പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

','

' ); } ?>

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. 57 വയസ്സായിരുന്നു. ആലപ്പുഴയിലെ സിനിമാ ചിത്രീകരണത്തിനിടെ ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശൗചാലയത്തിൽ പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായി ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ഷാജി കുമാർ, 2001-ൽ പുറത്തിറങ്ങിയ ‘ഉത്തമൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ക്യാമറാമാനാകുന്നത്. ഫിലിം ക്യാമറകളിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്കുള്ള മാറ്റത്തെ അതിശയകരമായ സാങ്കേതിക മികവോടെ സ്വീകരിച്ച അദ്ദേഹം ലൈറ്റിങ്ങിലും നിറവിന്യാസത്തിലും തന്റേതായ തനിമ കാത്തുസൂക്ഷിച്ചു.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ ‘പുലിമുരുകൻ’ ഉൾപ്പെടെ അരനൂറ്റാണ്ടിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. നരൻ, ഒടിയൻ, പോക്കിരിരാജ, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, മല്ലുസിങ്, രാമലീല, പത്തൊൻപതാം നൂറ്റാണ്ട്, തുടരും തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകൾ അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തിൽ പിറന്നവയാണ്. കൂടാതെ തമിഴിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സീനിയർ സംവിധായകരായ ജോഷി, ഷാജി കൈലാസ്, വി.എം. വിനു, എം. പത്മകുമാർ, വൈശാഖ് എന്നിവർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം പുതുതലമുറയിലെ തരുൺ മൂർത്തിയുടെ ചിത്രങ്ങളിലും ക്യാമറാമാനായി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’, സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ എന്നിവയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾ.

ഷാജി കുമാർ പ്രവർത്തിച്ച സിനിമകൾ.

  • 2001 ഉത്തമൻ
  • 2002 വാൽക്കണ്ണാടി, പകൽപ്പൂരം, കണ്മഷി
  • 2003 അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ
  • 2004 ഞാൻ സൽപ്പേര് രാമൻകുട്ടി, വെള്ളിനക്ഷത്രം, സത്യം, വേഷം
  • 2005 നരൻ, അത്ഭുതദ്വീപ്,
  • 2006 യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി
  • 2007 ജൂലൈ 4, നസ്രാണി
  • 2008 സൈക്കിൾ, വെറുതെ ഒരു ഭാര്യ
  • 2009 റോബിൻഹുഡ്, റെഡ് ചില്ലീസ്
  • 2010 പോക്കിരി രാജ
  • 2011 ഡോക്ടർ ലവ്, സീനിയേഴ്സ്, മാമ്പട്ടിയാൻ, പൊന്നർ ശങ്കർ
  • 2012 ദ കിംഗ് ആൻഡ് ദി കമ്മീഷണർ, മല്ലൂസിംഗ്, മദിരാശി, സിംഹാസനം
  • 2013 ശൃംഗാരവേലൻ, സൗണ്ട് തോമ
  • 2014 രാജാധിരാജ, റിംഗ് മാസ്റ്റർ, കസിൻസ്
  • 2016 പുലിമുരുകൻ, സാഹസം (തമിഴ്)
  • 2017 രാമലീല
  • 2018 മോഹൻലാൽ, ഒടിയൻ, ചന്ദ്രഗിരി
  • 2019 മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
  • 2022 നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്
  • 2023 ബാന്ദ്ര, കാഥികൻ
  • 2024 വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
  • 2025 തുടരും,
  • 2026 അതിമനോഹരം , ഒറ്റക്കൊമ്പൻ