
നടൻ മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ച് നടി ശ്രീലീല. പുതിയ ചിത്രമായ ‘ഓം’ സിനിമയുടെ സെറ്റിൽ വെച്ച് മമ്മൂട്ടിയോട് സംസാരിച്ചപ്പോഴുണ്ടായ രസകരമായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്. ബിഹൈൻഡ് വുഡ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലീല ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയുടെ പ്രതികരണത്തെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.
ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയെ സെറ്റിൽ വെച്ച് കണ്ടതെന്ന് ശ്രീലീല പറയുന്നു. ആവേശത്തോടെ അടുത്തേക്ക് ചെന്ന് മലയാളത്തിൽ ‘സുഖമാണോ’ എന്ന് ചോദിച്ചപ്പോൾ, ‘എനിക്ക് തമിഴ് അറിയാം’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തുടർന്ന് പുരസ്കാര നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ ‘എന്തിന്’ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. ഇതോടെ ‘ഇത്രയും മതി’ എന്ന് പറഞ്ഞ് താൻ അവിടെ നിന്നും മടങ്ങിയെന്നും ശ്രീലീല ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.
മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ എന്ന ചിത്രത്തിൽ ‘റോജ’ എന്ന കഥാപാത്രത്തെയാണ് ശ്രീലീല അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും അതിനാൽ ഒരു തവണ മാത്രമേ അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചുള്ളൂവെന്നും താരം വ്യക്തമാക്കി.
അതേസമയം, ശ്രീലീല തമാശരൂപേണ പങ്കുവെച്ച ഈ അനുഭവം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സഹപ്രവർത്തക കാണിച്ച സൗഹൃദത്തോടും അഭിനന്ദനത്തോടും മമ്മൂട്ടി ഇത്രയും തണുത്ത രീതിയിൽ പ്രതികരിക്കേണ്ടതുണ്ടായിരുന്നോ എന്നാണ് ഒരു വിഭാഗം വിമർശിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ സ്വാഭാവികമായ നർമ്മബോധമാണ് ആ മറുപടികളിൽ കാണുന്നതെന്നാണ് ആരാധകരുടെ പക്ഷം.