
നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണി പൊതുവേദികളിൽ ചെരുപ്പ് ധരിക്കാതെ എത്തുന്നതിന്റെയും വിലകൂടിയ വാച്ചുകൾ ഉപേക്ഷിച്ചതിന്റെയും പിന്നിലെ വേദനിപ്പിക്കുന്ന കാരണം വെളിപ്പെടുത്തി ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി. മകൾ മീരയുടെ വിയോഗശേഷം ഇതാദ്യമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഫാത്തിമ ഈ വൈകാരികമായ വെളിപ്പെടുത്തൽ നടത്തിയത്. എം. മരൻ സംവിധാനം ചെയ്യുന്ന വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘അപ്പകുട്ടി’യുടെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു സംഭവം.
കോളജിൽ പോകാൻ തയാറെടുത്തിരുന്ന മകൾ മീരയ്ക്കായി യു.എസ്, ലണ്ടൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നടക്കം നിരവധി ജോഡി ചെരുപ്പുകൾ വാങ്ങിയിരുന്നു. എന്നാൽ അവയൊന്നും ഉപയോഗിക്കാതെ അതുപോലെ വീട്ടിലിരിക്കുന്നത് മകളുടെ നഷ്ടത്തെക്കുറിച്ചുള്ള തീരാവേദനയായി മാറി. ആ ചെരുപ്പുകൾ കണ്ടതോടെയാണ് ജീവിതകാലം മുഴുവൻ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് വിജയ് ആന്റണി തീരുമാനിച്ചതെന്ന് ഫാത്തിമ പറഞ്ഞു. ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ സംഗീത പരിപാടികൾക്കായി പോകുമ്പോൾ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നത്. പരിപാടി കഴിഞ്ഞാലുടൻ അത് ഊരിമാറ്റും.
റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയൊരു ശേഖരമുണ്ടായിരുന്ന വിജയ് ആന്റണി, മകളുടെ മരണശേഷം അവയെല്ലാം ഉപേക്ഷിച്ചു. പകരം, മീര മരിക്കുമ്പോൾ കൈയിലുണ്ടായിരുന്ന 4,000 രൂപ വിലയുള്ള വാച്ചാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത്. മകളുടെ ആഗ്രഹപ്രകാരം താൻ വാങ്ങിനൽകിയ വാച്ചാണതെന്നും, മറ്റൊരു സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ലെന്നും ഫാത്തിമ വ്യക്തമാക്കി.
ചടങ്ങിൽ വിജയ് ആന്റണിയുടെ ഇളയ മകൾ ലാര ആദ്യമായി പൊതുവേദിയിൽ സംസാരിച്ചതും ശ്രദ്ധേയമായി. അച്ഛന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ‘അപ്പകുട്ടി’ എന്നും, ഒരു അച്ഛന് മക്കളോടുള്ള സ്നേഹം പറയുന്ന ഈ ചിത്രം എല്ലാ കുട്ടികളും കാണണമെന്നും ലാര പറഞ്ഞു. ഇംഗ്ലിഷിലും പിന്നീട് തമിഴിലും സംസാരിച്ച ലാര, തനിക്ക് കറുപ്പ് നിറവും ഗുലാബ് ജാമൂനുമാണ് ഇഷ്ടമെന്നും കൂട്ടിച്ചേർത്തു.
നാണക്കാരിയായ ലാര വേദിയിൽ ഇത്ര മനോഹരമായി സംസാരിക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ വിജയ് ആന്റണി, മൂത്ത മകൾ മീരയെ ഇതുപോലെ ഒരു വേദിയിൽ നിർത്താൻ കഴിയാതെ പോയത് വലിയ നഷ്ടമാണെന്ന് വികാരാധീനനായി. മകളുടെ വിയോഗത്തെത്തുടർന്ന് തകർന്നുപോയ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും വിജയ് ആന്റണി ഫിലിം കോർപ്പറേഷനെ മുന്നോട്ട് നയിക്കുന്നതും ഭാര്യ ഫാത്തിമയാണെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
2023-ലായിരുന്നു വിജയ് ആന്റണിയുടെ 16-കാരിയായ മൂത്ത മകൾ മീര വിടവാങ്ങിയത്. മകളുടെ വിയോഗത്തിന് ശേഷം ഏറെ നാളായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഫാത്തിമ, വിജയ് ആന്റണിയുടെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് വീണ്ടും സജീവമാകുന്നത്. ‘അപ്പകുട്ടി’ നവംബർ 20-ന് തിയറ്ററുകളിലെത്തും.
ഫാത്തിമയുടെ വാക്കുകൾ;
‘‘മീരയെ നഷ്ടപ്പെട്ട ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. പൊട്ടിയ ചില്ലുക്കഷ്ണംപോലെ, ഇന്നത് ഒത്തുചേരുന്നതിന് എന്നെ സഹായിക്കുന്നത് വിജയ് ആന്റണിയും അവരുടെ ആരാധകരുമാണ്. മകള് നഷ്ടമായി ഏകദേശം അഞ്ച് വർഷം കഴിഞ്ഞ ശേഷമാണ് ഇന്ന് നിങ്ങളുടെ മുന്നിൽ ഒരു പ്രസ് മീറ്റിനായി ഞാൻ വരുന്നത്.
ഞാൻ വെളിയിൽ വന്നതിനു കാരണം എന്റെ പങ്കാളി വിജയ്യും അടുത്ത സുഹൃത്തുക്കളുമാണ്. ‘മീര ഇപ്പോൾ നല്ലൊരു ഇടത്തിലാണ് ഇരിക്കുന്നത്. മാഡം നിങ്ങൾ മുന്നോട്ടു വരണം, സിനിമ എടുക്കണം’ എന്നാണ് എന്നെ കാണുന്നവരൊക്കെ പറയുന്നത്.
വിജയ് ആന്റണി എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തതെന്ന കാരണം ആർക്കും അറിയില്ല. ഇന്ന് ഞാൻ അത് വെളിപ്പെടുത്താം. മകൾ കോളജിൽ പോകാനൊരുങ്ങുമ്പോൾ വാങ്ങിയ ധാരാളം ചെരുപ്പുകൾ ഇപ്പോഴും അതുപോലെ കിടക്കുകയാണ്. അതുകണ്ട ശേഷമാണ് അദ്ദേഹം ഇനി ജീവിതത്തിൽ ചെരുപ്പിടില്ലെന്ന് തീരുമാനിച്ചത്.
ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ സംഗീത കൺസർട്ടുകൾക്ക് പോകുമ്പോൾ ഒഴിവാക്കാനാവാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നത്. എന്നാൽ പരിപാടി കഴിഞ്ഞയുടൻ തന്നെ അവ ഊരിമാറ്റും. റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വിലകൂടിയ വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ വിജയ് ആന്റണിക്കുണ്ടായിരുന്നു. എന്നാൽ മകളുടെ വിയോഗത്തിന് ശേഷം അവയെല്ലാം അദ്ദേഹം പൂർണമായും ഉപേക്ഷിച്ചു. പകരം, മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. എന്റെ മകൾക്ക് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഞാൻ അവൾക്കായി വാങ്ങിനൽകിയ വാച്ചാണത്. 4,000 രൂപ വിലയുള്ള ആ സെൽഫോൺ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത്. സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ പല തവണ പറഞ്ഞു. പക്ഷേ കേൾക്കില്ല.