
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പഴയ തെറ്റിദ്ധാരണകൾ വീണ്ടും കുത്തിപ്പൊക്കി നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. മുൻപുണ്ടായ വിഷയം അന്നുതന്നെ സംസാരിച്ച് പൂർണ്ണമായും പരിഹരിച്ചതാണെന്നും തീർന്നുപോയ കാര്യം ഉയർത്തിക്കാട്ടി മഹാനടനെ വേട്ടയാടുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും നാടിന്റെയാകെ പൊതുസ്വത്താണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. പുരോഗമന യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയതിനെ വിവാദമാക്കുന്നത് സങ്കുചിത മനഃസ്ഥിതിയാണ്. ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം നൽകുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും, രാഷ്ട്രീയ എതിരാളികൾക്ക് അവസരമൊരുക്കാൻ ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും, തെറ്റായ പ്രചാരണങ്ങളിൽ പെട്ടവർ അതിൽനിന്ന് പിന്തിരിഞ്ഞ് അനാവശ്യ സൈബർ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.
പി. ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ – എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്.
ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.
കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം.