
സോണിയ ഗാന്ധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച നടി പാർവതി തിരുവോത്തിനെതിരെ രൂക്ഷവിമർശനവുമായി നടി മായ മേനോൻ. സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം പുറത്തുവന്ന് വായിൽ തോന്നിയത് വിളിച്ചുപറയുന്ന വ്യക്തിയാണ് പാർവതിയെന്നും അവരുടെ അഭിപ്രായത്തിന് താൻ യാതൊരു വിലയും നൽകുന്നില്ലെന്നും മായ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് സോണിയ ഗാന്ധിക്കെതിരെ സൈബർ ആക്രമണങ്ങൾ ആരംഭിച്ചത്. ഇതിനെതിരെ പാർവതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധി ഭർത്താവ്
രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കുന്നവർ, ബിൽക്കിസ് ബാനോ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ച വിഷയത്തിൽ നിശബ്ദത പാലിക്കുകയാണെന്ന് പാർവതി വിമർശിച്ചിരുന്നു. ഇതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
പാർവതിയുടെ ഈ നിലപാടിനെതിരെയാണ് മായ മേനോൻ രംഗത്തെത്തിയത്. സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ചരിത്രപരമായ തെറ്റുകളെയും നുണകളെയുമാണ് വിവേകമുള്ളവർ ചോദ്യം ചെയ്യുന്നതെന്നും അല്ലാതെ വ്യക്തിപരമായ കാര്യങ്ങളെയല്ലെന്നും മായ മേനോൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി. സ്വന്തം നാടിനോട് കൂറില്ലാത്തവരാണ് ഇത്തരം വാചാടോപങ്ങൾ നടത്തുന്നതെന്നും, സിനിമയുടെ പ്രമോഷൻ കാലത്ത് മാത്രം ‘സേഫ് സോൺ’ ആയ ഹിന്ദു വിരോധം പ്രചരിപ്പിക്കാനാണ് പാർവതി ശ്രമിക്കുന്നതെന്നും മായ മേനോൻ ആരോപിച്ചു.
അതേസമയം, ബിൽക്കിസ് ബാനോ കേസിൽ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ച സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു പാർവതിയുടെ പ്രതികരണം. സോണിയ ഗാന്ധിയെ സംസ്കാരം പഠിപ്പിക്കാൻ ശ്രമിക്കുന്നവർ, ബലാത്സംഗക്കേസിലെ പ്രതികൾ സ്വതന്ത്രരായി നടക്കുന്നതിനെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പാർവതി ഉയർത്തിയത്. ഇരു വരുടെയും പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
മായ മേനോന്റെ വാക്കുകൾ
‘‘അതിന് ആര് പറഞ്ഞു, അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..? അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം..കാരണം,അവർക്ക് അച്ഛൻ,അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, എടിഎം കാർഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്…ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ.
പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും,ബോധവുമുള്ളവർക്ക് പ്രശ്നം. നിങ്ങൾക്ക്, വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക്, അത് പ്രശ്നം കാണില്ലായിരിക്കും.
കാരണം, ഇവിടെ നിങ്ങൾ സ്വന്തം സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി, സേഫ് സോൺ ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാർഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ശരാശരിയിൽ താഴെയുള്ള കമ്മിണി മാത്രമാണ് പാർവതി. ഇത് നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാർവതി… നിങ്ങളുടെ മാത്രം അഭിപ്രായം..അതിന്, ഈ പ്രത്യേക വിഷയത്തിൽ , ഞാൻ പുല്ലുവില പോലും നൽകുന്നില്ല. പാർവതി തിരുവോത്ത്.’’