വിജയ്‌യുടെ ‘അനിയത്തി ഭുവന’ ഇനി കാർത്തിക്കിന് സ്വന്തം; നാൻസി ജെനിഫറിന്റെ വിവാഹചിത്രങ്ങൾ വൈറൽ

','

' ); } ?>

തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയതാരവും വിജയ് നായകനായ ‘ഗില്ലി’യിലെ അനിയത്തി വേഷത്തിലൂടെ ശ്രദ്ധേയയുമായ നടി നാൻസി ജെനിഫർ വിവാഹിതയായി. കാർത്തിക് ആണ് വരൻ. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള (ഇസിആർ) സ്വകാര്യ ബീച്ച് റിസോർട്ടിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

‘ഗില്ലി’യിൽ വിജയ്‌യുടെ സഹോദരി ‘ഭുവന’ എന്ന കഥാപാത്രത്തെയാണ് നാൻസി അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ചുള്ള രസകരമായ രംഗങ്ങൾ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ ‘ഗില്ലി’ റീ-റിലീസ് ചെയ്തപ്പോഴും നാൻസിയുടെ കഥാപാത്രം വീണ്ടും ചർച്ചകളിൽ നിറഞ്ഞിരുന്നു.

വിജയ്‌യും സൂര്യയും ഒന്നിച്ച ‘നേരുക്ക് നേർ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നാൻസി സിനിമയിലേക്ക് എത്തിയത്. തുടർന്ന് ഉനക്കും എനക്കും, തോഴാ, ഫെബ്രുവരി 14, ജാംബവാൻ, തീയാ വേലൈ സെയ്യണം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്ന താരം, നിലവിൽ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.