
പ്രശസ്ത സിനിമ ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’ ഷാജി കുമാർ ക്യാമറ ചലിപ്പിച്ച അവസാന ചിത്രങ്ങളിലൊന്നാണ്. നഷ്ടമായത് മികച്ചൊരു ഛായാഗ്രാഹകനെ മാത്രമല്ല, സിനിമയെ ഏറെ സ്നേഹിച്ച പ്രിയപ്പെട്ട സഹപ്രവർത്തകനെയാണെന്ന് അദ്ദേഹം വേദനയോടെ ഓർത്തെടുത്തു.
ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് വെറും ദൃശ്യങ്ങളല്ല, മറിച്ച് ഓരോ കഥയുടെയും ആത്മാവും കഥാപാത്രങ്ങളുടെ വികാരങ്ങളുമാണ് ഷാജി പകർന്നുനൽകിയിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ നട്ടെല്ല് ഷാജിയുടെ ദൃശ്യസങ്കൽപ്പങ്ങളും ഛായാഗ്രഹണ മികവുമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ അധ്വാനവും ആത്മാർത്ഥതയും സ്വപ്നവുമുണ്ട്.
ഒരു കലാകാരൻ വിടപറയുമ്പോഴും അയാളുടെ കല മരിക്കുന്നില്ലെന്നും, ഷാജി പകർത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഷാജിയുടെ അകാല വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകൾ
‘‘ഷാജീ…ചില വിയോഗങ്ങൾ അങ്ങനെയാണ്. എത്ര എഴുതിയാലും മനസ്സിലെ വേദനയ്ക്ക് വാക്കുകളാകില്ല. ഷാജി ഇനിയില്ല എന്ന യാഥാർഥ്യം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല.
സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ച നാളുകളിലെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് ഷാജി പകർത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല; ഓരോ കഥയുടെയും ആത്മാവും ഓരോ കഥാപാത്രത്തിന്റെയും കരുത്തും വികാരങ്ങളും ആയിരുന്നു. ഒരു മികച്ച ഛായാഗ്രാഹകൻ എന്നതിലുപരി, സിനിമയെ അതിന്റെ പൂർണതയിൽ മനസ്സിലാക്കിയ, ഓരോ ഫ്രെയിമിലും സ്വന്തം കാഴ്ചപ്പാടും ആത്മാവും പകർന്നുനൽകിയ അപൂർവ പ്രതിഭയായിരുന്നു ഷാജി.
‘ഒറ്റക്കൊമ്പനെ’ക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഷാജിയുടെ അതിമനോഹരമായ വിഷ്വലൈസേഷനാണ്. ആ സിനിമയുടെ നട്ടെല്ലായി നിൽക്കുന്നത് ഷാജിയുടെ ദൃശ്യസങ്കൽപ്പങ്ങളും ഛായാഗ്രഹണ മികവുമാണ്. ഒരു കഥാപാത്രത്തിന്റെ കരുത്തും കഥയുടെ വലിപ്പവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ ഷാജിയുടെ ക്യാമറയ്ക്ക് കഴിയുമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഷാജിയുടെ അധ്വാനവും ആത്മാർഥതയും സ്വപ്നവുമുണ്ട്.
ഒരു കലാകാരൻ വിടപറയുമ്പോഴും അയാളുടെ കല മരിക്കുന്നില്ലെന്ന് ഷാജി പകർത്തിയ ഓരോ ഫ്രെയിമും വരുംതലമുറകളോട് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ഞങ്ങൾക്കിനി നഷ്ടമായത് ഒരു മികച്ച ഛായാഗ്രാഹകനെ മാത്രമല്ല; സിനിമയെ ഇത്രമേൽ സ്നേഹിച്ച, തന്റെ ജോലിയോട് അത്രമേൽ ആത്മാർത്ഥത പുലർത്തിയ ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനെയാണ്.
ഷാജീ… നിങ്ങളുടെ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, ഷാജി പകർത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും. ഷാജിയുടെ അകാല വിയോഗത്തിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട ഷാജിക്ക് ആദരാഞ്ജലികൾ.”