
നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡാലയും ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു. 13 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇരുവരും പരസ്പരസമ്മതത്തോടെ വേർപിരിയുന്ന കാര്യം സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. കുടുംബകോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഹർജി ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങളും സ്ഥിരീകരിച്ചു.
നല്ല സുഹൃത്തുക്കളായി തുടരുമെന്നും മക്കളായ പോലീന അഞ്ജന, മാർക്ക് ശങ്കർ എന്നിവരുടെ ഉത്തരവാദിത്തവും ക്ഷേമവും പങ്കിട്ടു മുന്നോട്ടുപോകുമെന്നും പ്രസ്താവനയിൽ പറയുന്നു. ഈ മാറ്റത്തിന്റെ സാഹചര്യത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും അഭ്യർഥിച്ചു.
‘‘ജീവിതത്തിന്റെ ഒരു പ്രധാന പങ്കും ഒരുമിച്ച് പങ്കിട്ട ശേഷം, പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി വേർപിരിയാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ വിവാഹബന്ധം അവസാനിക്കുകയാണെങ്കിലും, ഞങ്ങൾ നല്ല സുഹൃത്തുക്കളായും ഞങ്ങളുടെ മക്കളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായും തുടരും. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഞങ്ങളുടെ എപ്പോഴത്തെയും മുൻഗണന. വ്യക്തിപരമായ ഈ മാറ്റത്തിൻ്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മനസ്സിലാക്കണമെന്നും അഭ്യർഥിക്കുന്നു.’’–വേർപിരിയൽ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ ഇരുവരും കുറിച്ചു.
2011-ൽ ‘തീൻ മാർ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പവൻ കല്യാണും റഷ്യൻ മോഡലുമായ അന്ന ലെഷ്നേവയും തമ്മിൽ കണ്ടുമുട്ടുന്നത്. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം 2013 സെപ്റ്റംബർ 30-നായിരുന്നു വിവാഹം. പവൻ കല്യാണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. നന്ദിനി (1997-2008), നടി രേണു ദേശായി (2009-2012) എന്നിവരായിരുന്നു മുൻ ഭാര്യമാർ.
പവന്റെ മൂന്നാമത്തെ കല്യാണമായിരുന്നു ഇത്. സിനിമയിൽ സജീവമായി തുടങ്ങിയ കാലത്ത് 1997 മേയ് മാസത്തിലാണ് പവൻ കല്യാൺ വിശാഖപട്ടണം സ്വദേശിയായ നന്ദിനിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും 1999-ഓടെ ഇവർ വേർപിരിഞ്ഞ് താമസം തുടങ്ങുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2008-ലാണ് ഇവർ ഔദ്യോഗികമായി നിയമപരമായ വിവാഹമോചനം നേടിയത്. 2009ല് നടി രേണു ദേശായിയെ വിവാഹം കഴിച്ചു. 2012ല് വിവാഹമോചനം നടന്നു. ഈ ബന്ധത്തിലും പവന് രണ്ടു മക്കളുണ്ട്.