’, ‘കാഞ്ചന’, ‘പൊൻകതിർ’ എന്നീ ചിത്രങ്ങളിൽ അവർ നായികയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
‘പ്രസന്ന’യെന്ന ടൈറ്റിൽറോളും ‘കാഞ്ചന’യെന്ന ടൈറ്റിൽറോളും അവർ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെന്ന് അക്കാലത്തെ പ്രമുഖ ചലച്ചിത്ര നിരൂപകൻ സിനിക്ക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1952 ലെ ആദ്യചിത്രമായ ‘അമ്മ’യിൽ രാധയെന്ന സെമിവില്ലത്തി വേഷവും, 1953 ലെ ‘പൊൻകതിരി’ലെ രാധയെന്ന നായികാവേഷവും ഈ നടി ഏറ്റവും തന്മയത്വത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
‘പ്രസന്ന’യിൽ പ്രമുഖ തമിഴ്നടൻ ടി.എസ്. ബാലയ്യയും, കാഞ്ചനയിൽ മറ്റൊരു ശ്രദ്ധേയനായ തമിഴ് നടൻ കെ.ആർ. രാമസ്വാമിയുമായിരുന്നു ലളിതയുടെ ജോടികൾ. ‘പ്രസന്ന’യിൽ എം.എൽ. വസന്തകുമാരിയും ‘കാഞ്ചന’യിൽ രാധാജയലക്ഷ്മിയും പാടിയ ഏഴു വീതം പാട്ടുകൾക്ക് അധരചലനം നൽകിയത് ലളിതയായിരുന്നു.
ആദ്യചിത്രമായ ‘പ്രസന്ന’ റിലീസായ മാസം തന്നെ (1950 ഓഗസ്റ്റ്) പുറത്തുവന്ന ‘ചന്ദ്രിക’ എന്ന ചിത്രത്തിലും ലളിതയുണ്ടായിരുന്നു. അതിലവർ അഭിനേതാവായിരുന്നില്ല-
നർത്തകിയായിരുന്നു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ശാകുന്തളം നൃത്തനാടകം അവതരിപ്പിച്ചിരിക്കുന്നത് ലളിത-പത്മിനി-രാഗിണിമാരും സക്കുബായിയും ചേർന്നാണ്. ഈ നൃത്തനാടകത്തിൽ ലളിത,ദുഷ്യന്തന്റെ വേഷമാണ് അവതരിപ്പിച്ചിട്ടുള്ളത്.
‘അമ്മ’ സിനിമയിൽ കുമാരനാശാന്റെ കരുണ എന്ന കവിത നൃത്തനാടകമായി ഉണ്ടായിരുന്നു.ആ നൃത്തമവതരിപ്പിച്ചത് ലളിതയും പത്മിനിയും ചേർന്നാണ്. അഭിനയരംഗത്തേക്കു വരുന്നതിനു മുൻപ് തന്നെ തിരുവിതാംകൂർ സിസ്റ്റേഴ്സിന്റെ ആരാധകനായിരുന്നു മലയാളികളുടെ സ്വന്തം പ്രേംനസീർ. താനേറെ ആരാധിച്ചിരുന്ന ആ നായികയും നർത്തകിയുമൊത്ത് ഒരു ചിത്രം ചെയ്യാൻ തനിക്ക് ലഭിച്ച ആ അവസരത്തെ, പിൽക്കാലത്തദ്ദേഹം മഹാഭാഗ്യം എന്ന് വിശേഷിപ്പിച്ചിരുന്നു. 1953ൽ മെരിലാന്റ് സുബ്രഹ്മണ്യം നിർമ്മിച്ച പൊൻകതിർ എന്ന ചിത്രത്തിലാണ് പ്രേംനസീറും ലളിതയും നായികാനായകന്മാരായി ആടിപ്പാടിയത്.ചിത്രം വിജയമായിരുന്നു.
1948-62 കാലഘട്ടത്തിൽ തമിഴ് സിനിമയിലെ താരമൂല്യമുള്ള സാന്നിധ്യമായിരുന്ന ഈ അഭിനേത്രി, അറുപതുകളുടെ തുടക്കത്തോടെ കുടുംബജീവിതത്തിന്റെ താളത്തിലേക്ക് ചുവടുകൾ മാറ്റിച്ചവിട്ടി കലാരംഗം വിടുകയായിരുന്നു.
ഭാര്യയും അമ്മയും മുത്തശ്ശിയുമായി ജീവിതം കഴിഞ്ഞുപോകുന്നതിനിടെ അവർ അർബുദരോഗബാധിതയായി മാറുകയും, 1982 നവംബർ 21ന് കഥാവശേഷയാവുകയും ചെയ്തു. ജീവിതവേദി വിട്ടകലുമ്പോൾ കേവലം 52 വയസ്സായിരുന്നു അവരുടെ പ്രായം.