“ഞാനൊരു ‘അണ്ടർഡോഗ്’ ആണ്, ട്രോളുകളും ഗോസിപ്പുകളും വേദനിപ്പിക്കാറുണ്ട്”; ധനുഷ്

','

' ); } ?>

സോഷ്യൽ മീഡിയയിലെ ട്രോളുകളും ഗോസിപ്പുകളും തന്നെ വല്ലാതെ വേദനിപ്പിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ ധനുഷ്. പുതിയ ചിത്രമായ ‘O.M: ഓപ്പറേഷൻ മോൾ’ (O.M – Operation Moll)-ന്റെ പ്രീ റിലീസ് ചടങ്ങിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ‘അഹങ്കാരി’ എന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് വേദിയിലുണ്ടായിരുന്ന സ്റ്റൈലിസ്റ്റ് കാവ്യ ശ്രീരാമിനെ ചൂണ്ടിക്കാട്ടി താരം തമാശയോടെ മറുപടി നൽകി.

ജോലിയിലുള്ള ആത്മാർത്ഥത കാരണം പൊതുവേദിയിൽ പോലും വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ ശ്രമിച്ച കാവ്യയുടെ പ്രവൃത്തിയുടെ പേരിൽ താൻ അനാവശ്യമായി അഹങ്കാരിയായി മുദ്രകുത്തപ്പെടുകയായിരുന്നുവെന്ന് ധനുഷ് വ്യക്തമാക്കി.

ജീവിതത്തിൽ താനൊരു ‘അണ്ടർഡോഗ്’ (അർഹമായ പരിഗണന ലഭിക്കാത്തയാൾ) ആയിട്ടാണ് എപ്പോഴും ജീവിച്ചിട്ടുള്ളതെന്നും, പ്രതിബന്ധങ്ങളെ അതിജീവിച്ച് അണ്ടർഡോഗ് വിജയത്തിലെത്തുമ്പോൾ ലഭിക്കുന്ന ആവേശം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുംകാറ്റിലും അണയാത്ത തീപ്പന്തം പോലെയാണ് തന്റെ ആരാധകരെമെന്നും, അതുകൊണ്ടുതന്നെ എല്ലാ വിമർശനങ്ങളെയും അവഗണിച്ച് തന്റെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ ട്രോളുകൾ തന്നെ ബാധിക്കില്ലെന്ന് പറയുന്നത് നുണയായിരിക്കുമെന്നും, എങ്കിലും തനിക്കറിയാവുന്ന ഒരേയൊരു കാര്യം ജോലി മാത്രമായതുകൊണ്ട് ആ പാതയിലൂടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മക്കളായ യാത്ര, ലിംഗ എന്നിവരും തന്റെ സിനിമകളെക്കുറിച്ച് വളരെ കർശനവും നിർദ്ദയവുമായ വിമർശനങ്ങൾ ഉന്നയിക്കാറുണ്ടെന്ന് ധനുഷ് ചിരിയോടെ ഓർത്തെടുത്തു. ചിത്രം നല്ലതാണെങ്കിൽ അഭിനന്ദിക്കുമെങ്കിലും മോശമാണെങ്കിൽ കടുത്ത രീതിയിൽ വിമർശിക്കുന്നതിനാൽ മക്കളോട് അഭിപ്രായം ചോദിക്കാൻ തനിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച്, വണ്ടർബാർ ഫിലിംസും ആർ.ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ‘O.M: ഓപ്പറേഷൻ മോൾ’ നവംബർ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. രക്തചന്ദനക്കടത്ത് സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു രഹസ്യ ഏജന്റിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ധനുഷിന്റെ വാക്കുകൾ

“അണ്ടർഡോഗ് എന്ന് പറയുന്ന ഒരു ആശയമുണ്ടല്ലോ, എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു അണ്ടർഡോഗ് ആയിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു അണ്ടർഡോഗ് വിജയം നേടുമ്പോൾ ലഭിക്കുന്ന സന്തോഷം വേറെയാണ്. എന്റെ ആരാധകർ കാറ്റിനെപ്പോലും പ്രതിരോധിക്കാൻ കഴിയുന്ന കത്തുന്ന പന്തം പോലെയാണ്. അതിനാൽ, ഞാൻ നിശ്ശബ്ദമായി എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും.

സോഷ്യൽ മീഡിയയിലെ ട്രോളുകളും കാര്യങ്ങളും ബാധിക്കില്ലെന്ന് പറഞ്ഞാൽ അത് നുണയാകും; തീർച്ചയായും അത് എന്നെയും വിഷമിപ്പിക്കാറുണ്ട്. എങ്കിലും എനിക്കറിയാവുന്ന ഒരേയൊരു കാര്യം ജോലി മാത്രമാണ്. അതിനാൽ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ മുന്നോട്ട് പോകും. എനിക്ക് മറ്റൊന്നും അറിയില്ല. ആളുകൾ എപ്പോഴും എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും, അതൊരു ട്രെൻഡ് ആണെങ്കിൽ ഞാൻ അതിനോട് പൊരുത്തപ്പെടും.

പിന്നെ എന്റെ മക്കൾ എന്റെ സിനിമകളെക്കുറിച്ച് വളരെ കർശനവും നിർദ്ദയവുമായ അഭിപ്രായങ്ങളാണ് പറയാറുള്ളത്. സിനിമ നല്ലതാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു, മോശമാണെങ്കിൽ അവർ എന്നെ കടുപ്പമേറിയ രീതിയിൽ വിമർശിക്കും. അതുകൊണ്ട് തന്നെ മക്കളോട് എന്റെ സിനിമകളെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കാൻ എനിക്ക് ചെറിയൊരു ഭയമാണ്.”