
മലയാള സിനിമയിൽ നിലവിൽ വലിയ ബജറ്റിലുള്ള പ്രോജക്ടുകളാണ് തന്നെ തേടിയെത്തുന്നതെന്നും, എന്നാൽ തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിക്കുമ്പോൾ സ്റ്റാർഡത്തിന്റെ അത്തരം സമ്മർദങ്ങൾ അനുഭവിക്കേണ്ടി വരാറില്ലെന്നും നടൻ ദുൽഖർ സൽമാൻ. തന്റെ പുതിയ ചിത്രമായ ‘ആകാശത്തിൽ ഒരു താരകം’ (AOT) എന്ന സിനിമയുടെ പ്രചാരണാർത്ഥം ‘ഗലാട്ട പ്ലസി’ന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെയും വിപണിമൂല്യത്തെയും കുറിച്ച് മനസ്സുതുറന്നത്.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ മലയാള സിനിമകൾ ഭാഷാ അതിർത്തികൾ ഭേദിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും, പാൻ-ഇന്ത്യൻ തിയേറ്റർ ബിസിനസിൽ മലയാളത്തിന് ഇനിയും വലിയ മുന്നേറ്റങ്ങൾ നടത്താനുണ്ടെന്ന് ദുൽഖർ വിലയിരുത്തുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളുടെ ഭാഗമായാണ് മലയാളത്തിൽ വലിയ ക്യാൻവാസിലുള്ള സിനിമകൾ നിർമ്മിക്കപ്പെടുന്നതെന്നും, തനിക്ക് മറ്റ് ഭാഷകളിലുള്ള വിപണിമൂല്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംവിധായകരും നിർമ്മാതാക്കളും വലിയ പ്രോജക്ടുകളുമായി തന്നെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമയുടെ സ്വപ്നങ്ങൾ വലുതായതുകൊണ്ടാണ് ഇത്തരം വമ്പൻ ചിത്രങ്ങൾ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയ താരം, അത് ആരുടെയും കുറ്റമായി കാണുന്നില്ലെന്നും കൂട്ടിച്ചേർത്തു. തമിഴിലും തെലുങ്കിലും തനിക്ക് അത്യാവശ്യം വിപണിമൂല്യമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും, അവിടെ വലിയ താരപദവിയുടെ ഭാരമില്ലാത്തതിനാൽ തനിക്ക് പൂർണ്ണ വിശ്വാസമുള്ള കഥകൾ തിരഞ്ഞെടുക്കാനും അവ സിനിമയാക്കാനും സാധിക്കുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു.
ദുൽഖറിന്റെ വാക്കുകൾ:
“തമിഴിലോ തെലുങ്കിലോ എനിക്ക് സ്റ്റാർഡത്തിന്റെ ഭാരമില്ല. ഞാൻ കുറച്ചൊക്കെ ബാങ്കബിൾ ആണെന്നാണ് കരുതുന്നത്. എനിക്ക് വിശ്വാസമുള്ള കഥകൾ സിനിമയാക്കാനും എനിക്ക് കഴിയുന്നുണ്ട്. നിലവിൽ മലയാളത്തിൽ എന്തൊക്കെയോ കാരണങ്ങൾകൊണ്ട് കുറേക്കൂടി വലിയ ബജറ്റിലുള്ള ചിത്രങ്ങളാണ് എന്നെ തേടി വരുന്നത്. അത് എന്റെയോ സംവിധായകരുടെയോ കുറ്റമാണെന്നല്ല പറയുന്നത്.
എന്നെ സമീപിക്കുന്നവർ വലിയ സിനിമകളുമായാണ് വരുന്നത്. ഒരുപക്ഷേ ഞങ്ങളുടെ സ്വപ്നങ്ങൾ അത്രത്തോളം വലുതായതുകൊണ്ടാകാം. ഒടിടിയിലെല്ലാം ഞങ്ങൾ അതിർഥികളുടെ കടമ്പ മുറിച്ചുകടന്നിട്ടുണ്ട്. എല്ലാവരും ഞങ്ങളുടെ സിനിമ കാണുന്നുണ്ട്. പക്ഷേ നിങ്ങൾ പാൻ ഇന്ത്യ എന്നു വിശേഷിപ്പിക്കുന്ന തിയേറ്റർ ബിസിനസ് ഇപ്പോഴും ഞങ്ങൾ മറികടന്നിട്ടില്ല. അതിനു ശ്രമിക്കുന്ന തരം സിനിമകളാണെന്നു തോന്നുന്നു എനിക്ക് കിട്ടുന്നത്. ഞാൻ മറ്റു ഭാഷകളിലും സിനിമകൾ ചെയ്യുന്നതുകൊണ്ട് ആ മാർക്കെറ്റുണ്ടെന്ന പ്രതീക്ഷയിലായിരിക്കാം.