സിനിമയെ വെറുമൊരു ‘ബിസിനസ്സ് പ്രോജക്റ്റായി’ കാണരുത്; പ്രേക്ഷകരുടെ സമയത്തെയും പണത്തെയും ബഹുമാനിക്കണം: ദുൽഖർ സൽമാൻ

','

' ); } ?>

സിനിമയെ വെറുമൊരു ‘ബിസിനസ്സ് പ്രോജക്റ്റ്’ മാത്രമായി കണ്ട് ‘പാക്കേജുകൾ’ നിർമ്മിക്കുന്ന പ്രവണതയെയും പ്രേക്ഷകരുടെ സമയത്തെയും പണത്തെയും നിസ്സാരമായി കാണുന്ന രീതിയെയും വിമർശിച്ച് നടൻ ദുൽഖർ സൽമാൻ. പ്രമുഖ നിരൂപകൻ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിലാണ് സിനിമ നിർമ്മാണത്തിലെ അണിയറ യാഥാർത്ഥ്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന റിലീസ് കാലത്തെ പ്രേക്ഷക വിധികളും സംബന്ധിച്ച് അദ്ദേഹം മനസ്സുതുറന്നത്.

തിരക്കഥയിലെ പരിമിതികൾക്കിടയിലും നടൻ എന്ന നിലയിൽ താൻ നൽകുന്ന ആത്മാർഥതയും കഥാപാത്രത്തോടുള്ള അർപ്പണബോധവും ദുൽഖർ പങ്കുവയ്ക്കുന്നു. വർഷങ്ങളോളം അണിയറയിൽ ഇരിക്കുന്ന പ്രോജക്റ്റുകളിൽ സ്വാഭാവികമായി പല മാറ്റങ്ങളും സംഭവിക്കാറുണ്ടെന്നും, താൻ ആദ്യം കേട്ട കഥയിൽ നിന്നും ഷൂട്ടിംഗ് സമയമാകുമ്പോഴേക്കും തിരക്കഥയിൽ മാറ്റങ്ങൾ വന്നേക്കാം എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘ആകാശംലോ ഒക്ക താര’ (ഐ ആം ഗെയിം), ‘സീതാ രാമം’ തുടങ്ങിയ സിനിമകളുടെ അനുഭവങ്ങൾ മുൻനിർത്തി സംസാരിക്കവേ, ദീർഘകാലം അണിയറയിൽ ഇരുന്നതുകൊണ്ട് മാത്രം എല്ലാ സിനിമകളും മോശമാകണമെന്നില്ലെന്നും ‘സീതാ രാമ’ത്തിലെ ഇന്റർവെൽ ട്വിസ്റ്റും രശ്മികയുടെ കഥാപാത്രത്തിന്റെ ഭാഗവുമെല്ലാം പിന്നീട് വന്ന മികച്ച മാറ്റങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അണിയറയിൽ നടക്കുന്ന മാറ്റങ്ങൾ എപ്പോഴും പെട്ടെന്ന് പിടികിട്ടണമെന്നില്ലെന്നും, ഒരു നടൻ എന്ന നിലയിൽ മനസ്സിൽ കാണുന്ന കാര്യത്തിൽ മാത്രമേ തനിക്ക് ആവേശം തോന്നൂ എന്നും ദുൽഖർ പറഞ്ഞു.

താരങ്ങളെയും അണിയറപ്രവർത്തകരെയും മാത്രം ചേർത്ത് ‘പ്രോജക്റ്റുകൾ’ നിർമ്മിക്കുന്ന രീതിയിൽ ഉദ്ദേശ്യശുദ്ധിയുടെ കുറവുണ്ടാകാറുണ്ടെന്നും അത്തരം സിനിമകൾ വിജയിക്കാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിക്കറ്റ് എടുത്ത് സിനിമ കാണാൻ വരുന്ന സാധാരണക്കാരന്റെ സമയത്തെയും പണത്തെയും ബഹുമാനിക്കേണ്ടതുണ്ട്. ആത്മാർഥമായ ശ്രമങ്ങളെ പ്രേക്ഷകർ എപ്പോഴും പൊറുക്കുമെങ്കിലും നിസ്സാരമായി കണ്ടാൽ അവർ തൽക്ഷണം തുറന്നുകാട്ടുമെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

മാറിക്കൊണ്ടിരിക്കുന്ന സിനിമാ റിലീസ് രീതികളെയും അദ്ദേഹം പരാമർശിച്ചു. ‘ഉസ്താദ് ഹോട്ടൽ’ റിലീസ് ചെയ്ത കാലത്ത് ആദ്യ തിങ്കളാഴ്ച വരെയെങ്കിലും കാത്തിരുന്നാലേ സിനിമയുടെ വിധി എന്താണെന്ന് അറിയാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ലെന്നും ആദ്യ പ്രിമിയർ ഷോ കഴിഞ്ഞ് അന്ന് വൈകുന്നേരത്തോടെ തന്നെ കാര്യങ്ങൾ വ്യക്തമാകുമെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കി. സിനിമാ നിർമ്മാണത്തിന്റെ അണിയറ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞതോടെ നിരൂപണശൈലിയിൽ വന്ന മയപ്പെടലിനെക്കുറിച്ചും സംഭാഷണത്തിൽ പരാമർശമുണ്ട്.

ദുൽഖറിന്റെ വാക്കുകൾ

“എനിക്ക് തോന്നുന്നത്, ചിലപ്പോഴൊക്കെ സംഭവിക്കുന്നത് ഇതാണ്. ഉദാഹരണത്തിന് ഈ സിനിമ തന്നെ (‘ആകാശംലോ ഒക്ക താര’), ഞാനറിഞ്ഞത് 2022-ലാണ്, അതായത് നാല് വർഷം മുൻപ്. അപ്പോൾ, ഒരു പ്രത്യേക ഘട്ടത്തിൽ നിങ്ങൾക്ക് ഒരു ആശയം ഇഷ്ടപ്പെട്ടേക്കാം, പിന്നീട് മറ്റ് തിരക്കുകൾ കാരണം സ്വാഭാവികമായും വൈകാം. ചിലപ്പോൾ സംവിധായകർ ആ ആശയവുമായി കുറേക്കാലം ഇരിക്കുമ്പോൾ, അവർ അതിനെ കുറച്ചുകൂടി വികസിപ്പിക്കാൻ തുടങ്ങും. എന്റെ മനസ്സിൽ ഞാൻ കണ്ടത് മറ്റൊരു തിരക്കഥയായിരുന്നു, മറ്റൊരു ആശയത്തിലാണ് ഞാൻ ആകൃഷ്ടനായത് എന്നൊരു അവസ്ഥയും ചിലപ്പോൾ ഉണ്ടാവാറുണ്ട്. എന്നാൽ എന്റെ ഡേറ്റുകൾ ഒത്തുവന്ന് ഷൂട്ടിങിന് തയാറാകുമ്പോഴേക്കും, കാര്യങ്ങൾ മാറിപ്പോയിട്ടുണ്ടാകും എന്ന് എനിക്ക് തോന്നാം. പക്ഷേ അപ്പോഴേക്കും എത്രത്തോളം പഴയ രീതിയിലേക്ക് മാറ്റാൻ കഴിയുമെന്ന് നമുക്കറിയില്ല. അതൊരു ചെറിയ കുഴപ്പമുള്ള അവസ്ഥയാണ്, പിന്നെ നമ്മൾ വിചാരിക്കും, ശരി, പോസ്റ്റ്-പ്രൊഡക്ഷനിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമായിരിക്കും എന്ന്. അതും സംഭവിക്കാറുണ്ട്. ഞാൻ ഇതിനെ ന്യായീകരിക്കുകയല്ല, പക്ഷേ ഇതൊക്കെയാണ് ഞാൻ ശ്രദ്ധിക്കുന്ന ചില രീതികൾ.

എന്നാൽ ദീർഘകാലം അണിയറയിൽ ഇരുന്ന സിനിമകളെല്ലാം മോശമായിപ്പോകും എന്നല്ല ഇതിനർഥം. നാല്-അഞ്ച് വർഷത്തിന് ശേഷമുള്ള ഈ സിനിമയുടെ കാര്യത്തിൽ, അവർ വരുത്തിയ മാറ്റങ്ങളിലും മെച്ചപ്പെടുത്തലുകളിലും എനിക്ക് നല്ല ബോധ്യമുണ്ട്. ‘സീതാ രാമ’ത്തിന്റെ കാര്യത്തിലും, ഞാൻ ടീമുമായി പിരിഞ്ഞിരുന്ന ആ കാലയളവിൽ സിനിമയെ സഹായിച്ച ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഉദാഹരണത്തിന്, ആ ഇന്റർവെൽ ട്വിസ്റ്റ് അന്ന് ഉണ്ടായിരുന്നില്ല. രശ്മികയുടെ കഥാപാത്രത്തിന്റെ ആ ഭാഗവും ഉണ്ടായിരുന്നില്ല. ഇന്ന് ആളുകൾ ഏറെ പുകഴ്ത്തിപ്പറയുന്ന ആ മികച്ച ഘടകങ്ങളൊന്നും ഞാൻ ആദ്യം കഥ കേട്ടപ്പോൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് എനിക്ക് വീണ്ടും അറിയില്ല, അല്ലേ? പക്ഷേ, ഒരു സിനിമ കുറേക്കാലം മാങ്ങാപ്പഴുക്കാൻ വയ്ക്കുന്നത് പോലെ ഇരിക്കുമ്പോൾ, ചില മാറ്റങ്ങൾ സംഭവിക്കുകയും അവ പെട്ടെന്ന് പിടികിട്ടാതെ പോവുകയും ചെയ്യാറുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഒരു നടൻ എന്ന നിലയിൽ, എന്റെ മനസ്സിൽ കാണുന്ന കാര്യത്തിൽ മാത്രമേ എനിക്ക് ആവേശം തോന്നൂ, അതിലേക്ക് ഞാൻ പൂർണമായി ഊളിയിടും.

എന്റെ കരിയറിലുടനീളം ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്; പലരും വെറുതെ ‘പ്രോജക്റ്റുകൾ’ ഉണ്ടാക്കാൻ ആഗ്രഹിക്കും. ഈ സംവിധായകനെ കൊണ്ടുവരാം, ഈ എഴുത്തുകാരനെ കൊണ്ടുവരാം, ഈ സംഗീത സംവിധായകനെയും നായികയെയും കൊണ്ടുവരാം, എല്ലാം കൂടി കുത്തിനിറച്ച് എന്തെങ്കിലും ഉണ്ടാക്കാം എന്ന രീതി. അപ്പോൾ എനിക്ക് തോന്നും, ഇതൊരു ബിസിനസ്സ് മാത്രമാണ്, ഇതൊരു ‘പ്രോജക്റ്റ്’ മാത്രമാണ് എന്ന്. അപ്പോൾ അവരുടെ ഉദ്ദേശ്യത്തിൽ എന്തോ തകരാറുണ്ടെന്ന് എനിക്ക് തോന്നും. അത്തരം സിനിമകൾ വിജയിക്കാത്തതിൽ എനിക്ക് അത്ഭുതമില്ല. ഒരു നിരൂപകനെന്നോ പ്രേക്ഷകനെന്നോ എന്ന നിലയിൽ അത് നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ, അത് ന്യായമാണ്. കാരണം, ടിക്കറ്റ് എടുത്ത് സിനിമ കാണാൻ വരുന്ന സാധാരണക്കാരന്റെ സമയത്തെയും പണത്തെയും നിങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. അതുകൊണ്ടാണ്, ആത്മാർഥമായ ഒരു ശ്രമത്തെയോ നല്ല ഉദ്ദേശ്യത്തെയോ പ്രേക്ഷകർ എപ്പോഴും പൊറുക്കുമെന്ന് ഞാൻ കരുതുന്നത്. നിങ്ങൾ അവരെ നിസ്സാരമായി കാണുകയാണെങ്കിൽ, അവർ നിങ്ങളെ തുറന്നുകാട്ടും.

ശരിയാണ്. നമ്മൾ ജീവിക്കുന്നത് വളരെ കൗതുകകരമായ ഒരു കാലത്താണ് എന്ന് എനിക്ക് തോന്നുന്നു. കാരണം, ‘ഉസ്താദ് ഹോട്ടൽ’ വന്ന സമയത്ത് എങ്ങനെയായിരുന്നു? ആദ്യ തിങ്കളാഴ്ച വരെ നമുക്കൊന്നും അറിയില്ലായിരുന്നു. അപ്പോഴും നമ്മൾ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് നല്ലതാണോ മോശമാണോ എന്നൊന്നും നമുക്കറിയില്ല. വലിയൊരു കാത്തിരിപ്പുണ്ടായിരുന്നു. പ്രേക്ഷകരുടെ വിധി എന്താണെന്ന് അന്നൊന്നും അറിയില്ല. അതൊരു വെള്ളിയാഴ്ചയല്ല, കാരണം അക്കാലത്ത് എല്ലാവരും തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്നാണ് പറയുക. എന്നാൽ ഇന്ന് തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യ പ്രിമിയർ ഷോ മതി, അന്ന് വൈകുന്നേരം ഷോ കഴിയുമ്പോഴേക്കും കാര്യങ്ങൾ വ്യക്തമാകും.”